തടത്തില്‍പറമ്പ് സ്‌കൂള്‍ പുതിയ കെട്ടിടോദ്ഘാടനം ഇന്ന്

Posted on: January 10, 2014 12:50 pm | Last updated: January 10, 2014 at 12:50 pm

പുളിക്കല്‍: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ ഇല്ലായ്മകളുടെ ചരിത്രം മാറ്റിയെഴുതി അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ന്നു കൊണ്ടിരിക്കുമ്പോഴും പഞ്ചായത്ത് നിലവാരത്തിലേക്കെങ്കിലും ഉയര്‍ന്നുകാണണമെന്നാഗ്രഹിക്കുകയായിരുന്നു പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ ഒളവട്ടൂര്‍ തടത്തില്‍പറമ്പ് ഗവ. ഹയര്‍സെകറി സ്‌കൂള്‍. 1974-ല്‍ ആരംഭിച്ച് 2004-ല്‍ ഹയര്‍സെകറിയായി ഉയര്‍ത്തപ്പെട്ട ഈ വിദ്യാലയത്തില്‍ എട്ട് മുതല്‍ 12 ക്ലാസ്സുകളിലായി ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നു. പുതിയ പഠനരീതികള്‍ക്കനുസരിച്ച് പ്രവര്‍ത്തനം നടത്താനുള്ള ലാബുകള്‍, ലൈബ്രറി, റിഡിംഗ്‌റൂം, സ്മാര്‍ട്ട്‌റൂം, ലാംഗ്വേജ് റൂം തുടങ്ങിയവ ഇന്നും ഈ വിദ്യാലയത്തിന് സ്വപ്‌നം മാത്രമാണ്. ഇത്തരം ഇല്ലായ്മകള്‍ക്ക് തെല്ലൊരാശ്വാസം നല്‍കി കെ മുഹമ്മദുണ്ണിഹാജി എം എല്‍ എയുടെ ശ്രമഫലമായി മലപ്പുറം ജില്ലാപഞ്ചായത്തിന് വേണ്ടി പൊതുമരാമത്ത് ഒരു കോടിയോളം രൂപ ചെലവഴിച്ച് നിര്‍മിച്ച മൂന്ന് നില കെട്ടിടം ഇന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് നാടിന് സമര്‍പ്പിക്കും. ഹയര്‍സെകറിക്ക് വേണ്ടി പുതിയ വിശാലമായ ആറ് ക്ലാസ്സ്‌റൂമുകള്‍ തുറക്കപ്പെടുന്നതോടെ ഈ വിദ്യാലയത്തിന്റെ ഏറെക്കാലത്തെ നെടുവീര്‍പ്പില്‍ നിന്നും നിരിയ മോചനം ലഭിക്കുമെങ്കിലും ഇനിയുമാരെങ്കിലും കനിയുമോ എന്ന കാത്തിരിപ്പിലും തീവ്ര ശ്രമത്തിലുമാണ് സ്‌കൂള്‍ പി ടി എയും നാട്ടുകാരും.