കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: മലയോര ആദിവാസി കര്‍ഷകര്‍ ആശങ്കയില്‍

Posted on: January 10, 2014 12:59 pm | Last updated: January 10, 2014 at 12:59 pm

പാലക്കാട്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ധൃതിപിടിച്ച് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ നിലനില്‍പ്പു തന്നെ അപകടത്തിലാകുമെന്ന ആശങ്കയിലാണ് മലയോര ആദിവാസി കര്‍ഷകരെന്നും നിലനില്‍പ്പിനായുളള പോരാട്ടത്തില്‍ കര്‍ഷകരോടൊപ്പം നില്‍ക്കുകയാണ് അഖിലേന്ത്യാ കിസാന്‍സഭ എന്നും കിസാന്‍സഭ സംസ്ഥാന ജന. സെക്രട്ടറി സത്യന്‍മൊകേരി. കിസാന്‍സഭ പശ്ചിമഘട്ട കര്‍ഷകയാത്രക്ക് പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ പരിസ്ഥിതിക്ക് ഒരിക്കലും എതിരല്ല. പരിസ്ഥിതി സംതുലനവും പ്രകൃതി വിഭവങ്ങളും നിലനിര്‍ത്താന്‍ യത്‌നിക്കുന്ന സമൂഹമാണ്. എന്നാല്‍, പരിസ്ഥിതിയുടെ പേര് പറഞ്ഞ് കര്‍ഷകരെ വഴിയാധാരമാക്കാനും വന്‍കിട ക്വാറി-വനം മാഫിയയെ ഒഴിവാക്കാനുളള കുറുക്കുവഴികളാണ് ഇപ്പോള്‍ നടപ്പാക്കാന്‍ പോകുന്ന നിര്‍ദ്ദേശങ്ങളിലുളളത്. പരിസ്ഥിതി സംരക്ഷത്തിനുളള ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ഗ്രാമസഭകളിലുള്‍പ്പെടെ ചര്‍ച്ച ചെയ്ത് മനുഷ്യജീവിതം സുഗമമാക്കാനുളള സമവായം ഉണ്ടാക്കിയ ശേഷം അതനുസരിച്ചുളള റിപ്പോര്‍ട്ടാണ് നടപ്പിലാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ജോസ്‌ബേബി, യു സുരേഷ്ബാബു, അഡ്വ. ജെ വേണുഗോപാലന്‍ നായര്‍, തുളസീദാസ്, വി കെ മോഹനന്‍, പി ശിവദാസ് സംസാരിച്ചു.