സരിതക്ക് ജയിലില്‍ ബ്യൂട്ടിഷ്യനുണ്ടോ: ഹൈക്കോടതി

Posted on: January 9, 2014 5:21 pm | Last updated: January 10, 2014 at 9:24 am

saritha sariകൊച്ചി: മന്ത്രിമാരും മാഫിയകളും ഗുണ്ടകളും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടോയെന്ന് സംശയിക്കുന്നതായി ഹൈക്കോടതി. സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ക്ക് ജയിലില്‍ സര്‍ക്കാര്‍ ചെലവില്‍ ബ്യൂട്ടിഷനുണ്ടോ എന്നും കോടതി ചോദിച്ചു. സലീം രാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ അന്തിമ വാദം കേള്‍ക്കവെയാണ് ജസ്റ്റിസ് ഹാരൂണ്‍ അല്‍ റഷീദ് സര്‍ക്കാര്‍ അഭിഭാഷകനോട് ഇക്കാര്യം ചോദിച്ചത്.

മന്ത്രിമാരുടെ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് സരിതാ നായരുടെ വസത്രധാരണത്തെക്കുറിച്ച് കോടതി സംശയം പ്രകടിപ്പിച്ചത്. ഓരൊ തവണ കോടതിയില്‍ ഹാജരാകുമ്പോഴും സരിതാ നായര്‍ ഓരോ സാരിയാണ് ധരിക്കുന്നത്. ജയിലില്‍ കഴിയുന്നവര്‍ക്ക് വിരലിലെണ്ണാവുന്ന വസ്ത്രങ്ങള്‍ മാത്രമെ ലഭിക്കുകയുള്ളൂ എന്നിരിക്കെ സരിതക്ക് എവിടെ നിന്നാണ് ഇത്രയും സാരി ലഭിക്കുന്നതെന്ന് കോടതി ചോദിച്ചു. സരിതക്ക് എത്ര സാരിയുണ്ടെന്നും അത് എവിടെ നിന്നാണെന്നും ചോദിച്ച കോടതി അവരെ സാധാരണ വസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നും വ്യക്തമാക്കി.

സരിതക്ക് സാരി സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനമുണ്ടോ എന്നും അവര്‍ക്ക് ജയിലില്‍ സര്‍ക്കാര്‍ ചെലവില്‍ ബ്യൂട്ടിഷനുണ്ടോ എന്നും കോടതി സംശയം പ്രകടിപ്പിച്ചു. ഇങ്ങനെയെങ്കില്‍ ആളുകള്‍ക്ക് ജയിലില്‍ പോകാന്‍ ഒരു മടിയുമുണ്ടാകില്ല. ജനങ്ങള്‍ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും കോടതി പറഞ്ഞു.

കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സരിതയെ എന്തിനാണ് പുതുപ്പള്ളി വഴി കൊണ്ടുപോയതെന്നും കോടതി ആരാഞ്ഞു.