കല്‍ക്കരിപ്പാടം ഇടപാടുകള്‍ റദ്ദാക്കണം

Posted on: January 11, 2014 6:00 am | Last updated: January 10, 2014 at 9:17 pm

കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ തെറ്റ് പറ്റിയതായി സുപ്രീം കോടതി മുമ്പാകെ കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ സമ്മതിച്ചിരിക്കുന്നു. ഒഴിവാക്കാമായിരുന്ന സാങ്കേതിക പിഴവുകളാണ് സംഭവച്ചതെന്നും സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചു കുറേക്കൂടി നല്ല രീതിയിലായിരുന്നു ഇവ അനുവദിക്കേണ്ടിയിരുന്നതെന്നും അറ്റോണി ജനറല്‍ ഗുലാം ഇ വഹന്‍വതിയാണ് സര്‍ക്കാറിനു വേണ്ടി കുമ്പസാരം നടത്തിയത്. സുതാര്യവും കുറ്റമറ്റതുമായിരുന്നു കല്‍ക്കിരിപ്പാടം ഇടപാടിലെ നടപടികളത്രയുമെന്ന സര്‍ക്കാറിന്റെ ഇതുവരെയുള്ള അവകാശവാദം വഞ്ചനയായിരുന്നുവെന്ന് ഇതോടെ ബോധ്യമായിരിക്കയാണ്.
ടാറ്റ, ബിര്‍ള, ജിന്‍ഡാല്‍ ,ടിസ്‌കോ, എ സ്റ്റാര്‍, ജിഎം ആര്‍, ആര്‍സല്‍ മിത്തല്‍, ജെ കെ സിമന്റ് തുടങ്ങിയ വന്‍കിട സ്വകാര്യ കുത്തകകളടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ ലേലം ചെയ്യാതെ നിസ്സാര തുക പ്രതിഫലം നിശ്ചയിച്ചു പതിച്ചുനല്‍കിയതു മൂലം 1.86 ലക്ഷം കോടി രൂപ പൊതുഖജാനാവിന് നഷ്ടമുണ്ടാക്കിയെന്നതാണ് കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ടു ഉയര്‍ന്ന ആരോപണം. 2012 മാര്‍ച്ച് 22ന് തയ്യാറാക്കിയ സി എ ജി റിപ്പോര്‍ട്ടിലൂടെയാണ് ഇത് പുറത്തു വന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന് കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതലയുള്ള കാലത്താണ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി കല്‍ക്കരിപ്പാടങ്ങള്‍ ഖനനത്തിനായി നല്‍കിയത്. 1973ല്‍ ഇന്ദിരാ ഗാന്ധി ദേശസാല്‍ക്കരിച്ച കല്‍ക്കരി ഖനന മേഖല മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ സ്വകാര്യ മേഖലക്ക് കൈമാറുകയായിരുന്നു. നിയമ വകുപ്പിന്റെയും കല്‍ക്കരി വകുപ്പ് സെക്രട്ടറിയുടെയും നിര്‍ദേശങ്ങള്‍ മറികടന്നാണ് പാടങ്ങള്‍ അനുവദിച്ചതെന്നും സി എ ജി റിപ്പോര്‍ട്ടിലുണ്ട്. കമ്പോളത്തില്‍ ടണ്ണിന് 2000 രൂപ വിലയുള്ള കല്‍ക്കരി കുഴിച്ചെടുക്കുമ്പോള്‍ ടണ്ണൊന്നിന് 50 രൂപ മാത്രമാണ് സര്‍ക്കാരിന് ലഭിക്കുന്നത്. ഒരു ടണ്‍ കല്‍ക്കരി കുഴിച്ചെടുക്കാന്‍ കമ്പനിക്ക് ചെലവാകുന്ന തുക 850 രൂപയാണെന്ന് കണക്കാക്കുന്നു. കമ്പനികള്‍ക്ക് ഉയര്‍ന്ന തോതില്‍ ലാഭം കണക്കാക്കിയാല്‍ പോലും ടണ്ണൊന്നിന് 500 രൂപ സര്‍ക്കാറിന് നഷ്ടം വരുമെന്നാണ് വിലയിരുത്തല്‍.
