Connect with us

National

ദേവയാനി ഖൊബ്രഗഡെ ഇന്ത്യയില്‍ തിരിച്ചെത്തി

Published

|

Last Updated

വാഷിംഗ്ടണ്‍: വിസാചട്ടലംഘനത്തിന് അമേരിക്ക കുറ്റം ചുമത്തിയ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തി. ദേവയാനിയെ ഡല്‍ഹിയിലെ വിദേശകാര്യമന്ത്രാലയത്തിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അവര്‍ ഇന്ത്യയിലേക്ക് മടങ്ങിയത്. അതേസമയം ഖൊബ്രഗഡെ വിഷയത്തില്‍ ശക്തമായ നിലപാട് തുടരുന്ന ഇന്ത്യ, ഇന്ത്യയിലെ ഒരു അമേരിക്കന്‍ നയതന്ത്രജ്ഞനെ പിന്‍വലിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടു. ദേവയാനിക്ക് തുല്യപദവിയുള്ള നയതന്ത്ര പ്രതിനിധിയെ പിന്‍വലിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. വീട്ടുജോലിക്കാരിയുടെ വിസ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനാണ് ദേവയാനിക്കെതിരെ ന്യൂയോര്‍ക്ക് കോടതി കുറ്റം ചുമത്തിയിരിക്കുന്നത്. കുറ്റം ചുമത്തിയതിന് പുറമെ ഇവരോട് രാജ്യം വിട്ടു പോകാനും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. കേസിലെ വാദം കേള്‍ക്കല്‍ ജനുവരി 13ല്‍ നിന്നും നീട്ടണമെന്ന ദേവയാനിയുടെ അപേക്ഷയും കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് കോടതി തള്ളിയിരുന്നു. ദേവയാനിയുടെ നയതന്ത്ര പരിരക്ഷ എടുത്തുകളയാന്‍ അമേരിക്ക ഇന്ത്യയോടാവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യ ഇത് നിഷേധിച്ചു. ഇതോടെ ദേവയാനിയോട് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടത്. എന്നാല്‍ ദേവയാനിക്കെതിരായ കുറ്റാരോപണങ്ങള്‍ നിലനില്‍ക്കുമെന്നും നയതന്ത്ര പരിരക്ഷ ഇല്ലാതെ അമേരിക്കയില്‍ തിരിച്ചെത്തിയാല്‍ വിചാരണ നേരിടേണ്ടി വരുമെന്നും ജില്ലാ ജഡ്ജി ഷിര സ്‌കീന്‍ഡ്‌ലിന് അയച്ച കത്തില്‍ ഇന്ത്യന്‍ വംശജനായ യുഎസ് അറ്റോര്‍ണി പ്രീത് ബരാര വ്യക്തമാക്കി.