ബിഗ് ഷെഫ് നൗഷാദിന്റെ കൈപുണ്യം ഇനി ദുബൈയിലും

Posted on: January 10, 2014 9:35 pm | Last updated: January 10, 2014 at 9:35 pm

ദുബൈ: പാചക കലയില്‍ അഞ്ചു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള പ്രശസ്ത പാചക വിദഗ്ധന്‍ ബിഗ് ഷെഫ് നൗഷാദിന്റെ കൈപുണ്യം ഇനി ദുബൈയിലും ലഭ്യമാവും. അല്‍ നഹ്ദയില്‍ എന്‍ എം സി ഹോസ്പിറ്റലിന് എതിര്‍വശത്തായി നൗഷാദിന്റെ നേതൃത്വത്തില്‍ ഇന്നലെ ആരംഭിച്ച സോന റസ്‌റ്റൊറന്റിലൂടെയാണ് നഗരവാസികള്‍ക്ക് ഈ പാചക വിദഗ്ധന്റെ രുചിക്കൂട്ടുകള്‍ ആസ്വദിക്കാന്‍ അവസരം ലഭിക്കുക.
നൗഷാദും ബിസിനസ് പങ്കാളി പി സത്താറും ഇന്നലെ ഇതുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തിരുന്നു. 2011ല്‍ എറണാകുളം കടവന്ത്രയിലാണ് നൗഷാദ്-സത്താര്‍ കൂട്ടുകെട്ടിന്റെ ആദ്യ സംരംഭമായ സോനാ റസ്‌റ്റോറന്റ് ആരംഭിച്ചത്. പ്രവര്‍ത്തനം ഗള്‍ഫ് മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ആദ്യ പടിയാണ് നവരാസ് ഹോട്ടല്‍ അപാര്‍ട്ടമെന്റിലെ റസ്റ്റോറന്റെന്ന് നൗഷാദ് വ്യക്തമാക്കി.
ബാംഗ്ലൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലും റസ്‌റ്റോറന്റുകളുടെ പ്രവര്‍ത്തനം നടന്നുവരികയാണ്. അധികം വൈകാതെ കൂടുതല്‍ റസ്റ്റോറന്റുകള്‍ യു എ ഇയിലും മറ്റ് ജി സി സി രാജ്യങ്ങളിലും ആരംഭിക്കും. കൃത്രിമചേരുവകളും ആരോഗ്യത്തിന് ഹാനികരമായ മറ്റ് ഘടകങ്ങളും ഒഴിവാക്കി തികച്ചും പ്രകൃതി സൗഹൃദമായ രീതിയിലാണ് ഭക്ഷ്യവസ്തുക്കള്‍ പാകം ചെയ്യുകയെന്നും ഇരുവരും പറഞ്ഞു.