മാവോവേട്ടക്ക് സര്‍ക്കാര്‍ ചെലവഴിച്ചത് 25 കോടി രൂപ

Posted on: January 10, 2014 7:57 am | Last updated: January 10, 2014 at 9:01 am

maoistsമലപ്പുറം: മാവോവാദികളെ തുരത്താന്‍ ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 25 കോടി രൂപ. എന്നാല്‍ ഇത്രയേറെ പണം ചെലവഴിച്ചിട്ടും മാവോയിസ്റ്റ് വേട്ടയില്‍ സുപ്രധാനമായ എന്തെങ്കിലും നേട്ടം ഇതുവരെ ലഭിച്ചിട്ടില്ല.

മാവോയിസ്റ്റുകളെ പിടിക്കുന്നതുപോയിട്ട് സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ എവിടെയെല്ലാം ഉണ്ട് എന്ന വിവരം പോലും പോലീസിന് ലഭ്യമായിട്ടില്ല. മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് മാവോയിസ്റ്റ സാന്നിദ്ധ്യം ഉണ്ടെന്ന് നിലവില്‍ പോലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ പലപ്പോഴും അധികവും നാട്ടുകാരും ആദിവാസികളും പറയുന്നത് മാത്രമാണ് ആശ്രയം.

മാവോയിസ്റ്റ് വേട്ടക്കുള്ള തണ്ടര്‍ബോള്‍ട്ട് സേനയെ ഒരുക്കാനാണ് ഏഴ് കോടിയോളം രൂപ ചെലവഴിച്ചത്. നാലു കോടിയോളം സേനക്കുള്ള വാഹനങ്ങള്‍ വാങ്ങാന്‍ ചെലവഴിച്ചിട്ടുണ്ട്. സേനക്ക് സര്‍ക്കാര്‍ അനുവദിച്ച തുക നിലമ്പൂരും വയനാട്ടിലുമാണ് കാര്യമായി ചെലവഴിച്ചത്.

എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഇതനായി രൂപീകരിച്ചിട്ടുള്ള സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എസ് ടി എഫ്) പ്രവര്‍ത്തനം മാവോവാദികളെ പ്രതിരോധത്തിലാക്കുന്നുണ്ട്.