”മുത്ത് നബി(സ്വ)വിളിക്കുന്നു” എസ് വൈ എസ് മീലാദ് സമ്മേളനത്തിന് നഗരി ഒരുങ്ങുന്നു

Posted on: January 10, 2014 12:23 am | Last updated: January 10, 2014 at 12:23 am

കോഴിക്കോട് : ഈമാസം 19ന് കോഴിക്കോട്ട് നടക്കുന്ന എസ് വൈ എസ് മീലാദ് സമ്മേളനത്തിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി.
മുത്ത് നബി(സ) വിളിക്കുന്നു എന്ന ശീര്‍ഷകത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി നടത്തുന്ന മീലാദ് ക്യാമ്പയിനിന്റെ ഭാഗമായി നടക്കുന്ന സമ്മേളനം കടപ്പുറത്തെ വിശാലമായ നഗരിയിലാണ് വേദി ഒരുങ്ങുന്നത്. സമസ്ത മുശാവറ അംഗങ്ങള്‍ക്കുപുറമെ സയ്യിദുമാരും പണ്ഡിതന്‍മാരും ഉമറാക്കളും സംബന്ധിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലെ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ബുര്‍ദയും ഉത്തരേന്ത്യന്‍ ഖവാലിയും നടക്കും. സമ്മേളത്തിനെത്തുന്നവര്‍ക്ക് പരിപാടി വീക്ഷിക്കുന്നതിനും മഗ്‌രിബ് നിസ്‌കാരത്തിനുമുള്ള വിപുലമായ സൗകര്യം നഗരിയില്‍ ഒരുക്കുന്നുണ്ട്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കമാനങ്ങളും ബോര്‍ഡുകളും ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ ഒരു മീലാദ് സംഗമത്തിന് ഈമാസം 19 ന്റെ സായം സന്ധ്യയില്‍ കോഴിക്കോട് കടപ്പുറം സാക്ഷിയാവും. ഇതു സംബന്ധമായി ചേര്‍ന്ന സ്വാഗത സംഘം യോഗത്തില്‍ കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സുലൈമാന്‍ സഖാഫി മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി, സയ്യിദ് മുഹമ്മദ് തുറാബ്, വി എം കോയ മാസ്റ്റര്‍, വി പി ഗഫൂര്‍ ഹാജി, അബ്ദുല്‍ ലത്വീഫ് സഖാഫി, ബിച്ചു മാത്തോട്ടം, ബി പി സിദ്ദീഖ് ഹാജി, മുഹമ്മദലി സഖാഫി വെള്ളിയാട് തുടങ്ങിയവര്‍ സംബന്ധിച്ചു. റഹ്മതുല്ല സഖാഫി സ്വാഗതവും നന്ദിയും പറഞ്ഞു.