മി. മന്‍മോഹന്‍, എന്തിന്റെ പേരിലാണ് ചരിത്രം താങ്കളോട് കൂടുതല്‍ കാരുണ്യം കാട്ടേണ്ടത്?

Posted on: January 10, 2014 6:00 am | Last updated: January 10, 2014 at 8:30 am

Manmohan_Singh_671088fപ്രധാനമന്ത്രിസ്ഥാനത്ത് പത്ത് വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോകുന്ന മന്‍മോഹന്‍ സിംഗ് ഒരു പകരം പ്രധാനമന്ത്രിയായിരുന്നു എന്ന കാര്യം ഏവര്‍ക്കും അറിയാം. അമ്മ മഹാറാണിയുടെ വിദേശരക്തവും യുവ രാജാവിന്റെ പ്രായക്കുറവും പരിഗണിച്ച് കോണ്‍ഗ്രസ് കണ്ടെത്തിയ പകരക്കാരന്‍! സിംഗിന്റെ വിടവാങ്ങല്‍ പ്രകടനം എന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച പത്രസമ്മേളനത്തില്‍ മാധ്യമങ്ങള്‍ തന്നോട് കാട്ടിയതിലും അധികം കാരുണ്യം ചരിത്രം തനിക്കു നല്‍കുമെന്നാണ് ഈ ധനതത്വശാസ്ത്ര പണ്ഡിതന്‍ പറഞ്ഞു ഫലിപ്പിച്ചത്. ചരിത്രം ആര്‍ക്കൊക്കെ എന്തൊക്കെയാണ് കരുതിവെച്ചിരിക്കുന്നതെന്നാര്‍ക്കാണ് പ്രവചിക്കാന്‍ കഴിയുക?
ഒരിക്കല്‍ പോലും ജനങ്ങളെ അഭിമുഖീകരിച്ചുള്ള തിരഞ്ഞെടുപ്പ് മത്സരത്തെ നേരിടാതെ പത്ത് വര്‍ഷം തുടര്‍ച്ചയായി പ്രധാനമന്ത്രി പദം അലങ്കരിച്ച ആദ്യത്തെ പ്രധാനമന്ത്രി, വനവാസം കഴിഞ്ഞുവരുന്നതു വരെ ശ്രീരാമന്റെ പാദരക്ഷകള്‍ക്ക് താഴെയായിരുന്ന് പകരക്കാരനായി രാജ്യഭാരം നടത്തിയ ഭരതന്റെ പിന്‍മുറക്കാരന്‍, നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവിനെ ചരിത്രത്തില്‍ മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം മൂര്‍ധന്യത്തില്‍ എത്തിച്ചു സാമാന്യജനങ്ങളെ കഷ്ടപ്പെടുത്തിയ ധനകാര്യവിദഗ്ധന്‍, ആഗോളമൂലധന ശക്തികളുടെ പാദ സേവകനായിരുന്നുകൊണ്ട് തന്നെ ജനസേവകനെന്ന നാട്യം കൈവിടാതെ സൂക്ഷിച്ച ഭരണാധികാരി, ഇതൊക്കെ ആയിരിക്കില്ലേ മന്‍മോഹന്‍ സിംഗിനെ വിശേഷിപ്പിക്കാന്‍ ചരിത്രം കരുതിവെച്ചിരിക്കുന്ന പദാവലികള്‍? ഇതിനപ്പുറം എന്തു കാരുണ്യമാണ് ഇദ്ദേഹം ചരിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നതാവോ?
