ചൂല്‍ തങ്ങളുടെ ചിഹ്നമാണെന്ന് അവകാശപ്പെട്ട് മറ്റൊരു പാര്‍ട്ടി’ചൂല്‍’ കോടതി കയറുന്നു

Posted on: January 10, 2014 12:45 am | Last updated: January 9, 2014 at 11:46 pm

imagesലക്‌നോ: തിരഞ്ഞെടുപ്പ് ചിഹ്നമായി ആം ആദ്മി പാര്‍ട്ടിക്ക് ‘ചൂല്‍’ അനുവദിച്ച തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടിക്കെതിരെ അലഹബാദ് ഹൈക്കോടതിയില്‍ ഹരജി. ഉത്തര്‍ പ്രദേശിലെ നൈതിക് പാര്‍ട്ടി നല്‍കിയ ഹരജിയിന്മേല്‍ ആം ആദ്മി പാര്‍ട്ടിക്കും തിരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതി നോട്ടീസ് അയച്ചു. നോട്ടീസിന് മൂന്നാഴ്ചക്കകം മറുപടി നല്‍കണമെന്ന് ലക്‌നോ ബെഞ്ചിലെ ജസ്റ്റിസ് രാജീവ് ശര്‍മ, ജസ്റ്റിസ് മഹേന്ദ്ര ദയാല്‍ എന്നിവര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
2012ലെ യു പി നിയമസഭാ തിരഞ്ഞെടുപ്പില്‍ നൈതിക് പാര്‍ട്ടി ‘ചൂല്‍’ തിരഞ്ഞെടുപ്പ് ചിഹ്നത്തില്‍ മത്സരിച്ചിട്ടുണ്ടെന്ന് നൈതിക് പാര്‍ട്ടിയുടെ അഭിഭാ ഷകന്‍ ചന്ദ്ര ഭൂഷണ്‍ പാണ്ഡെ ഹരജിയില്‍ അവകാശപ്പെട്ടു. നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നൈതിക് പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായി ചൂല്‍ അനുവദിക്കണം. ആം ആദ്മി പാര്‍ട്ടിക്ക് ചൂല്‍ തിരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങള്‍ക്കും മാര്‍ഗരേഖകള്‍ക്കും എതിരാണെന്ന് ഹരജിയില്‍ പറയുന്നു. ആം ആദ്മി പാര്‍ട്ടിക്ക് ചൂല്‍ തിരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചതിനെതിരെ നൈതിക് പാര്‍ട്ടി കഴിഞ്ഞ ആഴ്ച ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. നാലാഴ്ചക്ക് ശേഷം ഈ ഹരജി ഹൈക്കോടതി പരിഗണിക്കും.