പുകയില മുക്ത മലപ്പുറം: നാളെ മുതല്‍ പരിശോധന ശക്തമാക്കും

Posted on: January 9, 2014 7:52 am | Last updated: January 9, 2014 at 7:52 am

മലപ്പുറം: പുരുഷന്‍മാരില്‍ 50 ശതമാനം ക്യാന്‍സറിനും സ്ത്രീകളില്‍ 15 ശതമാനം ക്യാന്‍സറിനും കാരണമാകുന്ന പുകയില ഉത്പന്നങ്ങള്‍ ജില്ലയില്‍ നിന്ന് നിര്‍മാര്‍ജനം ചെയ്ത് പുകയില മുക്ത മലപ്പുറമാക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ ഈമാസം 18 വരെ ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടേയും മറ്റു ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ ശക്തമായ പരിശോധന നടത്തുമെന്ന് എ ഡി എം പി മുരളീധരന്‍, ഡി എം ഒ ഡോ. വി ഉമ്മര്‍ ഫാറൂഖ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്ര പുകയില നിയന്ത്രണ നിയമം 2003, ആറാം വകുപ്പ് പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 വാര(91.4 മീറ്റര്‍) ചുറ്റളവില്‍ പുകയില ഉത്പന്നങ്ങളുടെ വില്‍പനയും ഉപയോഗവും ശിക്ഷാര്‍ഹമാണ്. ആരോഗ്യ വകുപ്പ് നിയമപ്രകാരം പുകയില ഉത്പന്നങ്ങളുടെ എല്ലാത്തരം പരസ്യങ്ങളും നിയമ വിരുദ്ധമാണ്.
നാളെ മുതല്‍ നടക്കുന്ന പരിശോധനക്കായി ഓരോ സി എച്ച് സി/ പി എച്ച് സി തലത്തില്‍ ഒരു വനിതയെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ ടീം രൂപവത്കരിച്ചിട്ടുണ്ട്.
മുനിസിപ്പാലിറ്റി ഏരിയയില്‍ പരിശോധന നടത്തുന്നതിനായി ഡെപ്യൂട്ടി ഡി എം ഒ ന്മാരുടെ നേതൃത്വത്തില്‍ മൂന്ന് പേരടങ്ങുന്ന മൂന്ന് ടീം രൂപവത്കരിച്ചിട്ടുണ്ട്. പരിശോധന സമയത്ത് വിദ്യാലങ്ങളില്‍ സ്ഥാപിക്കേണ്ട നിയമാനുസൃതമായ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കും.
പരിശോധന സമയത്ത് സനിരോധിച്ച പുകയില ഉത്പന്നങ്ങള്‍(ഹാന്‍സ്, പാന്‍പരാഗ്, ശംഭു…) കണ്ടെത്തിയാല്‍ മഹസര്‍ തയ്യാറാക്കി പിടിച്ചെടുത്ത് പോലീസ് കൈമാറും. ഇതിന്റെ ഭാഗമായി വ്യാപാരി വ്യവസായി സംഘടനകളെ നിയമത്തെ കുറിച്ചും ആരോഗ്യ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചും പുകയില ഉത്പന്നങ്ങളുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചും ബോധവത്കരണം നടത്തിയിട്ടുണ്ട്.
ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ വിദ്യാഭ്യാസം, പോലീസ്, ഫുഡ്‌സേഫ്റ്റി, വ്യാപാരി സംഘനകള്‍ എന്നിവര്‍ പങ്കെടുത്തു.
സ്‌കൂളുകള്‍ വഴി കുട്ടികള്‍ക്ക് പ്രത്യേക ബോധവത്കരണവും നടത്തി. ഈമാസം 10നകം പുകയില ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ വെച്ചുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ പോലീസിന്റെ സഹായത്തോടെ നടപടിയെടുക്കുമെന്നും ഇവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി ഡി എം ഒ ഡോ. ആര്‍ രേണുക, ഡെ. മാസ് മീഡിയ ഓഫീസര്‍ പി രാജു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് എം വേലായുധന്‍ സംബന്ധിച്ചു.