കേന്ദ്ര സര്‍ക്കാര്‍ മാതൃകയില്‍ സംസ്ഥാനത്തും ആയുഷ് വകുപ്പ് രൂപവത്കരിക്കണം

Posted on: January 9, 2014 8:05 am | Last updated: January 9, 2014 at 8:05 am

കല്‍പറ്റ: കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ആയുഷ് ഡിപ്പാര്‍ട്ട് മാതൃകയില്‍ സംസ്ഥാനത്തും ഡിപ്പാര്‍ട്ട് രൂപവത്കരിക്കണമെന്ന് ആയൂര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യാ സംസ്ഥാന ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഡിപ്പാര്‍ട്ട്‌മെന്റ് രൂപീകരിക്കുന്ന പക്ഷം ആയുര്‍വേദം, യുനാനി, സിദ്ധ എന്നിവക്കായി കേന്ദ്രസര്‍ക്കാര്‍ നിന്നും, ആയുഷ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഉയര്‍ന്ന തോതില്‍ ഫണ്ട് സംസ്ഥാനത്തിന് ലഭിക്കും. വൈദ്യശാസ്ത്ര ശാഖകള്‍ ഒരു കുടകീഴില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച കോ-ലൊക്കേഷന്‍ പദ്ധതി അസോസയേഷന്‍ പരമാവധി പ്രവര്‍ത്തനം നടത്തി വരികയാണ്. ഈ പദ്ധതി പ്രകാരം സ്ഥല സൗകര്യമുള്ള ഹെല്‍ത്ത് സെന്ററുകളില്‍ അതാത് പഞ്ചായത്തിന് താല്‍പ്പര്യമുള്ളപക്ഷം ആയൂര്‍വേദ, ഹോമിയോ ഡിസ്പന്‍സറികള്‍ കൂടി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും.
കേരളത്തിന്റെ ഭാവി ആരോഗ്യനയം രൂപീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തുകയുണ്ടായി. ഈ കമ്മിറ്റിയില്‍ നാമമാത്രമായ അംഗങ്ങള്‍ മാത്രമേ അലോപ്പതി ഇതര വൈദ്യശാസ്ത്രങ്ങളില്‍ നിന്നും ഉള്‍പ്പെടുത്തിയിട്ടുള്ളു. ഈ കമ്മിറ്റിയില്‍ എല്ലാ വൈദ്യശാസ്ത്രങ്ങള്‍ക്കും തുല്യമായ പ്രാധാന്യവും, പരിഗണനയും നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
പഞ്ചായത്ത് തലത്തിലെ ആരോഗ്യ പ്രവര്‍ത്തകരായ ആശാവര്‍ക്കര്‍മാരുടെയും, മറ്റും സേവനം ഇപ്പോള്‍ അലോപ്പതി മേഖലക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കയാണ്. എന്നാല്‍ ഇവരുടെ പ്രവര്‍ത്തനം ആയുര്‍വേദ മേഖലക്ക് കൂടി പ്രയോജനപ്രദമാവുന്ന രീതിയില്‍ പുനര്‍വിന്യസിച്ചാല്‍ പൊതുജനോപകാരപ്രദമാവും. ആയൂര്‍വേദം പല പേരുകൡല്‍ ദുരുപയോഗം ചെയ്യുന്ന സ്ഥിതിയാണുള്ളത്. അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്തവര്‍ ഇത്തരത്തില്‍ ആരോഗ്യരംഗം കൈകാര്യം ചെയ്യുന്നതിനെതിരെ സംഘടന നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. അസോസിയേഷന്‍ സംസ്ഥാന സമ്മേളനം 11,12 തിയ്യതികളില്‍ കല്‍പ്പറ്റിയല്‍ നടത്തും. പത്രസമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ പി.പി ആലി, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ.പി.സുകുമാരന്‍, കണ്‍വീനര്‍ ഡോ.പി.ആര്‍ രാജ്‌മോഹന്‍, ഡോ.മുഹമ്മദ് റാസി, ഡോ.എം.വി ഷാജി, ഡോ.ഷബീല്‍ ഇബ്രാഹിം, ഡോ.വിനോദ് ബാബു പങ്കെടുത്തു.