ജനുവരി മൂന്നിന് മന്‍മോഹന്‍ നടത്തിയ 75 മിനിട്ട് നീണ്ട പത്രസമ്മേളനത്തിലെ ചോദ്യോത്തരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഹിന്ദുവിന്റെ (ജനുവരി നാല്, 2014) അതേ പേജില്‍ തന്നെ ജോണ്‍ പില്‍ജര്‍ എന്ന വിദേശ പത്രലേഖകന്‍ ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതിയ ഇന്ത്യാ നിരീക്ഷണം ചിലരെങ്കിലും ശ്രദ്ധിച്ചിരിക്കും. 2013 നവംബര്‍ 14 (ശിശു ദിനം)ലെ ടൈംസ് ഓഫ് ഇന്ത്യയിലെ റിപ്പോര്‍ട്ട് ഉദ്ധരിച്ചുകൊണ്ട് ജോണ്‍ പില്‍ജര്‍ പറയുന്നു: ഇന്ത്യയില്‍ നിങ്ങള്‍ കണ്ടെത്തുന്ന രണ്ട് ശിശുക്കളില്‍ ഒരു ശിശു എന്ന കണക്കിനു പോഷക ദാരിദ്ര്യത്തിന്റെ പീഡകളാല്‍ അലട്ടപ്പെടുന്നു. കൃത്യമായ ചികിത്സ കൊണ്ട് പ്രതിരോധിക്കാവുന്ന വയറിളക്കം പോലുള്ള നിസ്സാര രോഗങ്ങള്‍ ബാധിച്ചു പോലും ഒരു വര്‍ഷം ഇന്ത്യയിലാകെ അഞ്ച് വയസ്സില്‍ താഴെയുള്ള 20 ലക്ഷം കുട്ടികള്‍ മൃത്യുവക്ത്രത്തില്‍ അകപ്പെടുന്നു. ഇത്തരം രോഗങ്ങള്‍ ഹേതുവായി മരണത്തിനു പിടി കൊടുക്കാതെ രക്ഷപ്പെടുന്ന പകുതിയോളം കുട്ടികളെങ്കിലും, അവരുടെ ജീവിതം മുന്നോട്ടു തള്ളിനീക്കുന്നത് പോഷകാഹാര ദാരിദ്ര്യത്തോട് മല്ലിട്ടുകൊണ്ടാണ്. വര്‍ഷം തോറും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ വിദ്യാലയം വിട്ടിറങ്ങുന്ന കുട്ടികളുടെ നിരക്ക്, രാജ്യത്ത് ഏതാണ്ട് 40 ശതമാനം വരും.
സമ്പത്‌സമൃദ്ധിയുടെ പറുദീസ എന്ന് സ്ഥിതിവിവരക്കണക്കുകള്‍ സമര്‍ഥിക്കുന്ന മുംമ്പൈ നഗരത്തിന്റെ പാര്‍ശ്വപ്രദേശങ്ങളില്‍ തുറസ്സായ സ്ഥലങ്ങളിലിരുന്ന് യാതൊരു സങ്കോചവും കൂടാതെ വിസര്‍ജന പ്രക്രിയയിലേര്‍പ്പെടുന്ന സ്ത്രീപുരുഷന്മാര്‍ ആരിലും അറപ്പുളവാക്കുന്ന ഒരു പതിവ് കാഴ്ചയാണ്. ആഗോളവത്കരണവും നവ ഉദാരതാവാദവും അഴിഞ്ഞാട്ടം തുടങ്ങിയ 1990കള്‍ മുതല്‍ കണക്കുകള്‍ പരിശോധിച്ചാല്‍ ഈ പരസ്യവിസര്‍ജനക്കാരുടെ സംഖ്യ വര്‍ഷംതോറും ഇരട്ടിയാകുന്നുവെന്നാണ് വ്യക്തമാകുന്നത്. സ്വന്തമായി മേല്‍ക്കൂരയുള്ള ഒരു പാര്‍പ്പിടമോ ശുചിത്വബോധം നിലനിറുത്താന്‍ പര്യാപ്തമായ ചുറ്റുപാടുകളോ ഇല്ലാതെ നഗരപ്രാന്തങ്ങളില്‍ തമ്പടിക്കുന്ന ഈ ജനസഞ്ചയം ഇന്ത്യന്‍ പൗരന്മാരാണ്. ഇവരുടെ തലക്കുമുകളിലാണ് അക്കാലത്തെ ഇന്ത്യന്‍ ഭരണാധികാരികള്‍ ‘ഇന്ത്യ തിളങ്ങുന്നു’ എന്ന ലേബല്‍ പതിച്ചുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ വോട്ട് തേടി ഇറങ്ങിയത്. ഈ പശ്ചാത്തലത്തിലായിരുന്നു ഒന്നാം യു പി എ സര്‍ക്കാര്‍ മന്‍മോഹന്‍ സിംഗ് എന്ന ലോക ബേങ്ക് സാമ്പത്തിക വിദഗ്ധനെ കിരീടം ചൂടിച്ച് ഡല്‍ഹിയില്‍ പ്രത്ഷ്ഠിച്ചത്.
