Connect with us

Editorial

സാക്ഷരകേരളം എങ്ങോട്ട്?

Published

|

Last Updated

സാക്ഷര കേരളത്തെ ഞെട്ടിക്കുന്നതാണ് സംസ്ഥാനങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചു കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയവും നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷനും ചേര്‍ന്ന് നടത്തിയ പഠന റിപ്പോര്‍ട്ടിലെ വിവരങ്ങള്‍. പ്രാഥമിക വിദ്യാഭ്യാസത്തില്‍ കേരളം പതിനാലാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടിരിക്കുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. 2011-12 വര്‍ഷത്തില്‍ സംസ്ഥാനം ഏഴാം സ്ഥാനത്തായിരുന്നു. അപ്പര്‍ പ്രൈമറി തലത്തിലാണ് ഏറ്റവും വലിയ തകര്‍ച്ച. 2010-11 ലെ ആറാം സ്ഥാനത്ത് നിന്ന് 20-ാം സ്ഥാനത്തേക്കാണ് കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തില്‍ അപ്പര്‍ പ്രൈമറി തലം ആപതിച്ചത്.

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ രക്ഷിതാക്കള്‍ മുന്‍കാലത്തേക്കാള്‍ ബോധവാന്മാരാണിന്ന്. കുട്ടികളെ പഠിപ്പിച്ചു ഉയര്‍ന്ന സ്ഥാനത്തെത്തിക്കണമെന്നാഗ്രഹിക്കാത്ത രക്ഷിതാക്കള്‍ തുലോം വിരളമാണ്. ഈയിനത്തില്‍ എത്ര പണവും ചെലവഴിക്കാന്‍ ഒരുക്കവുമാണവര്‍. പഠന നിലവാരം ഉയര്‍ത്തുന്നതിന് പ്രാദേശിക തലത്തിലും കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. വിദ്യാഭ്യാസ മേഖലക്കുള്ള ബജറ്റിലെ നീക്കിവെപ്പ് വര്‍ഷം തോറും കുത്തനെ ഉയര്‍ത്തുകയും ചെയ്യുന്നു. കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തെ വദ്യാഭ്യാസ മേഖലയിലേക്ക് പല വിധ ഫണ്ടുകളും ലഭിക്കുന്നുമുണ്ട്. എന്നിട്ടുമെന്തേ ഈ അധോഗതി? എട്ടാം ക്ലാസ് വരെ ആരെയും തോല്‍ പ്പിക്കേണ്ടതില്ലെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥയാണിതിനൊരു കാരണമെന്നാണ് മാനവവിഭവശേഷി വികസനത്തിനുള്ള പാര്‍ലിമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ വിലയിരുത്തല്‍. സ്‌കൂളില്‍നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറക്കുന്നതിനാണ് എല്ലാവരെയും വിജയിപ്പിക്കാനുള്ള തീരുമാനം വന്നത്. ഇത് പക്ഷെ വിദ്യാഭ്യാസ ഗുണനിലവാരത്തെ സാരമായി ബാധിച്ചുവെന്നാണ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അധ്യക്ഷനായുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പഠനം കണ്ടെത്തിയത്. അഞ്ചാം ക്ലാസില്‍ പോലും രണ്ടാം ക്ലാസുകാരന്റെ പഠന നിലവാരമില്ലാത്തവരാണ് വിദ്യാര്‍ഥികളില്‍ പകുതിയോളം. 2010 മുതല്‍ 2012 വരെയുള്ള രണ്ട് വര്‍ഷക്കാലത്തിനിടെ രണ്ടാം ക്ലാസിലെ പുസ്തകങ്ങള്‍ വായിക്കാന്‍ കഴിയാത്ത അഞ്ചാം ക്ലാസുകാരുടെ എണ്ണം 46 ശതമാന ത്തില്‍ നിന്ന് 53 ശതമാനമായി ഉയര്‍ന്നതായി സര്‍വേയില്‍ വ്യക്തമായി. രണ്ടാം ക്ലാസുകാര്‍ക്കുള്ള കണക്കിലെ സമസ്യകള്‍ക്ക് ഉത്തരം കണ്ടെത്താന്‍ 46.5 ശതമാനം അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും ആകുന്നില്ല. 2010ല്‍ ഇത് 29 ശതമാനം മാത്രമായിരുന്നു.
