Connect with us

Gulf

എക്‌സ്‌പോ 2020: ഒരുക്കങ്ങള്‍ക്കായി ശൈഖ് മുഹമ്മദ് പ്രത്യേക കമ്മിറ്റി പ്രഖ്യാപിച്ചു

Published

|

Last Updated

ദുബൈ: ലോക വ്യാപരമേളയായ എക്‌സ്‌പോ 2020 യുടെ ഒരുക്കങ്ങള്‍ക്കായി പ്രത്യേക കമ്മിറ്റി പ്രഖ്യാപിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമാണ് കമ്മിറ്റിയെ പ്രഖ്യാപിച്ചത്.

ദുബൈ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും എമിറൈറ്റ്‌സ് എയര്‍ലൈന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂമാണ് എക്‌സ്‌പോ 2020 ഒരുക്കങ്ങള്‍ക്കായി പ്രഖ്യാപിച്ച കമ്മിറ്റിയുടെ ചെയര്‍മാന്‍
വൈസ് ചെയര്‍മാന്‍ ദുബൈ ദീവാന്‍ ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഇബ്രാഹീം അല്‍ ശൈബാനി ആയിരിക്കും. യു എ ഇ മന്ത്രി റീം ഇബ്രാഹീം അല്‍ ഹാശിമി, ദുബൈ പോലീസ് മേധാവി ഖമീസ് മതര്‍ അല്‍ മുസീന, ദുബൈ നഗരസഭ തലവന്‍ ഹുസൈന്‍ നാസര്‍ ലൂത്ത, ആര്‍ ടി എ തലവന്‍ മതര്‍ മുഹമ്മദ് അല്‍ തായര്‍, ദുബൈ ഏവിയേഷന്‍ സിറ്റി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഖലീഫ സുഹൈല്‍ അല്‍ സഫീന്‍, ദുബൈ ടൂറിസം ആന്റ് കമേഴ്‌സ്യല്‍ മാര്‍ക്കറ്റിംഗ് തലവന്‍ ഹിലാല്‍ സഈദ് അല്‍ മുറീ തുടങ്ങിയ പ്രമുഖരടുങ്ങുന്നതാണ് കമ്മിറ്റി. എക്‌സ്‌പോ 2020 വിജയകരമായി നടത്താന്‍ ആവശ്യമായ മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും ആലോചിച്ചു നടപ്പാക്കേണ്ടത് ഈ കമ്മിറ്റിയാണ്. വ്യാപര മേളയുടെ സാങ്കേതിക സൗകര്യങ്ങള്‍, സുരക്ഷാ കാര്യങ്ങള്‍ തുടങ്ങിയ മുഴുവന്‍ ചുമതലകളും ഈ കമ്മിറ്റിക്കായിരിക്കും.
വ്യാപാര മേളയോടനുബന്ധിച്ച് നടത്തേണ്ട പരിപാടികളെക്കുറിച്ച് ആലോചിക്കേണ്ടതും നടപ്പാക്കേണ്ടതും കമ്മിറ്റിയുടെ പരിധിയിലായിരിക്കും. വിജയകരമായ നടത്തിപ്പിനായി ദുബൈയിലും പുറത്തുമുള്ള സര്‍ക്കാര്‍- സര്‍ക്കാരിതര അതോറിറ്റിയുമായും ഈ കമ്മിറ്റിക്ക് ബന്ധപ്പെടാവുന്നതാണ്. കമ്മിറ്റി രൂപീകരണം തീരുമാനത്തില്‍ ഒപ്പു വെച്ചു ശൈഖ് മുഹമ്മദ് പറഞ്ഞു.

Latest