പോര്‍ട്ടബിലിറ്റി സംവിധാനം ലാന്‍ഡ് ലൈനിലേക്കും

Posted on: January 10, 2014 9:31 pm | Last updated: January 10, 2014 at 9:31 pm

ദുബൈ: നമ്പര്‍ മാറാതെ സേവന ദാതാവിനെ മാറ്റാന്‍ സൗകര്യമൊരുക്കുന്ന പോര്‍ട്ടബിലിറ്റി സംവിധാനം അധികം വൈകാതെ ലാന്റ് ലൈന്‍ ഫോണ്‍ കണക്ഷനുകളിലും ലഭ്യമാക്കുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി(ട്രാ).

ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം ഒരു സംവിധാനം നടപ്പാക്കുന്നത്. ഡിസംബറില്‍ മൊബൈല്‍ കണക്ഷനുകളില്‍ ട്രാ പോര്‍ട്ടബിലിറ്റി സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഡിസംബര്‍ അവസാന വാരത്തില്‍ സംവിധാനം യാഥാര്‍ഥ്യമായതോടെ 5,000 ഉപഭോക്താക്കളാണ് ഇതിന്റെ പ്രയോജനം ഉപയോഗപ്പെടുത്തിയതെന്ന് ട്രാ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് നാസര്‍ അല്‍ ഗാനിം വ്യക്തമാക്കി.
പോര്‍ട്ടബിലിറ്റി സംവിധാനം നടപ്പാക്കിയതിന്റെ കൃത്യമായ ഫലം അറിയണമെങ്കില്‍ ഒരു വര്‍ഷം നാം കാത്തിരിക്കണം. ഇപ്പോള്‍ ഒരാഴ്ച പിന്നിട്ടിട്ടേയുള്ളു. ചുരുങ്ങിയത് ഒരു മാസം കഴിഞ്ഞാലെ ഇതിന്റെ പ്രാരംഭ ഫലം വ്യക്തമാവൂ. 2014ല്‍ ലാന്റ് ലൈനുകളില്‍ പോര്‍ട്ടബിലിറ്റി നടപ്പാക്കാനാണ് ട്രാ ലക്ഷ്യമിടുന്നത്. ഇതിനുള്ള സാധ്യതാ പഠനം നടന്നു കഴിഞ്ഞു. ലാന്റ് ലൈന്‍ പോര്‍ട്ടബിളിറ്റിക്ക് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.