അതിനു ശേഷമുമുള്ള അവസ്ഥയോ? പരമ്പരാഗത വ്യവസായങ്ങള്‍ അടച്ചുപൂട്ടി. ചെറുകിട കൃഷിക്കാരും കച്ചവടക്കാരും ആഗോളമൂലധന ശക്തികളുമായുള്ള കഴുത്തറപ്പന്‍ മത്സരത്തില്‍ പിടിച്ചുനില്‍ക്കാതെ രംഗം വിട്ടു. കൊക്കോ- കോളോ പിസ്സാഹട്ട്, മൈക്രോസോഫ്റ്റ്, മോണ്‍സാന്റോ, റൂപ്പര്‍ട്ട് മര്‍ഡോക്ക് തുടങ്ങിയ കാളക്കൂറ്റന്മാര്‍ വ്യവസായ വാണിജ്യ രംഗങ്ങളിലെ ഹരം പിടിപ്പിക്കുന്ന പദപ്രയോഗങ്ങളായി. സര്‍വതന്ത്ര സ്വാതന്ത്ര്യത്തിന്റെ അരുണോദയം ഇന്ത്യന്‍ ചക്രവാളങ്ങളെ പ്രകാശമാനമാക്കി തുടങ്ങിയിരിക്കുന്നു എന്നായിരുന്നു പ്രചാരണം. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ പതുങ്ങിയിരുന്ന് ഇരയുടെ മേല്‍ ചാടി വീഴുന്ന കടുവയാണെന്നും അത് ഒന്നാം ലോക രാജ്യങ്ങളുടെ മേല്‍ ചാടിവീഴാന്‍ പോകുന്നുവെന്നും ഇന്ത്യ ലോകത്തിലെ ഒരുവന്‍ശക്തിയായി കുതിച്ചുയരുന്നുവെന്നുമൊക്കെ ആയിരുന്നു പ്രചാരണം. അത്തരം അവകാശവാദങ്ങളെല്ലാം ഒരു മിത്തായി പരിണമിച്ചു.
കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയിലും മറ്റു ചില എന്‍ജിനിയറിംഗ് മേഖലകളിലും ഇന്ത്യ നേട്ടങ്ങള്‍ കൈവരിച്ചു എന്നത് യാഥാര്‍ഥ്യമായിരുന്നു. എന്നാല്‍ അതിന്റെയൊക്കെ ഗുണഫലങ്ങള്‍ പട്ടണപ്രദേശങ്ങളില്‍ കേന്ദ്രീകരിച്ച ഒരു പറ്റം ടെക്‌നോക്രാറ്റുകളുടെ പുത്തന്‍ വര്‍ഗത്തില്‍ മാത്രം ഒതുങ്ങി. മൊത്തം ജനസംഖ്യയില്‍ ഒരു ചെറിയ വിഭാഗത്തില്‍ മാത്രം കേന്ദ്രീകരിച്ച വളര്‍ച്ചാ നിരക്കിനെ ആളോഹരി വളര്‍ച്ചയായി വലിച്ചുനീട്ടാനും അടിച്ചുപരത്താനുമുള്ള ശ്രമങ്ങളാണ് നടന്നത്. 2012ല്‍ ദേശീയ വൈദ്യുതി വിതരണ ശൃംഖല ആകെ തകരാറിലായി. വൈദ്യുതിയുടെ പ്രയോജനം ഒരു തരത്തിലും ലഭിക്കാത്ത ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം 700 മില്ല്യന്‍ (70 കോടി) ആയിരുന്നു. ഒരു വശത്ത് ഇതായിരുന്നു അവസ്ഥയെങ്കില്‍ മറു വശത്ത് ഇന്ത്യ ഈ കാലയളവില്‍ അന്തര്‍ദേശീയാടിസ്ഥാനത്തില്‍ ഐ ബി എം ക്ലബില്‍ അംഗത്വത്തിന് യോഗ്യത നേടിക്കഴിഞ്ഞിരുന്നു (ഇന്റര്‍നാഷണല്‍, ബാലിസ്റ്റിക്ക് മിസൈല്‍) അതു വരെയുള്ള ബഹിരാകാശ പര്യവേഷണങ്ങളെയാകെ കവച്ചുവെക്കുന്ന തരത്തില്‍ ചൊവ്വയിലേക്കുള്ള റോക്കറ്റ് വിക്ഷേപണം ഏറെക്കുറെ കൃത്യമായി തന്നെ നടത്തിക്കഴിഞ്ഞിരിക്കുന്നു. രാജ്യത്തെ സംബന്ധിച്ചിടത്തോളം സര്‍വര്‍ക്കും ആഹ്ലാദിക്കാന്‍ അവകാശമുള്ള ചരിത്ര മുഹൂര്‍ത്തം എന്നും ഈ അപൂര്‍വ നേട്ടം പ്രകീര്‍ത്തിക്കപ്പെട്ടു.
