Connect with us

International

കോടതിയില്‍ ഹാജരാക്കിയില്ല; മുര്‍സിയുടെ വിചാരണ മാറ്റി

Published

|

Last Updated

കൈറോ: പുറത്താക്കപ്പെട്ട ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ വിചാരണ നീട്ടി. മോശം കാലാവസ്ഥയെ തുടര്‍ന്ന് മുര്‍സിയുമായി എത്തിയ ഹെലികോപ്റ്ററിന് ലാന്‍ഡ് ചെയ്യാന്‍ സാധിക്കാത്തതിനാലാണ് മുര്‍സിയെ ഹാജരാക്കാന്‍ സാധിക്കാതിരുന്നതെന്ന് ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. വിചാരണയുമായി ബന്ധപ്പെട്ട് മുര്‍സി അനുകൂലികളായ ബ്രദര്‍ഹുഡ് പ്രക്ഷോഭകര്‍ അക്രമാസക്തമായ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് വിചാരണ മാറ്റിയത്. വിചാരണ നടപടികള്‍ അടുത്ത മാസം ഒന്നിലേക്ക് മാറ്റിയതായി കോടതി വക്താക്കള്‍ അറിയിച്ചു.
കൈറോയിലെ ദേശീയ പോലീസ് അക്കാദമി കോംപ്ലക്‌സിലാണ് പ്രാദേശിക സമയം ഇന്നലെ രാവിലെ 11 മണിക്ക് വിചാരണ നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ സമയം മുര്‍സിയെ ഹാജരാക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചില്ല. പ്രതിഭാഗം വക്കീലുമാരും പ്രോസിക്യൂട്ടര്‍മാരുമെല്ലാം ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം തന്നെ കോടതിയിലെത്തിയിരുന്നു.
അതേസമയം, മുര്‍സിയെ അലെക്‌സാണ്ട്രിയയിലെ ജയിലില്‍ നിന്ന് പുറത്തുകൊണ്ടുവന്നിരുന്നില്ലെന്നും കൈറോയിലും പരിസരങ്ങളിലെയും കാലാവസ്ഥ ശാന്തമായിരുന്നുവെന്നും ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. മുര്‍സിയുടെ വിചാരണ മാറ്റിവെച്ചതില്‍ ദുരൂഹതയുണ്ടെന്നും പ്രതിഭാഗം അഭിഭാഷകരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മുര്‍സിയെ വിചാരണ ചെയ്യുന്നത് നിയമവിരുദ്ധവും ഈജിപ്ഷ്യന്‍ ഭരണഘടനക്ക് എതിരുമാണെന്നും മുര്‍സി അനുയായികള്‍ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയായിരിക്കെ ജനകീയ പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമര്‍ത്തുകയും നിരവധി സാധാരണക്കാരെ കൊലപ്പെടുത്തുകയും ചെയ്തുവെന്ന കുറ്റത്തിന് അറസ്റ്റിലായ മുര്‍സിയുടെയും 14 ബ്രദര്‍ഹുഡ് നേതാക്കളുടെയും വിചാരണയാണ് നടക്കേണ്ടത്.
ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട മുര്‍സിയെ സൈന്യമാണ് അറസ്റ്റ് ചെയ്തത്. മുര്‍സിക്ക് അധികാരം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ സുരക്ഷ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് മുര്‍സിയെ ഹെലികോപ്റ്ററില്‍ കോടതിയിലെത്തിക്കാന്‍ സൈന്യം തീരുമാനിച്ചത്.

Latest