കിരീടമുറപ്പിച്ച് വേങ്ങരയും മലപ്പുറവും

Posted on: January 10, 2014 12:53 pm | Last updated: January 10, 2014 at 12:53 pm

വേങ്ങര: കൗമാര പ്രതിഭകളുടെ അഞ്ച് ദിനം നീണ്ട കലാമാമാങ്കത്തിന് വര്‍ണാഭമായ തിരശ്ശീല. അവസാന നിമിഷം വരെ വീറും വാശിയും നിറഞ്ഞ് നിന്ന് ഇരുപത്തിയാറാമത് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം വേങ്ങരയുടെ മണ്ണും മനവും കവര്‍ന്നു. ഇന്നലെ അര്‍ധരാത്രിക്ക് ശേഷവും വിവിധ വേദികളില്‍ ഒപ്പനയും സംഘ നൃത്തവും പൂര്‍ത്തിയായിരുന്നില്ല. രണ്ട് മത്സരങ്ങളുടെ ഫലം ശേഷിക്കെ ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ വേങ്ങര 305 പോയിന്റ് നേടി കിരീടം ഉറപ്പിച്ചു. തൊട്ടു പിന്നില്‍ മഞ്ചേരി 278 പോയിന്റും 266പോയിന്റുമായി മലപ്പുറം ഉപജില്ലകളുമുണ്ട്. ഹയര്‍സെക്കന്‍ഡറി ജനറല്‍ വിഭാഗത്തില്‍ ഒപ്പന മത്സരം ഫലം അറിയാനിരിക്കെ മലപ്പുറം 364 പോയിന്റുകള്‍ നേടിഒന്നാം സ്ഥാനത്തേക്ക് കുതിപ്പ് തുടരുകയാണ്. വേങ്ങര 346 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തും 334 പോയിന്റുകളുമായി നിലമ്പൂരും എടപ്പാള്‍ ഉപജില്ലയും മൂന്നാം സ്ഥാനത്തുമാണ്. യു പി വിഭാഗത്തില്‍ മലപ്പുറം 135 പോയിന്റും വേങ്ങര 133 പോയിന്റും എടപ്പാള്‍ 132 പോയിന്റും നേടി ഇഞ്ചോടിഞ്ച് മത്സരമാണ് അരങ്ങേറുന്നത്. യു പി വിഭാഗം അറബി കലോത്സവത്തില്‍ 61 പോയിന്റുമായി മങ്കട ഉപജില്ല ചാമ്പ്യന്‍മാരായി. 60 പോയിന്റുമായി നിലമ്പൂരും 59 പോയിന്റുമായി പരപ്പനങ്ങാടിയും യഥാക്രമം രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ വിഭാഗം അറബി കലോത്സവത്തില്‍ 88 പോയിന്റുമായി മലപ്പുറം കിരീടം ചൂടി. 86പോയിന്റുമായി കുററിപ്പുറം രണ്ടാം സ്ഥാനവും കൊണ്ടോട്ടിയും മേലാറ്റൂര്‍ മഞ്ചേരി ഉപജില്ലകള്‍ 85 പോയിന്റുകള്‍ വീതം മൂന്നാം സ്ഥാനം നേടി. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തില്‍ 89 പോയിന്റുകളുമായി പരപ്പനങ്ങാടി ഒന്നാം സ്ഥാനവും 87 പോയിന്റുമായി വേങ്ങര രണ്ടാമതും 84 പോയിന്റുമായി എടപ്പാളും മങ്കടയും മൂന്ന്ാം സ്ഥാനവും കരസ്ഥമാക്കി.