വെടിക്കെട്ടുകള്‍ സുരക്ഷിതവും അപകടരഹിതവുമാകണം: കലക്ടര്‍

Posted on: January 10, 2014 12:57 pm | Last updated: January 10, 2014 at 12:59 pm

പാലക്കാട്: ജില്ലയില്‍ ഉത്സവാഘോഷ വേളയിലെ വെടിക്കെട്ടുകള്‍ സുരക്ഷിതമായും അപകട രഹിതമായും നടത്തി സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉത്സവകമ്മിറ്റി ഭാരവാഹികളുടെയും വെടിമരുന്ന് ലൈസന്‍സികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരവാദിത്വം ഉദ്യോഗസ്ഥരുടെ മേലില്‍ മാത്രം ഏല്‍പ്പിക്കാതെ സ്വയം ഏറ്റെടുത്ത് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഉത്സവത്തിന്റെ 45 ദിവസം മുമ്പേ വെടിക്കെട്ട് നടത്തുന്നതിനുളള അപേക്ഷ സമര്‍പ്പിക്കണം. ഇതോടൊപ്പം ജില്ലയിലെ ഉത്സവങ്ങളുടെ തീയതി സംബന്ധിച്ച ലിസ്റ്റ് തയ്യാറാക്കുമെന്നും കലക്ടര്‍ അറിയിച്ചു. നിബന്ധനകള്‍ക്കും അനുവദിച്ചിട്ടുളള സമയക്രമം പാലിച്ചുകൊണ്ടും വെടിക്കോപ്പുകള്‍ ഉപയോഗിക്കണം. റവന്യൂ, പോലീസ് ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച പരിശോധന ഉറപ്പാക്കും. പൊട്ടാസ്യം ക്ലോറേറ്റ് തുടങ്ങിയ നിരോധിക്കപ്പെട്ട വസ്തുക്കള്‍ ഉപയോഗിക്കരുത്. വെടിക്കെട്ട് നടത്തുന്ന സ്ഥലത്തിനും സ്റ്റോറേജ് ഷെഡിനും 100 മീറ്റര്‍ ചുറ്റളവില്‍ ബാരിക്കേഡ് നിര്‍മിക്കണം. വെടിക്കെട്ടിന് ശേഷം പൊട്ടാതെ കിടക്കുന്ന പടക്കങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം. വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് സ്ഥലമുടമകളുടെയും പരിസരവാസികളുടെയും സമ്മതപത്രം, ഇന്‍ഷൂറന്‍സ് പോളിസി എന്നിവ ഉറപ്പാക്കണം. ഒരേ സമയം കേവലം 15 കി ഗ്രാം വരെ പടക്കങ്ങള്‍ മാത്രമേ നിര്‍മിക്കാന്‍ അനുമതിയുളളൂ. വെടിക്കെട്ടിന് അനുമതി നല്‍കിയശേഷം ആവശ്യമെങ്കില്‍ ജില്ലാഭരണകൂടത്തിന് അത് തടയുന്നതിന് അധികാരമുണ്ടായിരിക്കും.
ഏതെങ്കിലും രീതിയിലുളള നിയമലംഘനം നടത്തി വെടിമരുന്ന് പ്രയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കഴിഞ്ഞ കാലങ്ങളില്‍ ജില്ലയിലുണ്ടായ അപകടങ്ങളെപ്പറ്റിയും യോഗത്തില്‍ പരാമര്‍ശിച്ചു. 2010 നവംബറില്‍ തിരുവാഴിയോട് വില്ലേജിലെ പടക്കനിര്‍മാണശാലയില്‍ നടന്ന സ്‌ഫോടനം, 2011 ഫെബ്രുവരിയില്‍ വാണിയംകുളം കക വില്ലേജിലെ അനധികൃത നിര്‍മ്മാണശാലയിലെ സ്‌ഫോടനം, 2011 നവംബറില്‍ കോങ്ങാട് ക വില്ലേജിലുണ്ടായ അപകടം, 2013 മാര്‍ച്ചില്‍ ചെര്‍പ്പുളശ്ശേരി വില്ലേജിലെ പന്നിയംകുറിശ്ശിയിലുണ്ടായ സ്‌ഫോടനം എന്നിവയില്‍ നിരവധി ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടു.
2011, 2013 വര്‍ഷങ്ങളില്‍ നെന്മാറ-വല്ലങ്ങി വേലയോടനുബന്ധിച്ച് നടന്ന വെടിക്കെട്ടില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. 2012 ല്‍ ചിനക്കത്തൂര്‍പൂരത്തിലും തരൂര്‍ പൂതക്കോട്ട് കാവില്‍ പൂരത്തിലും അപകടമുണ്ടായിരുന്നു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ എ ഡി എം. കെ ഗണേശന്‍, പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.