എസ് എം എസ് പാര്‍ക്കിംഗ് സംവിധാനത്തിന് ഷാര്‍ജയില്‍ തുടക്കമായി

Posted on: January 9, 2014 9:00 pm | Last updated: January 9, 2014 at 9:11 pm

parkingഷാര്‍ജ: എസ് എം എസിലൂടെ പാര്‍ക്കിംഗ് ഫീസ് അടക്കുന്ന സംവിധാനത്തിന് ഷാര്‍ജയില്‍ തുടക്കമായി. 5566 എന്ന നമ്പറിലേക്ക് എസ് എം എസ് സന്ദേശം അയക്കാവുന്ന രീതിയാണിത്.

ഇംഗ്ലീഷിലും അറബിയിലും ഈ നമ്പറിലേക്ക് പെയ്ഡ് പാര്‍ക്കിംഗ് മേഖലയില്‍ വാഹനം നിര്‍ത്തിയാല്‍ എസ് എം എസ് അയക്കാമെന്ന് ഷാര്‍ജ നഗരസഭ ഡയറക്ടര്‍ ജനറല്‍ റിയാദ് അബ്ദുല്ല അയ്‌ലന്‍ വ്യക്തമാക്കി. ഷാര്‍ജയിലെ എല്ലാ പെയ്ഡ് പാര്‍ക്കിംഗ് കേന്ദ്രങ്ങളിലും ഏഴാം തിയതി മുതല്‍ എസ് എം എസ് സംവിധാനം നടപ്പാക്കിയിട്ടണ്ട്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യമായ രീതിയില്‍ പാര്‍ക്കിംഗ് ഫീ അടക്കാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമാണിത്. സന്ദേശം അയക്കുന്നവരുടെ മൊബൈല്‍ ഫോണിലെ ക്രെഡിറ്റ് തുകയില്‍ നിന്നും പാര്‍ക്കിംഗ് ഫീസ് ഈടാക്കുമെന്നതിനാല്‍ പാര്‍ക്കിംഗ് യന്ത്രത്തെ സമീപിക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കും.
വാഹന ഉടമ നമ്പര്‍ പ്ലേറ്റിലെ നമ്പറും എവിടെ നിന്നാണോ ഇഷ്യൂ ചെയ്തത് എന്നിവ ഉള്‍പ്പെടുത്തിയാണ് 5566ലേക്ക് സന്ദേശം അയക്കേണ്ടത്. സന്ദേശം അയച്ച ഉടന്‍ മൊബൈലിലേക്ക് മറുപടി സന്ദേശം ലഭിക്കും.
എത്ര സമയത്തേക്കാണ് പാര്‍ക്കിംഗ് അനുവദിച്ചിരിക്കുന്നതെന്നും വ്യക്തമാക്കിയിരിക്കും. പാര്‍ക്കിംഗ് സമയ പരിധി അവസാനിക്കുന്നതിന് 10 മിനുട്ട് മുമ്പായി സമയം അവസാനിക്കാറായെന്ന് സൂചിപ്പിക്കാന്‍ വീണ്ടും സന്ദേശം ലഭിക്കും. ദീര്‍ഘിപ്പിക്കേണ്ടവര്‍ എസ് എം എസ് നമ്പറില്‍ ‘എന്‍’ എന്ന് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത് അയച്ചാല്‍ മതിയെന്നും അദ്ദേഹം വിശദീകരിച്ചു.
യു എ ഇ രജിസ്‌ട്രേഷന്‍ നമ്പറുള്ള മുഴുവന്‍ വാഹനങ്ങള്‍ക്കും എസ് എം എസ് രീതി പിന്തുടരാവുന്നതാണെന്നും ഇതിനായി വാഹനം നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും റിയാദ് അബ്ദുല്ല അയ്‌ലന്‍ പറഞ്ഞു.