Connect with us

Ongoing News

ജാഗ്രതാ സമിതികള്‍ വിളിച്ചു ചേര്‍ക്കാത്ത ജനപ്രതിനിധികള്‍ അയോഗ്യരാകും

Published

|

Last Updated

തിരുവനന്തപുരം; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമം തടയാന്‍ ലക്ഷ്യമിട്ട് പ്രാദേശിക തലത്തില്‍ രൂപവത്കരിക്കുന്ന ജാഗ്രതാ സമിതികള്‍ക്ക് നിയമ പരിരക്ഷ നല്‍കുന്നു. വനിതാ കമ്മീഷന്‍ മുന്‍കൈയെടുത്ത് 2007ല്‍ രൂപം നല്‍കിയ ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ഫലപ്രദമല്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്.

മാസത്തിലൊരിക്കല്‍ ജാഗ്രതാ സമിതി ചേര്‍ന്നില്ലെങ്കില്‍ ജനപ്രതിനിധികളെ അയോഗ്യരാക്കും. ഇതിനായി പഞ്ചായത്തീരാജ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരുമെന്ന് പഞ്ചായത്ത് സാമൂഹികനീതി മന്ത്രി ഡോ. എം കെ മുനീര്‍ അറിയിച്ചു. ഇതോടെ ഗ്രാമസഭകളുടെ പ്രാധാന്യം ജാഗ്രതാ സമിതികള്‍ക്കും വരും.
ഗ്രാമ, നഗര തലങ്ങളിലെ പ്രാദേശിക ഭരണസംവിധാനത്തിന് കീഴിലാണ് ജാഗ്രതാ സമിതികള്‍. മുനിസിപ്പല്‍ ചെയര്‍മാന്‍ അല്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ കണ്‍വീനറുമായാണ് സമിതികളുടെ പ്രവര്‍ത്തനം. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, അഭിഭാഷക, എസ് ഐ, പട്ടിക ജാതി അംഗം, പബ്ലിക് ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ എന്നിവരാണ് സമിതിയിലുണ്ടാകുക. മാസത്തിലൊരിക്കല്‍ സമിതി യോഗം ചേരുമ്പോള്‍ ആര്‍ക്കും പരാതി നല്‍കാം. മുന്‍കൂട്ടി നല്‍കുന്ന പരാതികളും യോഗ ദിവസം പരിഗണിക്കും. കോടതിയുടെ മാതൃകയില്‍ അദാലത്ത് നടത്തി പ്രശ്‌നപരിഹാരമുണ്ടാകും. പരിഹരിക്കാന്‍ കഴിയാത്ത കേസുകള്‍ വനിതാ കമ്മീഷനോ നിര്‍ഭയ സെല്ലിനോ കൈമാറണം. തീര്‍പ്പ് കല്‍പ്പിക്കുന്ന കേസുകളുടെയും പരാതിയുടെയും വിശദാംശങ്ങളും നിര്‍ഭയ സെല്ലിനെ അറിയിക്കണം.
നിയമഭേദഗതി തയ്യാറായിട്ടുണ്ടെന്നും ബില്‍ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് ശ്രമമെന്നും മന്ത്രി അറിയിച്ചു. ഈ സമ്മേളനത്തില്‍ അവതരിപ്പിക്കാനായില്ലെങ്കില്‍ ഓര്‍ഡിനന്‍സായി ഇറക്കും. ജാഗ്രതാ സമിതികള്‍ ചേര്‍ന്നില്ലെങ്കില്‍ ജനപ്രതിനിധികളെ അയോഗ്യരാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നല്‍കുന്നതാണ് പുതിയ നിയമ നിര്‍മാണം. ജാഗ്രതാ സമിതികളുടെ നയങ്ങളും പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തി നിര്‍ഭയ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകും വിധം മാറ്റിയെടുക്കുന്നതിനായി നിലവിലെ ജാഗ്രതാ സമിതികളുടെ ഘടന, അധികാരം, പ്രവര്‍ത്തന മേഖല എന്നിവ ഈ മാസത്തോടെ പുനര്‍നിര്‍ണയിക്കും. നിര്‍ഭയ പദ്ധതി ആറ് മാസത്തിനുള്ളില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാവും. വിശദമായ മാര്‍ഗരേഖ ഒരുമാസത്തിനുള്ളില്‍ കേന്ദ്രത്തിന് സമര്‍പ്പിക്കും. സ്‌കൂളുകളില്‍ ചൈല്‍ഡ് ലൈന്‍ നമ്പറുകള്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
നിര്‍ഭയ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ വഴി അറുപത് പഞ്ചായത്തുകളിലെ ക്രൈം മാപ്പിംഗ് പൂര്‍ത്തിയാക്കി. തിരുവനന്തപുരത്ത് ഇപ്പോഴുള്ള ഷെല്‍ട്ടര്‍ ഹോമിനു പുറമേ വെഞ്ഞാറമൂട്ടിലും ഇതര ജില്ലകളിലും ഷെല്‍ട്ടര്‍ ഹോമുകള്‍ ആരംഭിക്കും. അതുവരെ എന്‍ ജി ഒകള്‍ക്ക് അവരുടെ കെട്ടിടങ്ങള്‍ താത്കാലികമായി ഷെല്‍ട്ടര്‍ ഹോമുകളായി പ്രവര്‍ത്തിപ്പിക്കാം. മൂന്ന് കോടി ചെലവില്‍ എറണാകുളം, കോഴിക്കോട്, വയനാട് കാസര്‍കോട് ജില്ലകളില്‍ നിര്‍ഭയക്ക് സ്വന്തം കെട്ടിടങ്ങള്‍ പണിയും. എല്ലാ ജില്ലാ ആശുപത്രികളിലും താലൂക്കാശുപത്രികളിലും പീഡിതരായ വ്യക്തികള്‍ക്ക് ഫസ്റ്റ് റെസ്‌പോണ്‍സ് സെന്റര്‍ എന്ന നിലവില്‍ വണ്‍സ്‌റ്റോപ്പ് ക്രൈസിസ് സെല്‍ തുടങ്ങും.
ലൈംഗികാതിക്രമത്തിനിരയാകുന്നവര്‍ക്ക് സെല്ലില്‍ നിന്ന് ആരോഗ്യ, പോലീസ്, സാമൂഹിക നീതി, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നീ സേവനങ്ങള്‍ ലഭ്യമാകും. ലൈംഗിക പീഡനക്കേസുകളില്‍ സത്വര നടപടികള്‍ സ്വീകരിക്കുന്നതിനായി ജില്ലകള്‍ തോറും അതിവേഗ കോടതികള്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Latest