Connect with us

Articles

കുളമ്പ് രോഗവും മാംസാഹാര ചിന്തകളും

Published

|

Last Updated

ഭക്ഷണത്തിലെ ജനാധിപത്യത്തില്‍ തുടങ്ങിയ ചര്‍ച്ച കേരളത്തിലെ സാംസ്‌കാരിക രംഗത്ത് വലിയ കോളിളക്കങ്ങള്‍ക്ക് കാരണമായത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കാളനാകാമെങ്കില്‍ കാളയുമാകാമെന്ന ആശയം കേരളത്തിലെ പൊതുബോധത്തെ വല്ലാതെ പ്രകോപിപ്പിച്ചു. “ഔദ്യോഗിക ഭക്ഷണം” വെജിറ്റേറിയനായതിന്റെ ജനാധിപത്യവിരുദ്ധത ചോദ്യം ചെയ്യുന്നത് തന്നെ വലിയ പാതകമായാണ് പൊതുബോധം വിലയിരുത്തിയത്. ചര്‍ച്ച പിന്നെ ഓണ സദ്യയിലേക്കും ആഘോഷങ്ങളുടെ ജനാധിപത്യത്തിലേക്കുമൊക്കെ എത്തിത്തീര്‍ന്നു.
ദാര്‍ശനിക, സാംസ്‌കാരിക ചര്‍ച്ചയുടെ തലം വിട്ട് മാംസാഹാരം ഒരു പച്ചയായ പ്രശ്‌നമായ കാലമാണ് ഇത്. കുളമ്പ് രോഗ ഭീതിയാണ് ഇങ്ങനെയൊരു തലത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഡിസമ്പര്‍ 23 മുതല്‍ അടച്ചിട്ടിരുന്ന ഇറച്ചിക്കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും കാലികളിലെ കുളമ്പ് രോഗ ബാധ ഈ മേഖലയിലുളവാക്കിയ പ്രതിസന്ധി പൂര്‍ണമായും വിട്ടൊഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് പുറത്തു നിന്നുള്ള കാലികളുടെ ഇറക്കുമതിക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഭാഗികമായി പിന്‍വലിച്ചിരിക്കുന്നു. ഇപ്പോഴും ആവശ്യത്തിന് ഉരുക്കളെ ലഭിക്കാതെ കച്ചവടക്കാര്‍ പ്രയാസപ്പെടുന്നു. 70 ഡിഗ്രി സെല്‍ഷ്യസ് വരെയെങ്കിലും വേവിച്ചു കഴിച്ചാല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് വിദഗ്ധര്‍ പറയുന്നുണ്ടെങ്കിലും കുളമ്പ് രോഗം മാംസപ്രേമികളില്‍ സൃഷ്ടിച്ച ആശങ്ക വിട്ടുമാറാത്തതിനാല്‍ പല വീടുകളിലും സത്കാര മേശകളിലും പോത്തിറച്ചിയും മൂരിയിറച്ചിയും ഇപ്പോഴും അന്യമാണ്. മാംസത്തിന്റെ ലഭ്യത നിലച്ചതിനെ തുടര്‍ന്നു കോഴിയിറച്ചിക്കും മത്സ്യത്തിനുമുണ്ടായ വന്‍വിലക്കയറ്റം അതേപടി തുടരുകയും ചെയ്യുന്നു.
ബഹുഭൂരിഭാഗം കേരളീയരുടെയും ഇഷ്ടഭോജ്യമാണ് മാംസം. സാധാരണക്കാരും സമ്പന്നരും പുറമെ പുച്ഛം പ്രകടിപ്പിക്കുന്നവരും വ്യാപകമായി ഭക്ഷിക്കുന്നുണ്ട് മാംസാഹാരങ്ങള്‍. പക്ഷിപ്പനിയും കുളമ്പ് രോഗവും മറ്റും പടര്‍ന്നു പിടിക്കുമ്പോള്‍, “സസ്യാഹാരിയാകൂ, രോഗഭീതിയില്ലാതെ ജീവിക്കൂ” എന്ന സന്ദേശവുമായി സസ്യാഹാരവാദികള്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും മാംസാഹരത്തോടുള്ള ജനങ്ങളുടെ പ്രിയത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. മാംസാഹാരം ഇന്ത്യന്‍ ഭക്ഷണശൈലിയില്‍ പെട്ടതല്ലെന്നും വിദേശീയ സംസ്‌കാരമാണെന്നും പരിപൂര്‍ണ സസ്യാഹാരമാണ് ശരിയായ ഇന്ത്യക്കാരുടെ ഭക്ഷണശീലമെന്നും ചിലര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അവരും ഹോട്ടലില്‍ കയറിയാല്‍ “ബീഫ്” കറിക്കും “ചില്ലി”ക്കുമാണ് ഓര്‍ഡര്‍ ചെയ്യുന്നത്. മൂരിയിറച്ചിയെന്ന് കേള്‍ക്കുമ്പോള്‍ മനം പിരട്ടുന്നവര്‍ക്കും ബീഫ് എന്ന് പറയുമ്പോള്‍ അത്ര അലര്‍ജി തോന്നാറില്ല.
