ബൈക്കപകടം: കഴിഞ്ഞ വര്‍ഷം പൊലിഞ്ഞത് 16 ജീവനുകള്‍

Posted on: January 9, 2014 9:07 pm | Last updated: January 9, 2014 at 9:07 pm

accidentഅബൂദാബി: കഴിഞ്ഞ വര്‍ഷം ബൈക്ക് അപകടങ്ങളില്‍ രാജ്യത്ത് മരണ മടഞ്ഞത് 16 പേര്‍. 235 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പലരുടെയും പരുക്ക് ഗുരുതരമാണ്. കഴിഞ്ഞ വര്‍ഷത്തെ ബൈക്കപകടങ്ങളുടെ കണക്ക് ആഭ്യന്തര മന്ത്രാലയമാണ് പുറത്ത് വിട്ടത്. നിയമങ്ങള്‍ ലംഘിച്ചു കൊണ്ട് ബൈക്കുകള്‍ നിരത്തിലിറങ്ങുന്ന പ്രവണത രാജ്യത്ത് കൂടിവരുന്നതിനാല്‍ ‘ബൈക്കപകടങ്ങളെ കരുതിയിരിക്കുക’ എന്ന പ്രമേയവുമായി ആഭ്യന്തര മന്ത്രാലയം കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്.
ബൈക്ക് ഉപയോഗിക്കുന്നവരെ ലക്ഷ്യംവെച്ചാണ് മന്ത്രാലയം ഇത്തരം ഒരു കാമ്പയിന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബൈക്ക് ഓടിക്കുന്നവര്‍ പരമാവധി നിയമം പാലിക്കാനുള്ള ബോധവല്‍ക്കരണമാണ് കാമ്പയിനിന്റെ ലക്ഷ്യം. 2014 – 2016 വര്‍ഷത്തേക്കുള്ള ട്രാഫിക് വകുപ്പിന്റെ പ്രവര്‍ത്തന പദ്ധതികളുടെ ഭാഗമാണ് ബൈക്ക് യാത്രക്കാരെ ബോധവല്‍ക്കരിക്കുന്ന ഈ പ്രത്യേക കാമ്പയിനെന്ന് ട്രാഫിക് തലവന്‍ കേണല്‍ ഗൈത് ഹസന്‍ അല്‍ സഈബി പറഞ്ഞു. രാജ്യ വ്യാപകമായി നടത്തുന്ന കാമ്പയിന്‍ കാലയളവില്‍ വൈവിധ്യമാര്‍ന്ന ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുമെന്നും അല്‍ സഈബി അറിയിച്ചു.