എന്നാല്‍ ഇത്തരം ആഹ്ലാദാരവങ്ങളില്‍ ഒന്നും പങ്ക് കൊള്ളാന്‍ കഴിയാതെ പോയ അനേക ലക്ഷങ്ങളും ഈ രാജ്യത്ത് അധിവസിക്കുന്നുണ്ടെന്ന കാര്യം ആരും ഓര്‍ത്തില്ല. അവരാരും ഇത്തരം ബഹളങ്ങളൊന്നും കേട്ടിരിക്കാനും ഇടയില്ല. ഒരു തിരഞ്ഞെടുപ്പിന് പോളിംഗ് ബൂത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ പിന്നെ അടുത്ത തിരഞ്ഞെടുപ്പിനവര്‍ വീണ്ടും ക്യൂ നില്‍ക്കും. ഏതോ റിമോട്ട് കണ്‍ട്രോളര്‍ വെച്ച് നിയന്ത്രിക്കുന്ന യന്ത്രത്തെപ്പോലെ അവര്‍ നിര്‍ദിഷ്ട ചിഹ്നങ്ങളില്‍ വിരലമര്‍ത്തി സ്വന്തം താവളങ്ങളിലേക്ക് തല പൂഴ്ത്തും. ഇതാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിന്റെ പ്രവര്‍ത്തന മാതൃക. അവര്‍ തല ചായ്ക്കുന്ന ഇടങ്ങളുമായി അവരുടെ ജീവിതം കെട്ടുപിണഞ്ഞു കിടക്കുന്നു. അവരുടെ ഒരേയൊരു ശത്രു വിപണിയാണ്. റോക്കറ്റ് പോലെ മേലോട്ട് കുതിക്കുന്ന സാധനവില അവരെ വിപണിയുടെ വിരോധികളായി മാറ്റുന്നു. സ്വന്തം പാര്‍പ്പിടങ്ങളിലെ അവരുടെ വേരുകള്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞു അധികാരികള്‍ മുറിച്ചുമാറ്റുന്നു. വന്ദനാ ശിവ പറയുന്നത് ഈ സര്‍ക്കാര്‍ സ്വന്തം ജനതക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുകയാണെന്നാണ്. വിവിധ വികസന പദ്ധതികളുടെ പേര് പറഞ്ഞു ജനങ്ങളില്‍ നിന്നും ഒരു സ്‌ക്വയര്‍ മീറ്ററിന് 300 രൂപ നിരക്കില്‍ ഏറ്റെടുത്ത ഭൂമി പദ്ധതി നടത്തിപ്പുകാര്‍ സ്‌ക്വയര്‍ മീറ്ററിന് 6,00,000 വരെ വില നിശ്ചയിച്ചാണ് വിറ്റഴിക്കുന്നത്. സ്മാര്‍ട്ട് സിറ്റികളും ലക്ഷ്വറി ടൗണുകളും എക്‌സ്പ്രസ് ഹൈവേകളും ഒക്കെ നിര്‍മിക്കുന്നതിന് തുച്ഛമായ പ്രതിഫലം നല്‍കി ജനങ്ങളെ ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് വലിച്ചെറിയുന്ന തരത്തിലുള്ള വികസന തന്ത്രങ്ങളാണ് രാജ്യത്താകെ അനുവര്‍ത്തിച്ചത്. ഇത്തരം ഒരു വികസന പദ്ധതിയുടെ ഭാഗമായി യു പിയില്‍ അടുത്ത കാലത്ത് ഉന്മൂലനം ചെയ്യപ്പെട്ടത് 1225 വില്ലേജുകളാണ്. പോലീസുമായുള്ള ചെറുത്തുനില്‍പുകളില്‍ പലരും കൊല്ലപ്പെട്ടു. യു പിയില്‍ മാത്രല്ല; രാജ്യമാകെ വികസനത്തിന്റെ പേരിലുള്ള ഇത്തരം പടയൊരുക്കങ്ങള്‍ ധാരാളം നടന്നു.
