അറബിക്കല്ല്യാണം: കലക്ടറോട് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി

Posted on: January 8, 2014 11:04 am | Last updated: January 8, 2014 at 11:04 am

കോഴിക്കോട്: കുറ്റിച്ചിറ സിയസ്‌കോ യത്തീംഖാന കേന്ദ്രീകരിച്ച് നടന്ന വിവാദ അറബിക്കല്ല്യാണ വിഷയത്തില്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് ജില്ലാ കലക്ടര്‍ സി എ ലതയോട് മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി.
ജസ്റ്റിസ് ജെ ബി കോശിയുടെ ഉത്തരവിനെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസര്‍ എസ് ശ്രീജിത്താണ് വിശദീകരണം തേടിയത്. നിയമപരമായി സാധുത ഇല്ലാത്ത വിവാഹം നടന്നതില്‍ ജില്ലാ ഭരണാധികാരിയായ കലക്ടര്‍ എന്ത് നടപടി സ്വീകരിച്ചുവെന്നാണ് നോട്ടീസില്‍ കമ്മീഷന്‍ ചോദിച്ചിരിക്കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കുറ്റിച്ചിറയിലെ സിയസ്‌കോയുടെ ഓഫീസില്‍ നേരിട്ടെത്തി നിലവിലുള്ള ഭാരവാഹികളില്‍ നിന്ന് ശ്രീജിത് മൊഴിയെടുത്തു. കൂടാതെ സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജ്ജന്‍ കുമാര്‍, ടൗണ്‍ പോലീസ് എന്നിവിടങ്ങളില്‍ നിന്ന് നടപടി ക്രമത്തിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനും നോട്ടീസ് നല്‍കിയിട്ടുണ്ട്.