ഫെഡറേഷന്‍ കപ്പ്: ടിക്കറ്റ് വില്‍പ്പന ഇന്ന് മുതല്‍

Posted on: January 10, 2014 12:49 pm | Last updated: January 10, 2014 at 12:49 pm

മഞ്ചേരി: ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വില്‍പ്പന ഇന്ന് തുടങ്ങും. കനറാ ബേങ്കിന്റെ 19 ശാഖകളിലൂടെയാണ് വിതരണം ചെയ്യുക.
ടിക്കറ്റ് വില്‍പ്പനയുടെ ഉദ്ഘാടനം ജൂനിയര്‍ ഫുട്‌ബോള്‍ താരം പി സുഹൈലിന് നല്‍കി ജില്ലാ കലക്ടര്‍ കെ ബിജു നിര്‍വഹിച്ചു. എം ഉമ്മര്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, എ ഡി എം. പി മുരളീധരന്‍, ജില്ലാ പൊലീസ് മേധാവി പി വിമലാദിത്യ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ ശ്രീകുമാര്‍, ഡി എഫ് എ പ്രസിഡന്റ് മുഹമ്മദ് സലീം, ലീഡ് ബേങ്ക് മാനേജര്‍ സത്യനാരായണന്‍ പങ്കെടുത്തു. മഞ്ചേരി ഒഴികെയുള്ള ബ്രാഞ്ചുകളില്‍ മത്സരത്തിന്റെ തലേന്ന് 10 മുതല്‍ വൈകീട്ട് നാല് വരെ ടിക്കറ്റ് ലഭിക്കും. മഞ്ചേരിയില്‍ മത്സര ദിവസം രാവിലെ 12 വരെയും ലഭിക്കും. ടിക്കറ്റ് ബാക്കിയുണ്ടെങ്കില്‍ ഗ്രൗണ്ടിലെ കൗണ്ടര്‍ വഴി ഉച്ചക്ക് രണ്ട് മുതല്‍ നാല് വരെയും ടിക്കറ്റ് നല്‍കും. അതത് ദിവസത്തെ ടിക്കറ്റ് മാത്രമേ ഗ്രൗണ്ടില്‍ നിന്നും ലഭിക്കൂ. ഗ്യാലറി 60, പവലിയന്‍ 100, കസേര 150, സീസണ്‍ 300 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ഗ്യാലറിയില്‍ 16000, പവലിയന്‍ 3500, കസേര 500 എന്നിങ്ങനെയാണ് സീറ്റ് കപ്പാസിറ്റി. ജില്ലയില്‍ 13, കോഴിക്കോട് ജില്ലയില്‍ നാല്, പാലക്കാടും കണ്ണൂരും ഒന്ന് വീതം കേന്ദ്രങ്ങളിലാണ് ടിക്കറ്റ് ലഭ്യമാക്കുന്നത്.
ജില്ലയില്‍ അരീക്കോട്, മലപ്പുറം, മഞ്ചേരി, തിരൂര്‍, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, തിരൂരങ്ങാടി, കോട്ടക്കല്‍, എടപ്പാള്‍, കൊണ്ടോട്ടി, വള്ളുവമ്പ്രം, വണ്ടൂര്‍ എന്നീ ശാഖകള്‍ക്ക് പുറമെ മഞ്ചേരി സിറ്റിപ്പോയിന്റ് കൗണ്ടറിലും ലഭ്യമാകും. കോഴിക്കോട് ചാലപ്പുറം, വെസ്റ്റ്ഹില്‍, ചെറൂട്ടി റോഡ്, മാവൂര്‍ റോഡ് ശാഖകളിലും കണ്ണൂരില്‍ മെയിന്‍ ബ്രാഞ്ചിലും പാലക്കാട് മണ്ണാര്‍ക്കാട് ബ്രാഞ്ചിലുമാണ് ടിക്കറ്റുകള്‍ ലഭിക്കുന്നത്.