മഞ്ചേരിയില്‍ വന്‍ ചൂതാട്ടസംഘം പിടിയില്‍

Posted on: January 10, 2014 12:49 pm | Last updated: January 10, 2014 at 12:49 pm

മഞ്ചേരി: റബ്ബര്‍ തോട്ടത്തില്‍ പണം വെച്ച് ചീട്ടുകളിക്കുന്നതിനിടയില്‍ ആറംഗ സംഘത്തെ മഞ്ചേരി എസ് ഐയും സംഘവും പിടികൂടി. ഇവരില്‍ നിന്നും 3,80,900 രൂപയും ആഡംബര കാറുകളും പിടിച്ചെടുത്തു.
ചങ്ങരംകുളം നമ്പിടിയാട്ടില്‍ സതീശന്‍ (43), പന്നിപ്പാറ വടശ്ശേരി ചാലുപറമ്പില്‍ അബ്ദുസ്സലാം (37), മങ്കട വെള്ളില കൂരിമണ്ണില്‍ ബഷീര്‍ (40), മണ്ണാര്‍ക്കാട് ആശുപത്രിപ്പടി സ്വദേശികളായ കുറുമ്പത്തൂര്‍ മുഹമ്മദലി (49), മാളിയേക്കല്‍ യൂസുഫ് (43), ഓട്ടുപാറ അലി (45) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകീട്ട് ആനക്കയം ചേപ്പൂര്‍ സിദ്ദീഖിയ സ്‌കൂളിനടുത്തുള്ള റബ്ബര്‍ തോട്ടത്തിലായിരുന്നു ചൂതാട്ടം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ് ഐമാരായ സി കെ നാസര്‍, പാലോളി ഉമ്മര്‍ കോയ, എ എസ് ഐ രമേശ്, സി പി ഒ മാരായ സഞ്ജീവ്, സലീം, നിസാര്‍ എന്നിവരാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. സമീപ കാലത്ത് മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും ചൂതാട്ടം വ്യാപകമായിട്ടുണ്ട്. ഈയിടെ നടന്ന 20 റെയ്ഡുകളില്‍ ലക്ഷക്കണക്കിന് രൂപയാണ് സര്‍ക്കാരിലേക്ക് മുതുല്‍കൂട്ടാനായത്.