ബ്രിട്ടനുള്‍പ്പെടെയുള്ള പല വികസിത രാജ്യങ്ങളും ആയുധക്കമ്പോളത്തിലെ മികച്ച വാങ്ങല്‍ ശേഷിയുള്ള രാജ്യമെന്ന ബുഹമതി ഇന്ത്യക്ക് പതിച്ചുനല്‍കി. ഡേവിഡ് കാമറൂണിന്റെ നേതൃത്വത്തില്‍ 2010ല്‍ ലോകത്തെ പ്രമുഖ ആയുധക്കമ്പനികളുടെ തലവന്മാരെ ഡല്‍ഹിയിലേക്കാനയിച്ചു. 700 (70 കോടി) മില്യന്‍ ഡോളറിന്റെ ആയുധക്കച്ചവടക്കരാറില്‍ ഇന്ത്യന്‍ പ്രതിരോധ വകുപ്പ് മേധാവികളെ കൊണ്ട് ഒപ്പിടുവിച്ച് വാങ്ങിയിട്ടാണ് അവര്‍ തിരികെ പോയത്. രൂക്ഷമായ പ്രഹരശേഷിയുള്ള വ്യോമവാഹനങ്ങളും അത്യാധുനിക ആയുധങ്ങളുടെയും വന്‍ ശേഖരം തന്നെ ഇന്ത്യ ഇന്ന് സ്വന്തമാക്കിയിരിക്കുന്നു. ഒരു പക്ഷേ ഇതായിരിക്കണം തിളങ്ങുന്ന ഇന്ത്യക്കുള്ള സര്‍ക്കാറിന്റെ ഏറ്റവും വലിയ സംഭാവന. ഈ ആയുധ ഏര്‍പ്പാടുകളിലോരോന്നിലും വന്‍ തോതിലുള്ള അഴിമതി നടന്നിട്ടുള്ളതായി ആരോപണം ഉയര്‍ന്നിട്ടുണ്ടെങ്കിലും അനുഭവങ്ങള്‍ വെച്ചുനോക്കിയാല്‍ അവയൊന്നും തെളിയിക്കപ്പെടാന്‍ പോകുന്നില്ല.
ന്യൂനപക്ഷ വിഭാഗങ്ങള്‍ ഇന്നും സുരക്ഷിതരല്ല. ഇന്ത്യന്‍ ജനതയിലെ ഏറ്റവും ദരിദ്ര വിഭാഗം എന്ന സ്ഥാനം അലങ്കരിക്കുന്നത് ഇന്നും മുസ്‌ലിംകളാണ്. 2006ലെ സച്ചാര്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്, ഈ ഭൂമുഖത്ത് ഇത്രമാത്രം അവകാശ നിഷേധവും സാമൂഹിക വിവേചനവും അനുഭവിക്കുന്ന ഒരു ന്യൂനപക്ഷ സമുദായം ഇന്ത്യയിലെ മുസ്‌ലിംകളപോലെ മറ്റൊരു ജനതയും ഇല്ലെന്നാണ്. കമ്മീഷന്‍ പറയുന്ന ചില ഉദാഹരണങ്ങളിവയാണ്. ഇന്ത്യയിലെ എണ്ണപ്പെട്ട ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുസ്‌ലിം സാന്നിധ്യം വെറും നാല് ശതമാനം മാത്രമാണ്. നഗരങ്ങളിലെ മുസ്‌ലിംകളുടെ ഉദ്യോഗസാധ്യത തുലോം തുച്ഛമാണ്.
