സരിതക്ക് ജയിലില്‍ ബ്യൂട്ടീഷ്യനെ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് ഹൈക്കോടതി

Posted on: January 10, 2014 12:31 am | Last updated: January 9, 2014 at 11:33 pm

കൊച്ചി: സംസ്ഥാനത്തെ മന്ത്രിമാരും മാഫിയകളും ഗുണ്ടകളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുന്നതായി ഹൈക്കോടതി. ഇത്തരക്കാര്‍ക്ക് ഭരണ നേതൃത്വവുമായി അടുത്ത ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് ഉള്‍പ്പെട്ട കടകമ്പിള്ളി കളമശ്ശേരി ഭൂമി തട്ടിപ്പ് കേസുകളില്‍ അന്തിമ വാദം കേള്‍ക്കവേ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റശീദ് നിരീക്ഷിച്ചു.

ഭൂമി തട്ടിപ്പിന് ഹവാല റാക്കറ്റുമായി ബന്ധമുണ്ടെന്നും കേരളത്തിലേക്ക് 365 കോടി കടത്തിയ ഹവാല ഇടപാടുകാരന്‍ സോന മജീദാണ് തട്ടിപ്പിന് പിന്നിലെന്നും ഹരജിഭാഗം കോടതിയില്‍ ആരോപിച്ചു. തുടര്‍ന്നാണ് സോളാര്‍ കേസിലെ മുഖ്യപ്രതി സരിതാ എസ് നായര്‍ക്ക് ജയിലില്‍ ലഭിക്കുന്ന പ്രത്യേക പരിഗണനകളെ കുറിച്ചും ആര്‍ഭാടപൂര്‍വമായ ജയില്‍ ജീവിതത്തെക്കുറിച്ചും വസ്ത്രധാരണത്തെക്കുറിച്ചും കോടതി കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയത്.
സരിതക്ക് ജയിലില്‍ ബ്യൂട്ടീഷനെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. ലക്ഷങ്ങള്‍ വിലമതിക്കുന്ന സാരികളാണ് ജയിലില്‍ കഴിയുന്ന ഇവര്‍ ഉപയോഗിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സാധാരണ പ്രതികള്‍ക്ക് ജയിലില്‍ രണ്ട്, മൂന്ന് ജോഡി വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കുമ്പോള്‍ ഇവര്‍ക്കെങ്ങനെ ഇത്രയധികം വസ്ത്രങ്ങള്‍ ലഭിക്കുന്നുവെന്ന് കോടതി ചോദിച്ചു. സരിതയുടെ വസ്ത്രങ്ങള്‍ സൂക്ഷിക്കാന്‍ ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോയെന്നും ഇവര്‍ക്ക് സാധാരണ വസ്ത്രങ്ങള്‍ മാത്രം ഉപയോഗിക്കാനല്ലേ അനുമതി നല്‍കേണ്ടിയിരുന്നതെന്നും കോടതി ചോദിച്ചു. പുതുപ്പള്ളി വഴി സരിതയെ എന്തിനു കൊണ്ടുപോയി എന്നും ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ടെന്നും കോടതി പറഞ്ഞു. കാര്യങ്ങള്‍ ഈ നിലയിലാണെങ്കില്‍ ജയിലില്‍ പോകാന്‍ ആര്‍ക്കും പേടിയുണ്ടാകില്ലെന്നും കോടതി വിലയിരുത്തി. ഡല്‍ഹിയിലെ ഭരണമാറ്റം പോലുള്ള കാര്യങ്ങള്‍ ഇങ്ങനെയാണ് സംഭവിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
സരിതക്ക് എത്ര സാരിയുണ്ടെന്നും ഇത് ജയിലില്‍ എത്തിക്കുന്നത് ആരാണെന്നും കോടതി ആരാഞ്ഞു. കടകമ്പിള്ളി കേസിന് പിന്നിലുള്ളവരെ അറസ്റ്റ് ചെയ്ത് വേണ്ട രീതിയില്‍ ചോദ്യം ചെയ്താലേ സത്യം പുറത്തു വരൂ എന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സി ബി ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജികളില്‍ വെള്ളിയാഴ്ചയും വാദം തുടരും.