ഷാര്‍ജയില്‍ ബീച്ചിലും ഉദ്യാനങ്ങളിലും ബാര്‍ബെക്യു നിരോധിച്ചു

Posted on: January 10, 2014 9:29 pm | Last updated: January 10, 2014 at 9:29 pm

ഷാര്‍ജ: ബീച്ചില്‍ ഷാര്‍ജ നഗരസഭ ബാര്‍ബെക്യു നിരോധിച്ചു. പരിസര മലിനീകരണം കണക്കിലെടുത്താണ് ബാര്‍ബെക്യുവും ഗ്രില്ലിംഗും നിരോധിക്കുന്നതെന്ന് നഗരസഭാ കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി നദ അല്‍ സുവൈദി വ്യക്തമാക്കി.

ഉദ്യാനങ്ങളിലും പച്ചപ്പുള്ള മൈതാനങ്ങളിലുമൊ ന്നും ബാര്‍ബെക്യു അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. ഉദ്യാനങ്ങളും ബീച്ചുകളും പൊതുജനങ്ങള്‍ക്ക് പ്രകൃതി ഭംഗി ആസ്വദിക്കാനും ശാന്തമായി സമയം ചെലവഴിക്കാനും ഉള്ളതാണ്. ബാര്‍ബെക്യു നിരോധനവുമായി ബന്ധപ്പെട്ട് മൂന്നു ദിവസത്തെ ബോധനത്ക്കരണ പരിപാടിക്ക് നഗരസഭ തുടക്കം കുറിച്ചിട്ടുണ്ട്. ബാര്‍ബെക്യു ഉപയോഗിച്ച് പൊതുസ്ഥലങ്ങളില്‍ മാംസം ഗ്രില്‍ ചെയ്ത് എടുക്കുന്നതിന്റെ ദൂഷ്യങ്ങളെക്കുറിച്ചാവും ബോധവത്കരണം.
ബാര്‍ബെക്യു ഉപയോഗിക്കുന്നവര്‍ ഗ്രില്‍ ചെയ്ത ശേഷം അവശിഷ്ടങ്ങള്‍ ബീച്ചിലും ഉദ്യാനങ്ങളിലും പുല്‍ മൈതാനങ്ങളിലും ഉപേക്ഷിച്ച് പോകുന്ന പ്രവണത കണ്ടുവരുന്നുണ്ട്. ചാരവും കരിക്കട്ടയുമാണ് മിക്കവരും ഉപേക്ഷിക്കുന്നത്. ഇത് പ്രകൃതിക്കും പൊതുജനാരോഗ്യത്തിനും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ബോധവത്ക്കരണം പൂര്‍ത്തിയായ ശേഷം നഗരസഭാ ഉദ്യോഗസ്ഥര്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കും. ലംഘനം കണ്ടെത്തിയാല്‍ ഭീമമായ സംഖ്യം പിഴ ചുമത്തും. ഇത്തരക്കാര്‍ക്കെതിരെ ആവശ്യമെങ്കില്‍ നിയമ നടപടിയും സ്വീകരിക്കും.
പൊതുവില്‍ ഉദ്യാനങ്ങളിലും ബീച്ചുകളിലുമാണ് ബാര്‍ബെക്യുവും മാംസം ചുടുന്നതും കൂടുതലായും കാണുന്നത്. ഇനി മുതല്‍ ഇത്തരം കാഴ്ച ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ ബാര്‍ബെക്യുവിനും ഗ്രില്ലിംഗിനുമെതിരെ ബോധവത്ക്കരണത്തിന്റെ ഭാഗമായി ലഘുലേഖകള്‍ വിതരണം ചെയ്യും.
പൊതുസ്ഥലത്തെ ബാര്‍ബെക്യുവിന്റെ ദുഷ്യങ്ങളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ പ്രകൃതിക്കുണ്ടാക്കുന്ന ആഘാതവും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവുമാണ് ലഘുലേഖകളില്‍ വിവരിക്കുക. നിയമം കര്‍ശനമായി പാലിച്ച് ജനങ്ങള്‍ നഗരസഭയോട് സഹകരിക്കണമെന്നും നദ അല്‍ സുവൈദി അഭ്യര്‍ഥിച്ചു.