Connect with us

Kozhikode

കൊയിലാണ്ടിയിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കും: പിണറായി

Published

|

Last Updated

കൊയിലാണ്ടി/കോഴിക്കോട്: സി പി എം മുന്‍ കൊയിലാണ്ടി ഏരിയാ സെക്രട്ടറി എന്‍ വി ബാലകൃഷ്ണന്റെ സസ്പന്‍ഷനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കാനാകുമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പാര്‍ട്ടി നടപടി ബാലകൃഷ്ണന്‍ അംഗീകരിച്ചിട്ടുണ്ട്. നടപടിക്ക് വിധേയനാണെന്നു വന്നാല്‍ വിയോജിപ്പിന്റെ പ്രശ്‌നമില്ലെന്ന് ചെങ്ങോട്ടുകാവ് വനിത സഹകരണ സംഘം കെട്ടിടോദ്ഘാടനത്തിന് എത്തിയ പിണറായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിലപാടുകളില്‍ മാറ്റം വരുത്താത്ത പാര്‍ട്ടിയാണ് സി പി എം. പാര്‍ട്ടി തീരുമാനം പാലിക്കാന്‍ അംഗങ്ങള്‍ ബാധ്യസ്ഥരാണ്. കൊയിലാണ്ടിയില്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു.
കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ക്ക് പകരം പുതിയ കമ്മിറ്റിയും റിപ്പോര്‍ട്ടും വേണമെന്ന് കെട്ടിടോദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് പിണറായി പറഞ്ഞു. ശാസ്ത്രജ്ഞര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മറ്റ് മേഖലകളിലുള്ളവര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാകണം കമ്മിറ്റി. പരിസ്ഥിതി പ്രശ്‌നം പ്രധാനമാണ്. എന്നാല്‍ മനുഷ്യരെ കണക്കിലെടുക്കാതെയുള്ള ഒരു നിലപാടും അംഗീകരിക്കാനാകില്ല. ആറന്മുള വിമാനത്താവളം വരുന്നത് സിപി എം നേരത്തെ എതിര്‍ത്തതാണ്. ഭൂമിയുടെ പോക്കുവരവ് അടക്കം നടത്തിയത് യു ഡി എഫ് സര്‍ക്കാറാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
മനുഷ്യനെ പരിഗണിക്കാത്ത കേവല പരിസ്ഥിതി സംരക്ഷണ വാദത്തോട് ഇടതുപക്ഷത്തിന് ഒരിക്കലും യോജിക്കാനാകില്ലെന്ന് പന്തീരാങ്കാവ് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന സംഗമവും സെമിനാറും ഉദ്ഘാടനം ചെയ്യവെ പിണറായി പറഞ്ഞു. പ്രകൃതിയുടെ വരദാനമായി ലഭിച്ച കരിമണലിനെ മൂല്യവര്‍ധിത ഉത്പന്നമാക്കി മാറ്റാനായാല്‍ സാമ്പത്തികമായി വന്‍ നേട്ടമുണ്ടാക്കാന്‍ സംസ്ഥാനത്തിന് സാധിക്കും. എന്നാല്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ മാത്രമാണ് നമുക്ക് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വികസനത്തിന് മതനിരപേക്ഷത അത്യാവശ്യമാണ്. ഇതിന് തടസ്സം നില്‍ക്കുന്നത് ഭൂരിപക്ഷ സമുദായത്തിലെ വര്‍ഗീയ നിലപാടുള്ള ന്യൂനപക്ഷമാണ്. ഇതിന് തടയിടാന്‍ മതനിരപേക്ഷത വെച്ചുപുലര്‍ത്തുന്ന ഭൂരിപക്ഷ സമുദായത്തിലെ ഭൂരിപക്ഷത്തെ കണ്ടെത്തി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഏരിയാ സെക്രട്ടറി ഹരിദാസന്‍ കാനങ്ങോട്ട് അധ്യക്ഷത വഹിച്ചു. സി പി എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍, പ്രൊഫ. കെ ടി കുഞ്ഞിക്കണ്ണന്‍, ഹുസൈന്‍ രണ്ടത്താണി പ്രസംഗിച്ചു.

Latest