ജനങ്ങളുടെ ആവലാതി മനസ്സിലാക്കാന്‍ഡല്‍ഹി മന്ത്രിമാര്‍ തെരുവിലേക്ക്

Posted on: January 10, 2014 12:40 am | Last updated: January 9, 2014 at 11:44 pm

ന്യൂഡല്‍ഹി: പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിനും സര്‍ക്കാറും ജനങ്ങളുടെ തമ്മിലുള്ള അകലം കുറക്കുന്നതിനും താനടക്കം ഡല്‍ഹി മന്ത്രിമാര്‍ തെരുവിലിറങ്ങുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. എല്ലാ ശനിയാഴ്ചയും സെക്രട്ടറിയേറ്റിന് മുമ്പിലാണ് ഈ ആവശ്യത്തിന് വേദി ഒരുക്കുക. അതേസമയം, അഴിമതി തടയുക എന്ന ലക്ഷ്യത്തോടെ ഡല്‍ഹി സര്‍ക്കാര്‍ ആരംഭിച്ച ഹെല്‍പ്പ്‌ലൈന്‍ നമ്പറിലേക്ക് ആദ്യദിനം നാലായിരത്തോളം ഫോണ്‍ വിളികള്‍ എത്തി.
പൊതുജനങ്ങളുടെ പരാതികള്‍ രോഗലക്ഷണമാണെന്നും രോഗം മറ്റെന്തോ ആണെന്നും കെജ്‌രിവാള്‍ പറഞ്ഞു. നയങ്ങള്‍ മാറ്റേണ്ടതുണ്ട്. എല്ലാ ശനിയാഴ്ചയും രാവിലെ 9.30 മുതല്‍ 11 മണി വരെയാണ് വേദിയുണ്ടാകുക. ഈ സമയം എല്ലാ വകുപ്പുമായും ബന്ധപ്പെട്ട വിഷയങ്ങള്‍ ഒരു മന്ത്രി വിശദീകരിക്കും. പൊതുജന പ്രശ്‌നം പരിഹരിക്കുന്നതിന് കൂടുതല്‍ സമയം കണ്ടെത്തും. ഈ വേദിയില്‍ തന്നെ നയം മാറ്റം, നിര്‍ദേശങ്ങള്‍, സര്‍ക്കാറുമായി ബന്ധപ്പെടാത്ത വിഷയങ്ങള്‍ തുടങ്ങിയവയും പങ്കുവെക്കാം. ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തരാണോ എന്നറിയാന്‍ ജനങ്ങള്‍ക്ക് എസ് എം എസ് അയക്കും. പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടര്‍ന്നും ജനങ്ങളുമായി ബന്ധപ്പെടുമെന്നും കെജ്‌രിവാള്‍ അറിയിച്ചു.