Connect with us

Editorial

ജാഗ്രത പുലര്‍ത്തണം

Published

|

Last Updated

അന്യസംസ്ഥാനങ്ങളില്‍ നിന്ന് കന്നുകാലികളെ കൊണ്ടുവരുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധം കേരളം പിന്‍വലിച്ചു. കന്നുകാലികളില്‍ കുളമ്പ് രോഗം വ്യാപകമാംവിധം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രോഗബാധ തടയാനും നിയന്ത്രിക്കാനുമാണ് കഴിഞ്ഞ ഡിസംബര്‍ നാല് മുതല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കന്നുകാലി വരവ് നിരോധിച്ചത്. വ്യാഴാഴ്ച മുതല്‍ കര്‍ക്കശ ഉപാധികള്‍ക്ക് വിധേയമായി കന്നുകാലികളെ കൊണ്ടുവരാം. പാലക്കാട് ജില്ലയിലെ മുതലമട, വാളയാര്‍, കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, ഇടുക്കി ജില്ലയിലെ കുമളി, തിരുവനന്തപുരം ജില്ലയിലെ അമരവിള ചെക്ക്‌പോസ്റ്റുകളിലൂടെയാണ് കേരളത്തിലേക്ക് ഇറച്ചിക്കായി കന്നുകാലികളെ ധാരാളമായി കൊണ്ടുവരുന്നത്. ഇവയെ സൂക്ഷ്മമായി നിരീക്ഷിക്കാനും രോഗബാധ ഇല്ലെന്ന് ഉറപ്പ് വരുത്താനും ചെക്ക്‌പോസ്റ്റുകളില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയോഗിച്ചതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ഇറച്ചിക്ക് സംസ്ഥാനത്ത് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഒരു മാസത്തിലേറെയായി നിലവിലുള്ള കന്നുകാലിക്കടത്ത് നിരോധം സംസ്ഥാനത്ത് ഇറച്ചി, മത്സ്യ വില ഗണ്യമായി വര്‍ധിക്കാനിടയാക്കി. സംസ്ഥാനത്ത് ഇപ്പോള്‍ കുളമ്പ് രോഗം പൂര്‍ണമായും നിയന്ത്രണവിധേയമായെന്ന അഭിപ്രായം ക്ഷീര കര്‍ഷകര്‍ക്കോ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ക്കോ ഇല്ല. ഇറച്ചിക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുമ്പോള്‍ തന്നെ ക്ഷീരോത്പാദനം ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്. ഈ പശ്ചാത്തലത്തില്‍ കന്നുകാലി വരവ് നിരോധം പിന്‍വലിച്ച സര്‍ക്കാര്‍ തീരുമാനം ധൃതിപിടിച്ചതായിപ്പോയെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്. അതേസമയം നിരോധം പിന്‍വലിക്കാന്‍ ഇറച്ചിക്കടക്കാരും ഹോട്ടലുടമകളും കടുത്ത സമ്മര്‍ദം ചെലുത്തിവരികയായിരുന്നു.
കഴിഞ്ഞ ആഗസ്റ്റിലാണ് കന്നുകാലികളില്‍ കുളമ്പ് രോഗം പടര്‍ന്നുപിടിച്ചത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ഇതിനകം നാലായിരത്തിലേറെ കന്നുകാലികള്‍ ചത്തൊടുങ്ങി. അര ലക്ഷത്തിലേറെ എണ്ണത്തിന് ഗുരുതരമായ രോഗബാധയുണ്ടായതായും സംസ്ഥാന നിയമസഭയില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ പി മോഹനന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. രോഗം പടര്‍ന്നു പിടിക്കുന്നത് തടയാന്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. കുളമ്പ് രോഗബാധ പടര്‍ന്നുപിടിച്ച മേഖലകളെ തരംതിരിച്ച് നടത്തുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരു പരിധിവരെ ഫലപ്രദമായിട്ടുണ്ടെങ്കിലും രോഗബാധ പൂര്‍ണമായും നിയന്ത്രണവിധേയമായെന്ന് ആരെങ്കിലും അവകാശപ്പെട്ടാല്‍ അത് ശരിവെക്കാന്‍ ക്ഷീരകര്‍ഷകര്‍ക്ക് പ്രയാസമുണ്ട്. രോഗം ബാധിച്ച് ചത്ത കന്നുകാലികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരം തീര്‍ത്തും അപര്യാപ്തമാണ്. 