കെ പി സി സി പ്രസിഡന്റ്: ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Posted on: January 10, 2014 12:01 am | Last updated: January 9, 2014 at 11:37 pm

ന്യൂഡല്‍ഹി: കെ പി സി സി പ്രസിഡന്റിനെ തീരുമാനിക്കാന്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ പേരാണ് മുഖ്യമന്ത്രി മുന്നോട്ടുവെച്ചതെന്നാണ് സൂചന. പ്രസിഡന്റ് പദവി തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന വാദവുമായി ഐ ഗ്രൂപ്പ് ഹൈക്കമാന്‍ഡിനെ സമീപിച്ചിട്ടുണ്ട്.
അതേസമയം, വി എം സുധീരനെ പരിഗണിക്കുന്നതിന്റെ സാധ്യതകളാണ് രാഹുല്‍ ഗാന്ധി തേടിയതെന്നാണ് വിവരം. പ്രസിഡന്റ് സ്ഥാനത്തേക്ക് നേരത്തെ മുതല്‍ പറഞ്ഞുകേട്ടിരുന്ന കാര്‍ത്തികേയനെതിരെ നിരവധി പരാതികള്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചതായും സൂചനയുണ്ട്. ലാവ്‌ലിന്‍ കേസ്, സിവില്‍ സപ്ലൈസ് അഴിമതി എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് പരാതിയായി നല്‍കിയിരിക്കുന്നത്. വി ഡി സതീശനെതിരായ പരാതികളും ഹൈക്കമാന്‍ഡിന് മുന്നിലെത്തിയിട്ടുണ്ട്.
പ്രസിഡന്റ് പദവി ആഗ്രഹിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രനും ഡല്‍ഹി കേന്ദ്രീകരിച്ച് കരുക്കള്‍ നീക്കുന്നുണ്ട്. ഭിന്നത മൂര്‍ച്ഛിക്കുന്നതിന് മുമ്പ് തീരുമാനം പ്രഖ്യാപിക്കണമെന്ന് കേരള നേതാക്കള്‍ കൂടിക്കാഴ്ചയില്‍ അറിയിച്ചു. കാര്‍ത്തികേയനെ പ്രസിഡന്റാക്കണമെന്ന ഉറച്ച നിലപാടാണ് മുഖ്യമന്ത്രിക്ക്. രമേശ് ചെന്നിത്തലക്കും ഇതിനോട് എതിര്‍പ്പില്ല. ഐ ഗ്രൂപ്പിലെ ഒരു വിഭാഗം പ്രസിഡന്റ് പദവി ഗ്രൂപ്പിന് തന്നെ ലഭിക്കണമെന്ന നിലപാടിലാണ്. യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന രാഹുലിന്റെ നിലപാട് നടപ്പായാല്‍ വി ഡി സതീശനാകും നറുക്ക് വീഴുക.
കെ പി സി സി പ്രസിഡന്റ് സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. ആരുടെയും പേരുകള്‍ നിര്‍ദേശിച്ചിട്ടില്ല. നേതൃത്വത്തിന് സംസ്ഥാന നേതാക്കളെ അറിയാമെന്നും ചെന്നിത്തല പറഞ്ഞു. പതിനേഴിന് എ ഐ സി സി സമ്മേളനം നടക്കുന്നതിനാല്‍ അതിന് മുമ്പ് പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടതുണ്ട്.