അല്ലെങ്കിലും ലോകത്തിന്റെ ഏതു ഭാഗത്തും മനുഷ്യന്‍ ആദ്യകാലം തൊട്ടേ മാംസവും സസ്യഫലങ്ങളുമടങ്ങുന്ന സമ്മിശ്രഭോജന രീതിയായ ജീവിതമാണ് നയിച്ചിരുന്നത്. പല്ലുകളുടെയും ആമാശയത്തിന്റെയും ഘടനയും ദഹനരസങ്ങളുടെ പ്രത്യേകതകളും വെച്ചു നോക്കുമ്പോള്‍ മനുഷ്യന്‍ ഒരു പരിപൂര്‍ണ മാംസഭുക്കോ പരിപൂര്‍ണ സസ്യഭുക്കോ ആകാന്‍ തരമില്ലെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. രണ്ട് തരം ആഹാരത്തെയും കൈകാര്യം ചെയ്യാന്‍ പറ്റിയ ജൈവഘടനയാണ് മനുഷ്യ ശരീരത്തിനുള്ളത്. മിതമായ അളവിലും ശരിയായ പാചകത്തിലൂടെയും ഉപയോഗിച്ചാല്‍ മാംസാഹാരം പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നതായി ആധുനിക ശാസ്ത്രം കണ്ടെത്തിയിട്ടുമില്ല.
പിന്നെന്തുകൊണ്ട് മാംസാഹാരം ഹിതകരമല്ലെന്നൊരു വിശ്വാസം ഇന്ത്യയില്‍ ഉടലെടുത്തു? ഡോ: ബി ആര്‍ അംബേദ്കര്‍ അതിനെ നിരീക്ഷിക്കുന്നതിങ്ങനെയാണ്. “”ബുദ്ധ ഭിക്ഷുക്കള്‍ മാംസം ഭക്ഷിച്ചിരുന്ന സ്ഥിതിക്ക് ബ്രാഹ്മണര്‍ അതുപേക്ഷിക്കേണ്ട കാരണമില്ലായിരുന്നു. എന്നിട്ടും അവര്‍ മാംസഭക്ഷണം ഉപേക്ഷിക്കുകയും സസ്യഭുക്കുകളായിത്തീരുകയും ചെയ്തത് എന്തുകൊണ്ട്? ബഹുജന ദൃഷ്ടിയില്‍ തങ്ങള്‍ ബുദ്ധഭിക്ഷുക്കളുടെ അതേ നിലവാരത്തില്‍ നിന്നാല്‍ മാത്രം പോരെന്നവര്‍ വിചാരിച്ചതാണ് കാരണം. യാജ്ഞികാവശ്യങ്ങള്‍ക്കായി പശുവിനെ കൊല്ലുന്നതിനോടുള്ള എതിര്‍പ്പിലൂടെ ബുദ്ധഭിക്ഷുക്കള്‍ ജന ഹൃദയങ്ങളില്‍ നേടിയെടുത്തിരുന്ന അന്തസ്സില്‍ നിന്നും ബഹുമാന്യതയില്‍ നിന്നും അവരെ ഭ്രഷ്ടരാക്കണമെന്ന് ബ്രാഹ്മണര്‍ ആഗ്രഹിച്ചു. ഇതിനായി വീണ്ടുവിചാരമില്ലാത്ത ഒരു സാഹസികന്റെ സാധാരണ അടവുകള്‍ അവര്‍ സ്വീകരിക്കേണ്ടതുണ്ടായിരുന്നു. തീവ്രവാദത്തെ തീവ്രവാദം കൊണ്ട് പരാജയപ്പെടുത്തുകയെന്ന തന്ത്രമാണിത്. ഇടതുപക്ഷങ്ങളെ പരാജയപ്പെടുത്താന്‍ എല്ലാ വലതുപക്ഷങ്ങളും ഇതുപയോഗിക്കാറുണ്ട്. ബുദ്ധഭിക്ഷുക്കളെ പരാജയപ്പെടുത്താനുള്ള ഏക മാര്‍ഗം അവരേക്കാള്‍ ഒരു പടികൂടി മുന്നോട്ട് പോയി സസ്യഭുക്കുകളായിത്തീരുകയെന്നതായിരുന്നു.””
