Connect with us

Ongoing News

ലിപി പരിഷ്‌കരണം റദ്ദാക്കണമെന്ന നിര്‍ദേശം കരിക്കുലം കമ്മിറ്റി തള്ളി

Published

|

Last Updated

തിരുവനന്തപുരംസ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ ലിപി പരിഷ്‌കരിക്കുന്നത് റദ്ദാക്കണമെന്ന വിദഗ്ധ സമിതി നിര്‍ദേശം കരിക്കുലം കമ്മിറ്റി തള്ളി. പാഠപുസ്തക അച്ചടിയില്‍ ക്രിയേറ്റീവ് കോമണ്‍സ് സ്വതന്ത്ര ലൈസന്‍സ്, സ്വതന്ത്ര സോഫ്റ്റ് വെയര്‍, യൂനിക്കോഡ്, തനതുലിപി എന്നിവ നടപ്പാക്കുന്നതിനു തടസ്സമായ വിദഗ്ധ സമിതിയുടെ നിര്‍ദേശം പരിഗണിക്കേണ്ടെന്നാണ് കരിക്കുലം കമ്മിറ്റിയുടെ തീരുമാനം.

നേരത്തെ കരിക്കുലം കമ്മിറ്റിയെടുത്ത തീരുമാനം അട്ടിമറിച്ചതിനെതിരെ രൂക്ഷമായ വിമര്‍ശമുയര്‍ന്ന സാഹചര്യത്തിലാണ് അടുത്ത വര്‍ഷം മുതല്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ പുസ്തക അച്ചടി ലിപി രൂപത്തിലാക്കാന്‍ തീരുമാനിച്ചത്. കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് ലിപി പരിഷ്‌കരണത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങള്‍ പഴയ ലിപിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ആദ്യ ഘട്ടമെന്ന നിലയില്‍ അഞ്ച്, ഏഴ് ക്ലാസുകളിലെ മലയാള പാഠപുസ്തകങ്ങള്‍ ഈ രൂപത്തില്‍ പരിഷ്‌കരിക്കാനായിരുന്നു നവംബര്‍ 11ന് ചേര്‍ന്ന യോഗ തീരുമാനം.
എന്നാല്‍, ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന വിദഗ്ധ സമിതി അടുത്ത വര്‍ഷം ലിപി പരിഷ്‌കരണം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഈ നിര്‍ദേശമാണ് വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കരിക്കുലം കമ്മിറ്റി തള്ളിയത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പരിഷ്‌കരിച്ച 37 പാഠപുസ്തകങ്ങള്‍ പ്രാബല്യത്തില്‍ വരും. ഇതില്‍ 12 പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് എന്‍ സി ഇ ആര്‍ ടിയാണ്.
1,3,5,7 ക്ലാസുകളിലെ ഇംഗ്ലീഷ് മീഡിയം പാഠപുസ്തങ്ങള്‍ക്കും കരിക്കുലം കമ്മിറ്റി അംഗീകാരം നല്‍കി. ഈ ക്ലാസുകളിലെ രണ്ടാം ഭാഗം പുസ്തകത്തിനും യോഗം അംഗീകാരം നല്‍കി. ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് ക്ലാസുകള്‍ അടുത്ത വര്‍ഷം മുതല്‍ ജൂണില്‍ത്തന്നെ ആരംഭിക്കും. നാല് സെമസ്റ്ററുകളിലായി നടക്കുന്ന കോഴ്‌സിന്റെ പരീക്ഷാ നടത്തിപ്പ് കാര്യക്ഷമമാക്കും. ഒന്ന് മുതല്‍ 12വരെയുള്ള പാഠപുസ്തകങ്ങളിലെ പഠനം ഐ ടി അധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക ശില്‍പ്പശാല സംഘടിപ്പിക്കും.
ഐ ടി പഠനം ഹയര്‍ സെക്കന്‍ഡറി മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങള്‍ ശില്‍പ്പശാല ചര്‍ച്ച ചെയ്യും. ഗുണനിലവാരമുള്ള പേപ്പറില്‍ പാഠ പുസ്തകങ്ങള്‍ അച്ചടിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളിലേക്ക് അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ (അസാപ്) പരിപാടി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ അടുത്ത വര്‍ഷം മുതല്‍ ആരംഭിക്കും.