അപ്പര്‍ പ്രൈമറിയില്‍ ആരെയും തോല്‍പ്പിക്കേണ്ടതില്ലെന്ന തീരുമാനം കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുമെന്ന നിഗമനം വന്‍വിഡ്ഢിത്തമായിപ്പോയെന്ന് രണ്ട് മാസം മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബിജു പ്രഭാകര്‍ അധ്യാപക സംഘടനകളുടെ യോഗത്തില്‍ വിതരണം ചെയ്ത കുറിപ്പില്‍ വിലയിരുത്തുന്നുണ്ട്. 2001ല്‍ 56ലക്ഷം കുട്ടികളാണ് പൊതു വിദ്യാലയങ്ങളിലുണ്ടായിരുന്നതെങ്കില്‍ ഇന്നത് 36 ലക്ഷമായി ചുരുങ്ങുകയാണുണ്ടായത്. പഠനനിലവാരമില്ലാത്ത വിജയമല്ല, ഉന്നത വിദ്യാഭ്യാസത്തിന് കുട്ടികളെ പ്രാപ്തരാക്കുന്ന പഠനരീതിയാണ് രക്ഷിതാക്കള്‍ ആഗ്രഹിക്കുന്നതെന്നതിനാല്‍ അവര്‍ പൊതുവിദ്യാലയങ്ങളെ കൈയൊഴിഞ്ഞു നിലവാരമുള്ളവയെന്നു വിശേഷിപ്പിക്കപ്പെടുന്ന സ്വകാര്യ സ്‌കൂളുകളെ ആശ്രയിക്കുകയാണ്.
വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്താനായി ആവിഷ്‌കരിച്ച എസ് എസ് എ പദ്ധതി വിപരീത ഫലമാണുളവാക്കിയതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇതിനു വേണ്ടി അനുവദിച്ച ഫണ്ട് വിനിയോഗത്തില്‍ വന്‍ ക്രമക്കേടുകളും വെട്ടിപ്പുകളും അരങ്ങേറുകയും ചെയ്യുന്നു. നഴ്‌സറി തലം മുതല്‍ ഉന്നതവിദ്യാഭ്യാസരംഗം വരെ അടിമുടി കച്ചവടവത്കരിക്കപ്പെട്ട നിലവിലെ ചുറ്റുപാടില്‍ ഇത്തരം ക്രമക്കേടുകള്‍ പൊതുവിദ്യാഭ്യാസ മേഖലയെ ജനങ്ങളില്‍ നിന്ന് കൂടുതല്‍ അകറ്റുകയാണ്.
നേരത്തെ ഹൈക്കോടതി ജഡ്ജി സിരിജഗന്‍ നിരീക്ഷിച്ചതുപോലെ, നിലവാരമില്ലാത്ത വിദ്യാഭ്യാസക്കാരെ സമൂഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് വിദ്യാഭ്യാസ മേഖല. ഈ അധഃപതനത്തില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാന്‍ സര്‍ക്കാറിനും കോടതികള്‍ക്കും ബാധ്യതയുണ്ട്. കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിന് മുമ്പ് പഠന നിലവാരത്തില്‍ സംസ്ഥാനത്തിനുണ്ടായ മുന്‍പദവി വീണ്ടെടുക്കാന്‍ ഇരു വിഭാഗവും ചേര്‍ന്ന് സുചിന്തിതവും വിവേക പൂര്‍ണവുമായ നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. കേരളത്തിലെ സ്‌കൂള്‍ പഠന നിലവാരത്തിന്റെ പതനത്തിന് ആക്കം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോടതിയുടെ നിരീക്ഷണത്തിനും നിര്‍ദേശങ്ങള്‍ക്കും കൂടുതല്‍ പ്രസക്തിയുണ്ട്.

Latest