1966ല്‍ ഡോ. റൊമീളാ ഥാപ്പര്‍ മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കു വേണ്ടി എഴുതിയ പാഠ പുസ്തകത്തില്‍ ബ്രാഹ്മണര്‍ ഗോമാംസം കഴിച്ചിരുന്ന കാര്യം സൂചിപ്പിക്കുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ തന്റെ വാദം സമര്‍ഥിക്കുന്നതിന് റൊമീള ഥാപ്പര്‍ നിരവധി തെളിവുകള്‍ നിരത്തി. “ബ്രാഹ്മണര്‍ ഗോമാംസം ഭക്ഷിച്ചിരുന്നതിന് തെളിവുണ്ടെങ്കിലും അത് നാം കുട്ടികളെ പഠിപ്പിച്ചുകൂടെന്നായിരുന്നു അന്നേരം വിമര്‍ശകരുടെ പ്രതികരണം. “ഇലക്കറികള്‍ മാത്രം ഭക്ഷിക്കുന്നത് രോഗം വര്‍ധിപ്പിക്കും. പാല്‍ കുടിക്കുന്നത് ശരീര പുഷ്ടി വര്‍ധിപ്പിക്കും. മാംസം കഴിക്കുന്നത് മേദസ്സ് വര്‍ധിപ്പിക്കും. അതിനാല്‍ എല്ലാം തുല്യ അളവില്‍ കഴിക്കുന്നതാണ് ആരോഗ്യത്തിനു ഉത്തമമെന്നായിരുന്നു ചാണക്യന്റെ നിലപാട്.
കാലികള്‍ക്ക് രോഗം ബാധിക്കുമ്പോഴോ മറ്റു പ്രത്യേക സാഹചര്യങ്ങളിലോ മാംസാഹാരം ലഭ്യമല്ലാത്ത അവസ്ഥ ഒഴിവാക്കാന്‍ കൃത്രിമ ഇറച്ചി തയ്യാറാക്കിക്കൊണ്ടിരിക്കയാണ് നെതര്‍ലാന്റ്‌സ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. വില അല്‍പ്പം കൂടുമെങ്കലും മൃഗങ്ങളുടെ ശരീരത്തില്‍ നിന്നെടുക്കുന്ന മാംസത്തിന്റെ “എല്ലാ ഗുണങ്ങളും” അടങ്ങുന്നതെന്ന് ഗവേഷകര്‍ അവകാശപ്പെടുന്ന ഈ കൃത്രിമ മാംസം താമസിയാതെ വിപണിയിലെത്തുന്നതാണ്.
