Connect with us

Kannur

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയെ നീക്കി

Published

|

Last Updated

കണ്ണൂര്‍: സി എം പി സംസ്ഥാനതലത്തില്‍ പിളര്‍പ്പിലേക്ക്. പാര്‍ട്ടിയുടെ ഒന്‍പത് പോളിറ്റ്ബ്യൂറോ അംഗങ്ങളില്‍ ആറ് പേര്‍ പങ്കെടുത്ത യോഗം പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം വി രാഘവന്റെ ചുമതല സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായ കെ ആര്‍ അരവിന്ദാക്ഷനെ ഏല്‍പ്പിക്കുകയും പോളിറ്റ്ബ്യൂറോ അംഗമായ സി എ അജീറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തതിന് പിന്നാലെ സംസ്ഥാന കമ്മിറ്റി അംഗം എ കെ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സി കെ നാരായണനെയും ജോയിന്റ് സെക്രട്ടറി കെ വി വിജയനെയും തത്സ്ഥാനങ്ങളില്‍ നിന്ന് നീക്കി. പകരം സി എ അജീറിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 68 ജില്ലാ കമ്മിറ്റി അംഗങ്ങളില്‍ 52 പേര്‍ യോഗത്തില്‍ പങ്കെടുത്തതായി സി എ അജീര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
22ന് പാര്‍ട്ടി സെന്‍ട്രല്‍ കൗണ്‍സില്‍ യോഗം തൃശൂരില്‍ ചേര്‍ന്ന് ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യും. മറുപക്ഷത്തുള്ള പോളിറ്റ്ബ്യൂറോ അംഗം സിപി ജോണിനെതിരെയുള്ള നടപടി സെന്‍ട്രല്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിക്കും. അരവിന്ദാക്ഷന്‍ വിഭാഗക്കാരനും ജോയിന്റ് സെക്രട്ടറിയുമായ സി വി ശശീന്ദ്രനെ ചികിത്സയിലായതിനാല്‍ തത്കാലം തത്സ്ഥാനത്ത് നിലനിര്‍ത്തി. അടുത്ത ജില്ലാ കമ്മിറ്റിയില്‍ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്ന് അജീര്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ നാണു, പി സുനില്‍ കുമാര്‍, എന്‍ സി സുമോദ്, ഒ വി സീന, കാഞ്ചന മാച്ചേരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ സി കെ രാഘവന്‍, കെ അനന്തന്‍ നമ്പ്യാര്‍ എന്നിവരും അജീറിനോടൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അരവിന്ദാക്ഷനെ പിന്തുണക്കുന്നവര്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത പോളിറ്റ്ബ്യൂറോ യോഗത്തില്‍ പാട്യം രാജന്‍, പി സിഎച്ച് വിജയന്‍, എം കെ കണ്ണന്‍, കെ ആര്‍ അരവിന്ദാക്ഷന്‍, ആറ്റിങ്ങല്‍ സുഗുണന്‍, എം എച്ച് ഷാരിയാര്‍ എന്നിവരാണ് പങ്കെടുത്തത്. യോഗത്തിനു മുമ്പ് എം വി ആറിനെ കണ്ട് ചര്‍ച്ച നടത്തിയിരുന്നുവെന്ന് പാട്യം രാജനും അരവിന്ദാക്ഷനും പറഞ്ഞു.
എം വി രാഘവന്‍ അനാരോഗ്യത്തെ തുടര്‍ന്ന് വിശ്രമത്തിലായതോടെയാണ് സി എം പിയില്‍ അധികാരത്തര്‍ക്കം ഉടലെടുക്കുകയും നേതാക്കള്‍ ചേരിതിരിയുകയും ചെയ്തത്. യു ഡി എഫില്‍ നിന്നു ലഭിച്ച സ്ഥാനങ്ങള്‍ സി പി ജോണ്‍ ഒറ്റക്കു കൈവശം വെക്കുന്നതും കോണ്‍ഗ്രസിനോട് പരിധിയില്‍ കവിഞ്ഞുള്ള ജോണിന്റെ അടുപ്പവുമാണ് മറ്റു നേതാക്കളെ പ്രകോപിപ്പിച്ചത്. പ്ലാനിംഗ് ബോര്‍ഡ് അംഗത്വത്തിനു പുറമെ കില എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗത്വവും ബാംബൂ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനവും തൊഴിലുറപ്പു കമ്മിറ്റി സംസ്ഥാന പ്രതിനിധി സ്ഥാനവും സി പി ജോണ്‍ വഹിക്കുന്നുണ്ട്.
