22 ലക്ഷം രൂപയുടെ അഫ്ഗാന്‍ കറന്‍സിയുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍

Posted on: January 9, 2014 7:54 am | Last updated: January 9, 2014 at 7:54 am

പാലക്കാട്: അഫ്ഗാന്‍ കറന്‍സിയുമായി പാലക്കാട്ടെത്തിയ തമിഴ്‌നാട് സ്വദേശിയെ പോലീസ് പിടികൂടി. തമിഴ്‌നാട് വെല്ലൂര്‍ ജില്ലയിലെ വാണിയംപാടി സാക്കിറാബാദ് മുഹമ്മദ് ഇബ്‌റാഹീമിന്റെ മകന്‍ അബ്ദുല്‍ ഹമീദ് 41 ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 200 അഫ്ഗാന്‍ കറന്‍സികളാണ് പിടിച്ചെടുത്തത്. പതിനായിരം രൂപയുടെ നോട്ടുകള്‍ നൂറണ്ണം വീതമുള്ള രണ്ട് കെട്ടുകളായിട്ടാണ് സൂക്ഷിച്ചിരുന്നത്. പതിനായിരം രൂപയുടെ ഒരു അഫ്ഗാന്‍ കറന്‍സിക്ക് 11,700 ഇന്ത്യന്‍ രൂപയുടെ മൂല്യം വരുമെന്ന് പോലീസ് പറഞ്ഞു. ഇത് പ്രകാരം 22 ലക്ഷത്തോളം രൂപയുടെ കറന്‍സിയാണ് അബ്ദുല്‍ ഹമീദിന്റെ കൈയില്‍ ഉണ്ടായിരുന്നത്.
ഇന്ത്യയില്‍ വ്യാപകമായ ഇടപാട് നടക്കാത്തതിനാല്‍ പിടിച്ചെടുത്ത അഫ്ഗാന്‍ കറന്‍സി വ്യാജമാണോയെന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. എക്‌സ്‌ചേഞ്ച് കേന്ദ്രങ്ങളിലും ബേങ്കുകളിലും പോലീസ് നോട്ട് കാണിച്ചെങ്കിലും യഥാര്‍ഥ നോട്ടാണോയെന്ന് അവര്‍ സ്ഥിരീകരിച്ചില്ല. പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പുലര്‍ച്ചെ ഒലവക്കോട് നിന്നാണ് ഇയാളെ പിടികൂടിയത്. മണ്ണാര്‍ക്കാട്ട് ഭാര്യാവീടുള്ള ഇയാള്‍ നോട്ട് മാറ്റാനായി തിരുച്ചിയില്‍ നിന്ന് തീവണ്ടി മാര്‍ഗമാണ് ഒലവക്കോട്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. നൂറെണ്ണത്തിന്റെ ഒരു കെട്ട് നോട്ട് മാറ്റിയാല്‍ 50,000 രൂപ കമ്മീഷന്‍ ലഭിക്കുമെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞ ത്. തിരുച്ചിയില്‍ ഹോട്ടല്‍ നടത്തിയിരുന്ന ഇയാള്‍ക്ക് അവിടെ വെച്ച് പരിചയപ്പെട്ട വ്യക്തിയാണ് കറന്‍സി നല്‍കിയതത്രെ. രണ്ടായിരം ഡോളര്‍ വരെ മൂല്യമുള്ള അഫ്ഗാന്‍ കറന്‍സി മാത്രമേ ഒരാള്‍ക്ക് കൈവശം വെക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ. ഈ പരിധി മറികടന്നതിനാല്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.