ഇപ്പോള്‍ കേരളത്തിലെ മാംസ വിപണിയിലുളവായ പ്രതിസന്ധിക്ക് കാരണം കുളമ്പ് രോഗം മാത്രമല്ല, അത് കൈകാര്യം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളിലെ തത്വദീക്ഷയില്ലായ്മ കൂടിയാണ്. തമിഴ്‌നാട്ടില്‍ കുളമ്പ് രോഗബാധ എന്ന് കേട്ടപ്പേഴേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കാലികളെ കൊണ്ടുവരുന്നത് സര്‍ക്കാര്‍ പൂര്‍ണമായും നിരോധിച്ചു. ചെക്ക്‌പോസ്റ്റുകളില്‍ രോഗബാധിതമല്ലാത്ത കാലികളെ ആരോഗ്യ പരിശോധനക്ക് വിധേയമാക്കി കടത്തി വിടാന്‍ അനുമതി നല്‍കിയിരുന്നെങ്കില്‍ ഇറച്ചി വിപണി സ്തംഭിക്കില്ലായിരുന്നു. മാംസവിപണിയിലെ സ്തംഭനം കേരളീയന്റെ ഭക്ഷണ മേശകളെ മാത്രമല്ല, ഇറച്ചി വിപണിയില്‍ നിന്നുള്ള സംസ്ഥാനത്തിന്റെ നികുതി വരുമാനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഇത്രയൊക്കെ മുന്‍കരുതല്‍ നടത്തിയിട്ടും ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് കേരളത്തില്‍ രോഗബാധിതമായ കാലികളുടെതടക്കം ഭക്ഷ്യയോഗ്യമല്ലാത്ത മാംസങ്ങള്‍ വില്‍പ്പനക്കെത്തുകയുമുണ്ടായി. ക്രിസ്മസിന് അസുഖം ബാധിച്ച കാലികളുടെ ഇറച്ചി വന്‍ തോതില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും ആരോഗ്യവകുപ്പിന്റെ പരിശോധന നാമമാത്രമായി ചുരുങ്ങി. ഇറച്ചി മേഖലയില്‍ ഇന്നത്തെ പോലെ പ്രതിസന്ധികളില്ലാത്ത കാലത്തും രോഗബാധയുള്ളതും ചത്തതുമായ മാടുകളുടെ മാംസം സംസ്ഥാനത്തെ അറവുശാലകളില്‍ വില്‍പ്പനക്കെത്താറുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് ചത്ത മാടുകളെ കയറ്റി ചങ്ങനാശ്ശേരിയിലേക്ക് പോകുകയായിരുന്ന മൂന്ന് ലോറികള്‍ പെരുവന്താനത്തും ചത്ത കോഴികളെ കൊണ്ടുവന്ന ലോറി കുമളി ചെക്ക്‌പോസ്റ്റിലും പോലീസ് പിടികൂടിയിരുന്നു. ഇവയെ വെട്ടിനുറുക്കിയ ശേഷം പെട്ടികളില്‍ അടക്കം ചെയ്തു അനധികൃത മാര്‍ഗങ്ങളിലൂടെ കേരളലെത്തിക്കുന്ന മാഫിയാ സംഘങ്ങള്‍ തമിഴ്‌നാട്, കേരള അതിര്‍ത്തികളില്‍ പ്രവര്‍ത്തിക്കന്നുണ്ട്. ഗ്രാമ പ്രദേശങ്ങളില്‍ മാടുകളുടെ അറവും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും ജനങ്ങളുടെ ശ്രദ്ധയില്‍ പെടുന്നതിനാല്‍, അനധികൃത മാംസങ്ങള്‍ നഗരങ്ങളിലെ അറവുശാലകളിലാണ് കൂടുതലും എത്തുന്നത്. ഇത്തരം മാഫിയകളും പോലീസും തമ്മില്‍ രഹസ്യ ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്. പെരുവന്താനത്ത് പിടികൂടിയ മുന്ന് ലോറികളെയും വെറുതെ വിട്ടയക്കുകയും അതിലെ ജീവനക്കാര്‍ക്കെതിരെ കേസെടുക്കാന്‍ വിസമ്മതിക്കുകയും ചെയ്ത പോലീസ് നിലപാട് ഈ ആരോപണത്തെ ബലപ്പെടുത്തുന്നുണ്ട്.
വില കുറച്ചു ലഭിക്കുമെന്നതിനാല്‍ ഇത്തരം മാംസങ്ങള്‍ തീറ്റിച്ചു ഉപഭോക്താവിനെ വഞ്ചിക്കുന്ന ഹോട്ടലുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു. ഹോട്ടലുകളില്‍ പ്രത്യേകിച്ചും നഗരങ്ങളിലെ ഭക്ഷണ ശാലകളില്‍ കയറി മാംസാഹാരത്തിന് ഓര്‍ഡര്‍ ചെയ്യുന്നത് വളരെ ശ്രദ്ധയോടെ വേണമെന്നാണ് ഇത് മലായാളിയെ തെര്യപ്പെടുത്തുന്നത്.