സി എം പിയുടെ കീഴിലുള്ള പറശിനിക്കടവ് വിഷ ചികിത്സാ സൊസൈറ്റിയുടെ ഭരണവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്ന് അറിയുന്നു. പറശിനിക്കടവ് ആയുര്‍വേദ മെഡിക്കല്‍ കോളജ് ആശുപത്രി, സ്‌നേക്ക് പാര്‍ക്ക്, വിഷ ചികിത്സാകേന്ദ്രം, എം കെ ഉമ്മര്‍കോയ മെമ്മോറിയല്‍ ഫാര്‍മസി എന്നീ സ്ഥാപനങ്ങളാണ് വിഷ ചികിത്സാ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെ സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് എം വി രാഘവനെ മാറ്റി മൂത്തമകന്‍ ഗിരീഷിനെ പ്രസിഡന്റ് ഇന്‍ ചാര്‍ജായി തിരഞ്ഞെടുത്തത് പാര്‍ട്ടിക്കുള്ളില്‍ കോളിളക്കമുണ്ടാക്കി. അജീറിന്റെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയെ തുടര്‍ന്നാണ് ഗിരീഷിനെ പ്രസിഡന്റാക്കിയതെന്ന് മറുപക്ഷം ആരോപിക്കുന്നു. സി എ അജീറിനെ പുറത്താക്കാന്‍ തീരുമാനിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ്.
എന്നാല്‍ പരിയാരം മെഡിക്കല്‍ കോളജും എ കെ ജി ആശുപത്രിയും സി പി എം പിടിച്ചെടുത്ത അനുഭവത്തിന്റെ വെളിച്ചത്തിലാണ് കുടുംബാംഗങ്ങളെ കമ്മിറ്റി അംഗങ്ങളാക്കിയതെന്നും എങ്കിലും അത് കുടുംബ സ്വത്തല്ലെന്നും അജീര്‍ പറഞ്ഞു.പിണറായിയുമായി അരവിന്ദാക്ഷന്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. അജീറിനെയും സി പി ജോണിനെയും പുറത്താക്കി എം വി ആറിന്റെ കാലശേഷം സി പി എമ്മിലേക്ക് സി എം പിയെ കൊണ്ടുപോകാനായിരുന്നു അരവിന്ദാക്ഷന്റെ ശ്രമമെന്നും ഇത്തരം പ്രവര്‍ത്തനം നടത്തിയ അരവിന്ദാക്ഷന് ജനറല്‍ സെക്രട്ടറിയാകാന്‍ ഒരു യോഗ്യതയുമില്ലെന്നും അജീര്‍ പറഞ്ഞു.
പാര്‍ട്ടി ഭരണഘടന അനുസരിച്ചുതന്നെയാണ് പോളിറ്റ്ബ്യൂറോ യോഗം ചേര്‍ന്ന് തീരുമാനങ്ങളെടുത്തതെന്ന് പാട്യം രാജന്‍ പറഞ്ഞു. എം വി ആറിന്റെ നിലപാടുകള്‍ക്കനുസരിച്ചുള്ള തീരുമാനങ്ങളാണ് എടുത്തത്. തൃശൂരില്‍ നടക്കുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനങ്ങള്‍ അവതരിപ്പിച്ച് അംഗീകാരം നേടും. യു ഡി എഫില്‍ തന്നെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മുന്നണി വിടാനുള്ള യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും പാട്യം രാജന്‍ പറഞ്ഞു.
അതേസമയം, എല്‍ ഡി എഫില്‍ ചേരാനുള്ള നീക്കമാണ് അരവിന്ദാക്ഷന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നും അവരുടെ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്നും സി പി ജോണും സി എ അജീറും പറഞ്ഞു. പാര്‍ട്ടി സെന്‍ട്രല്‍ കൗണ്‍സില്‍ അംഗീകാരമില്ലാതെ തന്നെ പുറത്താക്കാനുള്ള തീരുമാനം പാര്‍ട്ടി ഭരണഘടനക്ക് എതിരാണെന്ന് അദ്ദേഹം പറഞ്ഞു. അച്ഛന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പറശിനിക്കടവ് വിഷചികിത്സാ സൊസൈറ്റി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതെന്ന് എം വി ആറിന്റെ മകന്‍ ഗിരീഷ് പറഞ്ഞു.

Latest