എ എ പി ഓഫീസ് ആക്രമണം: ഒരാള്‍ അറസ്റ്റില്‍

Posted on: January 8, 2014 5:06 pm | Last updated: January 9, 2014 at 7:00 am

aapattack_rupashree5ഗാസിയാബാദ്: ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഗാസിയാബാദ് പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഹിന്ദു രക്ഷാ ദള്‍ എന്ന സംഘടനയുടെ ദേശീയ കണ്‍വീനര്‍ പിങ്കി ചൗധരിയാണ് അറസ്റ്റിലായത്. ഒരാളെ കസ്റ്റഡിയിലെടുത്തു. ആക്രമത്തില്‍ പങ്കെടുത്ത മറ്റുള്ളവരെ കണ്ടെത്താന്‍ എ എ പി ഓഫീസിന് മുമ്പില്‍ സ്ഥാപിച്ച സി സി ടി വി പരിശോധിച്ചുവരികയാണെന്ന് പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് റാവ് വിജയ് സിംഗ് അറിയിച്ചു.

എ എ പിയുടെ കൗഷമ്പിയിലെ ഓഫീസാണ് ആക്രമിക്കപ്പെട്ടത്. 35ലേറെ ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ ഇരച്ചെത്തിയായിരുന്നു അക്രമം അഴിച്ചുവിട്ടത്. ഓഫീസിലെ ഗ്ലാസ് ഡോര്‍, പാര്‍ട്ടിയുടെ പോസ്റ്ററുകള്‍ എന്നിവ ഇവര്‍ നശിപ്പിച്ചു. കശ്മീരില്‍ ഹിതപരിശോധന നടത്തണമെന്ന പ്രശാന്ത് ഭൂഷണും ബട്‌ല ഹൗസ് ആക്രമണത്തെക്കുറിച്ച് കെജ്‌രിവാളും നടത്തിയ പരാമര്‍ശമാണ് പ്രവര്‍ത്തകരെ ചൊടിപ്പിച്ചതെന്ന് അറസ്റ്റിലായ പിങ്കി ചൗധരി പോലീസിനോട് പറഞ്ഞു.