വൈദഗ്ധ്യ പരിശീലനവും ജോലിയുറപ്പുമായി കുടുംബശ്രീ

Posted on: January 9, 2014 8:00 am | Last updated: January 9, 2014 at 8:00 am

കോഴിക്കോട്: നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതിയായ എസ് ജെ എസ് ആര്‍ വൈ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ നഗരപ്രദേശത്തെ തൊഴില്‍രഹിതരായ യുവതി, യുവാക്കളെ കണ്ടെത്തി തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ബേങ്കിംഗ് ഫിനാന്‍സ് ആന്‍ഡ് ഇന്‍ഷ്വറന്‍സ് സര്‍വീസ് സെക്ടര്‍, ഹൗസ് കീപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്‌സ്, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ്, ഐ ടി എനേബിള്‍ഡ് സര്‍വീസസ്- കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ്, ഓഫീസ് മാനേജ്‌മെന്റ് – ബെയ്‌സിക് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് മേഖലയില്‍ പരിശീലനം നല്‍കി ജോലി ഉറപ്പുനല്‍കുന്നതാണ് പദ്ധതി.
കോര്‍പറേഷനിലെയും വടകര, കൊയിലാണ്ടി മുനിസിപ്പാലിറ്റികളിലെയും സ്ഥിര താമസക്കാരും പ്ലസ് ടുവോ അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള ബി പി എല്‍ വിഭാഗത്തില്‍പ്പെടുന്നവരും കുടുംബശ്രീ കുടുംബാംഗവുമായ 18നും 35നും മധ്യേ പ്രായമുള്ള യുവതീ യുവാക്കളായിരിക്കണം അപേക്ഷകര്‍. ഉദ്യോഗാര്‍ഥികള്‍ അതാത് കോര്‍പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും കുടുംബശ്രീ സി ഡി എസ് ഓഫീസുകളില്‍ ഈ മാസം 20ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാഫോം അതാത് കുടുംബശ്രീ സി ഡി എസ് ഓഫീസുകളില്‍ ലഭിക്കും. അപേക്ഷകര്‍ ബി പി എല്‍ കുടുംബാംഗമാണെന്ന് തെളിയിക്കുന്നതും കുടുംബശ്രീ കുടുംബാംഗമാണെന്ന് തെളിയിക്കുന്നതുമായ രേഖകളും അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
സംസ്ഥാന കുടുംബശ്രീ മിഷനുമായി ധാരണാപത്രം ഒപ്പുവെച്ച ശ്രീറാം ന്യൂ ഹൊറൈസണ്‍ ലിമിറ്റഡ്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പ്യൂട്ടര്‍ അക്കൗണ്ടന്റ്‌സ്, സ്‌കില്‍ പ്രോ പ്രൈവറ്റ് ലിമിറ്റഡ്, സിറ്റി ഗില്‍സ് മണിപ്പാല്‍ ഗ്ലോബല്‍ എന്നീ ഏജന്‍സികളുമായി ചേര്‍ന്നാണ് ആദ്യഘട്ടത്തില്‍ കോര്‍പറേഷനുകളിലും നഗരസഭകളിലുമായി വൈദഗ്ധ്യ പരിശീലനം നല്‍കുന്നത്.
2014 ല്‍ 1000 കുടുംബശ്രീ കുടുംബാംഗങ്ങളായ യുവതീ യുവാക്കള്‍ക്ക് ജില്ലയിലെ കോര്‍പറേഷന്‍, മുനിസിപ്പാലിറ്റികളില്‍ നിന്നായി വ്യത്യസ്ത മേഖലകളില്‍ വൈദഗ്ധ്യ പരിശീലനം നല്‍കി ജോലി ഉറപ്പുനല്‍കാനാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ലക്ഷ്യം വെക്കുന്നത്.