Connect with us

Kozhikode

എയര്‍പോര്‍ട്ട് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; എയര്‍ഹോസ്റ്റസ് അടക്കം അഞ്ചംഗ സംഘം അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: എയര്‍പോര്‍ട്ടുകളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമിച്ച അഞ്ചംഗ സംഘം അറസ്റ്റില്‍. മുംബൈ, ഡല്‍ഹി എയര്‍പോര്‍ട്ടുകളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമിച്ചെന്ന കേസിലാണ് എയര്‍ഹോസ്റ്റസ് അടക്കം അഞ്ച് പേരെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം മണവാളന്‍ വീട്ടില്‍ ഫ്രേഡ് പോള്‍ (24), തിരുവമ്പാടി അമ്പലമണ്ണ തെക്കേകര അനൂപ് ജോസഫ് (30), കൊല്ലം ശാസ്താംകുളം അര്‍ച്ചനയില്‍ അനൂപ് (23), കാരപ്പറമ്പ് കൈലാസത്തില്‍ സുരേഷ്‌കുമാര്‍ (42), കര്‍ണാടക സ്വദേശിനി അശോകില്ലത്തില്‍ കലൈവാണി (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എയര്‍പോര്‍ട്ടിലെ വിവിധ തസ്തികകളിലേക്ക് സ്റ്റാഫിനെ നിയോഗിക്കാനാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇതിനായി ഏതാനും പേരെ ഇന്റര്‍വ്യൂ നടത്തിയ സംഘം രണ്ടാം ഘട്ടമെന്ന നിലയില്‍ എഴുത്തുപരീക്ഷക്ക് തിരഞ്ഞെടുക്കപ്പെട്ടവരോട് പണം ആവശ്യപ്പെട്ടു. ഇതില്‍ സംശയം തോന്നിയ ചിലര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്ലേയിസ് സോണ്‍ എന്ന സ്ഥാപനത്തിന്റെ ഏജന്‍സി സ്ഥാപനമെന്ന പേരിലാണ് സംഘം കോഴിക്കോട് തിരുത്തിയാട് ഓഫീസ് ആരംഭിച്ചത്. എയര്‍പോര്‍ട്ടിലെ ഗ്രൗണ്ട് സ്റ്റാഫ് തസ്തികകളിലേക്ക് ആളെ എടുക്കുന്നുവെന്ന് പറഞ്ഞായിരുന്നു ഇവരുടെ തട്ടിപ്പ്. ഇതിനായി കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് 5.30ന് ഇവര്‍ ഇന്റര്‍വ്യൂ നടത്തി. അരയിടത്ത് പാലത്തിന് സമീപത്തുള്ള ഒരു കെട്ടിടത്തില്‍ വെച്ചാണ് ഉദ്യോഗാര്‍ഥികളെ കൂടിക്കാഴ്ചക്ക് ക്ഷണിച്ചത്. സംശയം തോന്നിയ ചില ഉദ്യോഗാര്‍ഥികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു. പോലീസ് പരിശോധന നടത്തിയപ്പോള്‍ ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ഇവരുടെ കൈവശം ഇല്ലായിരുന്നു. സ്ഥാപനത്തിന് ലൈസന്‍സോ അനുബന്ധ രജിസ്‌ട്രേഷനോ ഒന്നുമില്ലെന്നും പോലീസ് പറഞ്ഞു. ഇതിനെത്തുടര്‍ന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതിയില്‍ അഞ്ച് പേരെയും അറസ്റ്റ് ചെയ്തത്.
പ്രതികളെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നാലില്‍ ഹാജരാക്കും. സംഘത്തില്‍ ഉള്‍പ്പെട്ട കലൈവാണി, താന്‍ എയര്‍ ഇന്ത്യയുടെ എയര്‍ ഹോസ്റ്റസാണെന്നാണ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇതുസംബന്ധിച്ച തിരിച്ചറിയല്‍ രേഖകളൊന്നും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല. ഇക്കാര്യം പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. ആദ്യ ഇന്റര്‍വ്യൂവില്‍ വിജയിക്കുന്നവരില്‍ നിന്ന് രണ്ടാംഘട്ടം പരീക്ഷക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ 60,000 രൂപ വാങ്ങിക്കുമെന്ന് ഉദ്യോഗാര്‍ഥികളോട് ഇവര്‍ പറഞ്ഞിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉദ്യോഗാര്‍ഥികളെ ഫോണ്‍ ചെയ്തും എസ് എം എസ് അയച്ചുമാണ് കൂടിക്കാഴ്ചക്ക് വിളിച്ചിരുന്നത്. ഇത്തരത്തില്‍ 30 പേരാണ് ഇന്റര്‍വ്യൂവിനായി എത്തിയിരുന്നത്. ഒരു രേഖയുമില്ലാതെയാണ് അഞ്ചംഗ സംഘം ഇന്റര്‍വ്യൂ നടത്തിയതെന്നും അതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നും നടക്കാവ് അഡീഷനല്‍ എസ് ഐ. കെ രമണന്‍ പറഞ്ഞു.

Latest