ലേലം നടക്കാത്തതില്‍ കല്‍ക്കരി മന്ത്രാലയത്തിനോ പ്രധാനമന്ത്രിക്കോ ഉത്തരവാദിത്വമില്ലെന്നും രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളുടെ എതിര്‍പ്പ് മൂലമാണ് ലേലം സാധ്യമാകാതിരുന്നതെന്നുമായിരുന്നു നേരത്തെ മന്ത്രാലയം വിശദീകരണം നല്‍കിയിരുന്നത്. ലേലനടപടികള്‍ ഇടപാടുകളിലെ കാലതാമസത്തിനിട വരുത്തുമെന്ന ന്യായവും ഉന്നയിച്ചു. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം കേന്ദ്രത്തിനാണെന്നും തങ്ങള്‍ക്കതില്‍ പരിമിതമായ പങ്കേ ഉണ്ടായിരുന്നുള്ളൂവെന്നും പ്രസ്തുത സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയതോടെ കേന്ദ്രത്തിന്റെ വാദം പൊളിഞ്ഞു.
പിന്നിട് സി ബി ഐ റിപ്പോര്‍ട്ടില്‍ വരുത്തിയ തിരുത്തലുകളും ഫയലുകള്‍ അപ്രത്യക്ഷമാകലും പ്രശ്‌നത്തില്‍ സര്‍ക്കാറിന്റെ വക്രമുഖം കൂടുതല്‍ അനാവൃതമാകാന്‍ ഇടയാക്കി. കേന്ദ്ര നിയമ മന്ത്രിയായിരുന്ന അശ്വിനി കുമാറിന്റെ ആവശ്യപ്രകാരം റിപ്പോര്‍ട്ട് മന്ത്രാലയത്തിന് കൈമാറിയ സന്ദര്‍ഭത്തില്‍ അവിടെ വെച്ചു ചില മാറ്റങ്ങള്‍ വരുത്തിയ കാര്യം സി ബി ഐ തന്നെയാണ് കോടതിയെ അറിയിച്ചത്. കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട ഫയലുകള്‍ കേസന്വേഷിക്കുന്ന സി ബി ഐക്ക് കൈമാറാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടപ്പോഴാണ് നിര്‍ണായകമായ ഒട്ടേറെ ഫയലുകള്‍ കാണാനില്ലെന്ന് സര്‍ക്കാര്‍ പറയുന്നത്. കാണാതായെന്ന് പറയുന്നവയില്‍ പലതും കല്‍ക്കരി ഇടപാടില്‍ കോര്‍പ്പറേറ്റുകളുടെ പങ്ക് വെളിപ്പെടുത്തുന്ന സുപ്രധാന ഇനങ്ങളുമായിരുന്നു. ഇവ മുങ്ങിയതല്ല, മുക്കിയതാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
സുതാര്യമായ ഇടപാടില്‍ ഇത്തരം ഒളിച്ചുകളികളും തിരിമറികളും ആവശ്യമില്ല. അരുതാത്തതെന്തോ ഇതുമായി ബന്ധപ്പെട്ടു നടന്നിട്ടുണ്ടെന്ന് സര്‍ക്കാറിന്റെ നിലപാടുകളില്‍ നിന്ന് ജനം മനസ്സിലാക്കിയിട്ടുണ്ട്. യു പി എ സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാറാകുകയും പ്രധാനമന്ത്രി പദത്തില്‍ തനിക്കിനിയും ഒരവസരമുണ്ടാകില്ലെന്ന് മന്‍മോഹന് ബോധ്യപ്പടുകയും ചെയ്ത സാഹചര്യത്തിലെങ്കിലും കുറ്റസമ്മതത്തിന് തയാറായല്ലോ എന്ന് സമാധാനിക്കുക. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച നടപടി അനധികൃതമാണെന്ന് സമ്മതിച്ചിരിക്കെ, അത് റദ്ദ് ചെയ്തുകൊണ്ടാണ് ഇനി അതിന് പ്രായശ്ചിത്തം ചെയ്യേണ്ടത്. പാടങ്ങള്‍ അനുവദിച്ചത് രേഖാമൂലം അറിയിച്ചതല്ലാതെ ആര്‍ക്കും കൈമാറിയിട്ടില്ലെന്ന് കഴിഞ്ഞ സെപ്തംബറില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തില്‍ വിഷയത്തില്‍ മറ്റു സാങ്കേതിക പ്രശ്‌നങ്ങള്‍ക്ക് സാധ്യത കുറവുമാണ്. ഇടപാടുകള്‍ റദ്ദാക്കിക്കൂടേയെന്ന് വ്യാഴാഴ്ചത്തെ സിറ്റിംഗില്‍ കോടതി സര്‍ക്കാറിനോടാരാഞ്ഞിട്ടുമുണ്ട്. അനുകൂലമായ പ്രതികരണമാണ് ജനം പ്രതീക്ഷിക്കുന്നത്.