സമ്മിശ്ര സമ്പദ്‌വ്യവസ്ഥയുടെ നേട്ടമായി തല ഉയര്‍ത്തി നിന്നിരുന്ന ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ സ്വകാര്യ മേഖലക്കു കൈമാറുന്ന പ്രക്രിയ മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ കൃത്യമായി നടന്നുകൊണ്ടിരിക്കുന്നു. അഴിമതി ഒരു വാര്‍ത്തയല്ലെന്ന് വന്നിരിക്കുന്നു. പൊതുക്ഷേമം സംരക്ഷിക്കുക എന്ന ബാധ്യത ഗവണ്‍മെന്റിന്റെ പരിപാടിയേ അല്ലെന്ന ധാരണയാണ് പൊതുവിലുള്ളത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം എന്ന ഭരണഘടനാപരമായ ബാധ്യതയില്‍ നിന്നു പോലും സര്‍ക്കാറുകള്‍ ഒഴിഞ്ഞുമാറുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം എന്നതിന് അര്‍ഥം സ്വത്തുള്ളവരുടെ ജീവന് സംരക്ഷണം. സ്വത്തില്ലാത്തവര്‍ ജീവിച്ചുകൊള്ളണം എന്ന് സര്‍ക്കാറിന് വലിയ നിര്‍ബന്ധമൊന്നുമില്ല. പരമ്പരാഗതമായി കൃഷി ഉപജീവനമാര്‍ഗമായി സ്വീകരിച്ചവര്‍ പടിപടിയായി ആത്മഹത്യയിലേക്ക് എടുത്തുചാടുകയാണ്. തൊണ്ണൂറുകള്‍ മുതല്‍ 2013 വരെയുള്ള 23 വര്‍ഷങ്ങള്‍ക്കുള്ളില്‍ കാര്‍ഷിക വിഭവങ്ങളുടെ വിലയിടിവും അനുബന്ധ കടബാധ്യതകളും നിമിത്തം ആത്മഹത്യ ചെയ്തത് രണ്ട് ലക്ഷത്തി അമ്പതിനായിരം കര്‍ഷകരാണ്. ഭക്ഷ്യവിഭവങ്ങളുടെ വിപണി പൂര്‍ണമായും ബഹുരാഷ്ട്ര കുത്തകകള്‍ കൈയടക്കിക്കഴിഞ്ഞു. ജനറ്റിക്കല്‍ പരിഷ്‌കാരങ്ങള്‍ക്കു വിധേയമായ വിത്തും മണ്ണിനെ കൊല്ലുന്ന തരത്തിലുള്ള കൃത്രിമ വളങ്ങളും മാരക ശേഷിയുള്ള കീടനാശിനികളുമൊക്കെ ഇറക്കുമതി ചെയ്യപ്പെട്ടതോടെ കൃഷിയുടെ ജൈവസ്വഭാവം നഷ്ടമാകുകയും കൃഷി ഭീമമായ മുതല്‍മുടക്കുള്ള ഒരു വന്‍കിട വ്യവസായമായി മാറുകയും ചെയ്തു. അതിനു പുറമെയാണ് അവശേഷിച്ച കാടുകള്‍ കൂടി വെട്ടി നശിപ്പിക്കുന്നതും ഖനന മാഫിയാകള്‍ക്കു ഭൂമി പിളര്‍ന്നു പരീക്ഷണം നടത്താനുള്ള അനുമതി നല്‍കലും മറ്റും. ഇതൊക്കെ ഇത്ര അടുക്കിലും ചിട്ടയിലും നടപ്പാക്കുന്നതില്‍ കാര്യമായ ഭരണ പ്രതിപക്ഷ ഭേദമൊന്നും ഇല്ലെന്നും തെളിയിച്ചതും മന്‍മോഹന്‍ തന്നെയാണ്. ഇതില്‍ ഏതിന്റെ പേരിലാണ് മിസ്റ്റര്‍ മന്‍മോഹന്‍ സിംഗ്, ചരിത്രം നിങ്ങളോടു കൂടുതല്‍ കാരുണ്യം കാട്ടേണ്ടത്?