Connect with us

Gulf

ഒറിജിനലിനെ വെല്ലുന്ന വ്യാജ ഉത്പന്നങ്ങള്‍ വിപണിയില്‍

Published

|

Last Updated

ഷാര്‍ജ: വന്‍കിട കമ്പനികളുടെ വ്യാജ ഉത്പന്നങ്ങള്‍ വിപണി കൈയടക്കുന്നു. ഇത് മൂലം യഥാര്‍ഥ ഉത്പന്നം തിരിച്ചറിയാവനാതെ ഉപഭോക്താക്കള്‍ വഞ്ചിതരാകുന്നു. സുഗന്ധദ്രവ്യങ്ങള്‍, സോപ്പ്, ഷാമ്പു, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, വേദന സംഹാരികള്‍ എന്നിവയുടെ വ്യാജ ഉത്പന്നങ്ങളാണ് വ്യാപകമായി വിപണി കൈയടക്കിയിരിക്കുന്നത്.
റോള സിഗ്നലിനു സമീപം കെട്ടിടം പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വ്യാപാര സ്ഥാപനങ്ങള്‍ ഒഴിപ്പിച്ചിരുന്നു. ഈ സ്ഥലത്താണ് വ്യാജ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത്. സുഗന്ധദ്രവ്യങ്ങളായ ബ്ലൂ മാന്‍, ബ്ലൂ ഗേള്‍, റോയല്‍ മിറേജ് തുടങ്ങിയവയുടെയും വിവിധ തരം അത്തറുകളുടെയും വ്യാജന്മാരാണ് ഇവിടെയുള്ളത്. 12 എണ്ണം 15 ദിര്‍ഹമിന് ചൈന വിപണിയില്‍ ലഭിക്കുന്നവയാണ് ഒറിജിനല്‍ എന്ന പേരില്‍ ഇവിടെ വിറ്റഴിക്കുന്നത്.
ഹെഡ് ആന്‍ഡ് ഷോള്‍ഡേഴ്‌സ് തുടങ്ങിയ കമ്പനികളുടെ ഷാമ്പുവിന് വിപണി വിലയുടെ നാലിലൊന്നിനാണ് ഇവിടെ വില്‍ക്കുന്നത്. ഷോപ്പ് കാലിയാക്കി നല്‍കേണ്ടതിനാല്‍ ഉത്പന്നങ്ങള്‍ തുച്ഛമായ വിലക്ക് വിറ്റഴിക്കുകയാണെന്നാണ് വ്യാപാരികള്‍ ഉപഭോക്താക്കളോട് പറയുന്നത്. എല്ലാ വന്‍കിട കമ്പനികളുടെയും വ്യാജ ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്.
ഫെയര്‍ ആന്‍ഡ് ലൗലി, പാരച്യൂട്ട്, ടൂത്ത് പേസ്റ്റ് തുടങ്ങിയ ഉത്പന്നങ്ങളും ഒറിജിനല്‍ എന്ന ലേബലില്‍ വില്‍പ്പന നടത്തുന്നു. യാഡ്‌ലി, ഡോവ് തുങ്ങിയ സോപ്പുകളും പകുതി വിലക്ക് ഇവിടെ ലഭിക്കുന്നു. വിപണിയില്‍ ആറ് ദിര്‍ഹമുള്ള ഇവ അഞ്ച് ദിര്‍ഹമിന് രണ്ടെണ്ണമാണ് വില്‍പ്പന.
റോളയിലെ ചില വ്യാപാര സ്ഥാപനങ്ങളില്‍ ഒറിജിനലും വ്യാജനും ഇടകലര്‍ത്തി വില്‍പ്പന നടത്തുന്നതായും ആരോപണമുണ്ട്. വേദന സംഹാരികളുടെ വില്‍പ്പനയും മറിച്ചല്ല. ടൈഗര്‍ ബാം, ഒമേഗ, മൂവ്, ഡീപ് ഹീറ്റ് എന്നിവക്ക് രണ്ട് മുതല്‍ അഞ്ച് ദിര്‍ഹം വരെയാണ് വില. സൗന്ദര്യ വര്‍ധക വസ്തുക്കളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍, നിവ്യ, യാഡ്‌ലി തുടങ്ങിയ ക്രീമുകളും നാലില്‍ ഒന്ന് വിലക്ക് ഇവിടെ ലഭ്യമാണ്.
ഏതെടുത്താലും അഞ്ച് ദിര്‍ഹം മുതല്‍ 10 ദിര്‍ഹം വരെയാണ് വില. രാജ്യാന്തര കമ്പനികളുടെ ജ്യൂസ് മെഷീന്‍, ട്രിമ്മര്‍, ഇലക്ട്രോണിക് ഉപകരണങ്ങളും ഇവിടെ ലഭ്യമാണ്. നിര്‍മാണ രാജ്യത്തിന്റെ പേര് വെളിപ്പെടുത്താത്ത ഉത്പന്നങ്ങളാണ് വില്‍പ്പനക്കുള്ളതില്‍ അധികവും.
വ്യാജ ക്രീമുകളും സോപ്പുകളും ഉപയോഗിച്ചാലുള്ള ദൂരവ്യാപക പ്രത്യാഘാതം മനസിലാക്കാതെ പലരും ഉത്പന്നങ്ങള്‍ ചുളുവിലയിലാണ് വാങ്ങിക്കൂട്ടുന്നത്. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികളാണ് ഇരകളാക്കപ്പെടുന്നവരില്‍ അധികവും.
അതേസമയം വ്യാജ വസ്തുക്കള്‍ വ്യാപാരം നടത്തുന്നവര്‍ പുറത്തു നിന്നുള്ളവരാണെന്ന് സമീപവാസികളായ വ്യാപാരികള്‍ പറയുന്നു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി