Connect with us

Wayanad

മരം മുറിച്ച് കടത്താന്‍ ശ്രമം: നാട്ടുകാര്‍ തടഞ്ഞു

Published

|

Last Updated

മാനന്തവാടി: ആദിവാസികള്‍ക്ക് പതിച്ച് നല്‍കിയ ഭൂമിയില്‍ നിന്നും മരം മുറച്ച് കൊണ്ടു പോകാനുള്ള ശ്രമം നാട്ടുകാര്‍ ഇടപെട്ടതിനെതുടര്‍ന്ന് തടഞ്ഞു. മാനന്തവാടി കല്ല്യോട്ടു കുന്നില്‍ വനം വകുപ്പില്‍ നിന്നും റവന്യൂ വകുപ്പ് ഏറ്റെടുത്ത് ആദിവാസികള്‍ക്ക് പതിച്ചു നല്‍കിയ ഭൂമിയില്‍ നിന്നാണ് മരം മുറിച്ച് കടത്താന്‍ ശ്രമിച്ചത്.
സര്‍വ്വേ നമ്പര്‍ 182/2 എ യില്‍ ഉള്‍പ്പെട്ട 54 സെന്റ് സ്ഥലം ചെറുകാട്ടൂര്‍ പുലമൂല താഴെ വീട്ടില്‍ കുംമ്പക്കും മക്കള്‍ക്കും, 10 സെന്റ് സ്ഥലം പുലമൂല ചന്ദ്രമതിക്കുമാണ് പതിച്ച് നല്‍കിയത്.ഇവിടെ വീട് നിര്‍മ്മിക്കുന്നതിന് വേണ്ടി മരം മുറിച്ച് നീക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഈ കുടുംബങ്ങള്‍ 2013 നവംബറില്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിന്‍ മേല്‍ തീരുമാനമാകുന്നതിന് മുമ്പാണ് മരങ്ങള്‍ മുറിച്ച് കടത്താന്‍ ശ്രമം നടന്നത്. നാല് പടുകൂറ്റന്‍ മരങ്ങളാണ് മുറിച്ച് മാറ്റിയത്. വിപണിയില്‍ ഈ മരങ്ങള്‍ക്ക് ഏകദേശം 50000 രൂപയോളം വില വരും. സംശയം തോന്നിയ നാട്ടുകാര്‍ വനം വകുപ്പില്‍ വിവരം അറിയിക്കുകയായിരുന്നു.
എന്നാല്‍ ഇത്തരത്തില്‍ സമീപത്തെ പല ഭൂമികളിലും മരം മുറിക്കുന്നതിനായി ഈ സംഘം ശ്രമം നടത്തിയതായി നാട്ടുകാര്‍ പറഞ്ഞു. ആദിവാസി ഭൂമികളില്‍ നിന്ന് മരം മുറിച്ച് കടത്താന്‍ വന്‍ ലോബികള്‍ പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ട്. റവന്യൂ- ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ചില ഉദ്യോഗസ്ഥന്‍മാര്‍ ഈ ലോബിയുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.

Latest