പ്രവാചക ചര്യ ലോകത്തിന് മാതൃക: ശൈഖ് അബ്ദുല്‍ ഫത്താഹ് യാഫിഈ അല്‍ഖുദൈശി യമന്‍

Posted on: January 9, 2014 7:50 am | Last updated: January 9, 2014 at 7:50 am

മലപ്പുറം: പുതിയ ലോകം അഭിമുഖീകരിക്കുന്ന മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും പരിഹാരം പ്രവാചക ദര്‍ശനങ്ങളിലേക്കുള്ള മടക്കമാണെന്നും മനുഷ്യനടക്കമുള്ള സര്‍വതിനോടും കരുണാമനസ്സോടെയുള്ള സഹവര്‍ത്തിത്വമാണ് വിജയത്തിന് നിദാനമെന്നും ശൈഖ് അബ്ദുല്‍ ഫത്താഹ് യാഫിഈ അല്‍ഖുദൈശി യമന്‍ പറഞ്ഞു.
കേരളത്തിലേതു പോലെത്തന്നെയുള്ള മീലാദാഘോഷങ്ങളാണ് യമനിലും സംഘടിപ്പിക്കാറുള്ളതെന്നും റബീഉല്‍ അവ്വല്‍ മാസത്തെ മുസ്‌ലിംകള്‍ സന്തോഷപൂര്‍വം വരവേല്‍ക്കുന്ന കാഴ്ചയാണ് ആഗോളതലത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീലാദ് ഗാല 2014 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുലത്തീഫ് അലി ഫിജി, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ശൗകത്ത് മിസ്ബാഹി പൂനെ, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, അബ്ബാസ് സഖാഫി മണ്ണാര്‍ക്കാട്, ദുല്‍ഫുഖാറലി സഖാഫി മേല്‍മുറി, ശിഹാബലി അഹ്‌സനി പ്രസംഗിച്ചു.
ഈ മാസം 13ന് തിങ്കളാഴ്ച വൈകുന്നേരം 3ന് ദഫ്, സ്‌കൗട്ട്, മദ്ഹ് ഗീതങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ മലപ്പുറത്ത് നബിദിന സന്ദേശറാലിയും 14ന് പുലര്‍ച്ചെ 3 മണിക്ക് മൗലിദ് പാരായണവും അന്നദാനവും നടക്കും.