1.09 കോടിരൂപ നഷ്ടപരിഹാരമായി ക്ഷീര കര്‍ഷകര്‍ക്കിടയില്‍ വിതരണം ചെയ്തതായാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഒരു കറവപ്പശുവിനെ വാങ്ങുന്ന വിലയുമായി യാതോരു താരതമ്യവുമില്ലാതെയാണ് ഉടമക്ക് നഷ്ടപരിഹാരം ലഭിക്കുന്നത്. സംസ്ഥാനത്തെ കര്‍ഷക സമൂഹം കാര്‍ഷികവൃത്തിയില്‍ പിടിച്ചു നില്‍ക്കുന്നത് കാലിവളര്‍ത്തല്‍, മത്സ്യകൃഷി, ഇടവിളകള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ്. ഇതില്‍ പ്രധാനം ക്ഷീര കൃഷി തന്നെയാണ്. രോഗബാധയെ തുടര്‍ന്ന് സംസ്ഥാനത്തെ ക്ഷീരോത്പാദനത്തില്‍ 40 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ഇത് ക്ഷീരകര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നതാണ്. ധവള വിപ്ലവം സൃഷ്ടിച്ച് സംസ്ഥാനത്തെ നെല്‍ കര്‍ഷകരെ ജീവിതത്തിന്റെ ഇരുതലയും കൂട്ടിമുട്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രയത്‌നിച്ചിട്ടുണ്ട്. അതിന് കുറച്ചൊക്കെ ഫലവുമുണ്ടായിട്ടുണ്ട്. പക്ഷേ, കാര്‍ഷിക മേഖലയില്‍ ഇടിത്തീ കണക്കെ വന്നുഭവിക്കുന്ന രോഗങ്ങള്‍ സംബന്ധിച്ച് കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സമയാസമയമുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കാനും മൃഗസംരക്ഷണ വകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ട്. രോഗബാധക്ക് ശേഷം ചികിത്സക്കായി നെട്ടോട്ടം ഓടുന്നതിലും ഭേദം, രോഗം വരാതെ നോക്കുന്നതാണ്. നമ്മുടെ നാട്ടില്‍ കാര്‍ഷിക വിദഗ്ധര്‍ക്ക് ഇപ്പോള്‍ പഞ്ഞമില്ല. ശാസ്ത്ര നേട്ടങ്ങള്‍ക്കും കുറവില്ല. ശാസ്ത്ര നേട്ടങ്ങള്‍ കര്‍ഷകരെ പരിചയപ്പെടുത്തുകയും കര്‍ഷകര്‍ക്കൊപ്പം പാടങ്ങളില്‍ ഇറങ്ങിച്ചെല്ലാന്‍ സന്മനസ്സ് കാണിക്കുകയും ചെയ്യുന്ന കൃഷി ശാസ്ത്രജ്ഞന്മാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ കേരളത്തിന് അത്ഭുതങ്ങള്‍ കാണിക്കാനാകും.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കന്നുകാലി വരവിനുള്ള നിരോധം പിന്‍വലിച്ചത് ഇറച്ചിക്ക് അനുഭവപ്പെടുന്ന ക്ഷാമം തീര്‍ക്കാന്‍ സഹായിക്കുമെങ്കിലും രോഗം പൂര്‍ണമായും പ്രതിരോധിക്കാനുതകുമോ എന്ന കാര്യം സംശയമാണ്. തൃശൂര്‍, എറണാകുളം ജില്ലകളില്‍ ഇനിയും രോഗം നിയന്ത്രണവിധേയമായിട്ടില്ലെന്ന് മാത്രമല്ല, കുടുതല്‍ രൂക്ഷമായി പടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍, വിശേഷിച്ച് കൃഷി- മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ നിതാന്ത ജാഗ്രത പാലിക്കണം.

Latest