ദേവയാനി പ്രശ്‌നം: ഇന്ത്യ നിലപാട് കര്‍ശനമാക്കുന്നു

Posted on: January 8, 2014 11:32 pm | Last updated: January 8, 2014 at 11:32 pm

devyaniന്യൂഡല്‍ഹി: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രഗഡെയുടെ അറസ്റ്റിനെ തുടര്‍ന്ന് അമേരിക്കക്കെതിരായ നടപടി ഇന്ത്യ ശക്തമാക്കുന്നു. ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ നടക്കുന്ന എല്ലാ വാണിജ്യപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടു. വിശാലമായ സ്ഥാനപതി കാര്യാലയത്തിലെ നീന്തല്‍കുളം, സമീപത്തെ ഭക്ഷണശാല, ബാര്‍ ,ടെന്നിസ് കോര്‍ട്ട്, ബ്യൂട്ടി പാര്‍ലര്‍, ജിംനേഷ്യം എന്നിവ ജനുവരി പതിനാറോടെ അടച്ചിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. യു.എസ് എംബസി വാഹനങ്ങള്‍ക്കുള്ള നയതന്ത്ര പരിരക്ഷയും എടുത്തുകളഞ്ഞു. ഇനി മുതല്‍ എംബസി വാഹനങ്ങള്‍ ട്രാഫിക് നിയമം ലംഘിച്ചാല്‍ പിഴ ചുമത്താം.
നയതന്ത്രപ്രതിനിധികള്‍ക്ക് നല്‍കേണ്ട പ്രത്യേക സൗകര്യങ്ങള്‍ വിയന്ന കണ്‍വെന്‍ഷന്‍ വ്യവസ്ഥകളനുസരിച്ച് മതിയെന്നാണ് ഇന്ത്യയുടെ നിലപാട്. ദേവയാനിയുടെ അറസ്റ്റും തുടര്‍നടപടികളും വിയന്ന കണ്‍വെന്‍ഷന്‍ നടപടിക്രമം അനുസരിച്ചാണെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു.
വിസാ വഞ്ചനാകുറ്റത്തില്‍ അറസ്റ്റിലായ ദേവയാനി കോബ്രഗഡെയെ മയക്കുമരുന്ന് പ്രതികള്‍ക്കൊപ്പം ജയിലടച്ചതും നഗ്‌നയാക്കി ദേപരിശോധന നടത്തിയതുമാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. അതിനിടെ, കുറ്റപത്രം സമര്‍പ്പിക്കുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ദേവയാനി ന്യുയോര്‍ക്ക് കോടതിയില്‍ നല്‍കിയ അപേക്ഷയെ യു.എസ് പ്രോസിക്യൂട്ടര്‍ എതിര്‍ത്തു. ഇതാണ് ഇന്ത്യയെ കൂടുതല്‍ പ്രകോപിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.