ലീ ക്യാപിറ്റല്‍ തട്ടിപ്പ് കേസ്: പോലീസിന്റെ അനാസ്ഥക്കെതിരെ ആഭ്യന്തര മന്ത്രി ഇടപെടണം- ആക്ഷന്‍ കൗണ്‍സില്‍

Posted on: January 8, 2014 10:03 am | Last updated: January 8, 2014 at 11:03 am

കോഴിക്കോട്: അറുനൂറ് കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ലീ ക്യാപിറ്റല്‍ കമ്പനിക്കെതിരെ നടക്കുന്ന കേസുകള്‍ അന്വേഷിക്കുന്നതില്‍ പോലീസ് തുടരുന്ന അനാസ്ഥക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇടപെടണമെന്ന് ലീ ക്യാപിറ്റല്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ മൂവായിരം ആളുകളില്‍ നിന്നാണ് സെബി ലൈസന്‍സുള്ള കമ്പനിയെന്ന നിലയില്‍ ലീ ക്യാപിറ്റല്‍ പണം പിരിച്ച് തട്ടിപ്പ് നടത്തിയത്. കമ്പനിക്കെതിരായ കേസ് സെബിക്കും സി ബി ഐക്കും കൈമാറണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കടം കടക്കെണി പീഡിത സംഘടനയുമായിച്ചേര്‍ന്ന് ലീ ക്യാപ്പിറ്റല്‍ ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുകയാണ്. ഹരജിയില്‍ പരാമര്‍ശിച്ച 18പേര്‍ക്ക് കോടതി നോട്ടീസ് അയച്ച് വിശദീകരണം തേടി. സെബി, സി ബി ഐ കൊച്ചി യൂനിറ്റ്, ജില്ലാ ക്രൈംബ്രാഞ്ച്, ജില്ലാ സിറ്റി പൊലീസ് കമീഷ്ണര്‍, കസബ സി ഐ- എസ് ഐ, കേസിലെ പ്രതികള്‍ തുടങ്ങിയവരോടാണ് ഹൈക്കോടതി വിശദീകരണം ചോദിച്ചത്.
ലീ ക്യാപിറ്റല്‍ തട്ടിപ്പ് കേസില്‍ പ്രതികളായവരെ ശിക്ഷാ നടപടിയില്‍ നിന്ന് ഒഴിവാക്കിയ സാഹചര്യങ്ങള്‍ ദുരൂഹമാണ്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ എത്തിക്കുന്നതിനും നിക്ഷേപത്തുക തിരിച്ചുകിട്ടുന്നതിനുമായുള്ള നിയമസഹായം തേടി ആക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന കടം കടക്കെണി പീഡിതര്‍ സംഘടനയെ സമീപിച്ചു.
ലീ ക്യാപ്പിറ്റല്‍ തട്ടിപ്പില്‍ മലബാറില്‍ നിന്ന് മാത്രം ആയിരത്തി അഞ്ഞൂറോളം പേരും ലീ ക്യാപ്പിറ്റല്‍ എം ഡി സന്തോഷ്‌കുമാറിന്റെ നാടായ കാല്ലത്ത് നിന്ന് അഞ്ഞൂറോളം പേരും തിരുവനന്തപുരത്ത് നിന്ന് ആയിരത്തോളം പേരും ഇരകളായെന്നാണ് കണക്ക്.
ജില്ലയിലെ ആയിരത്തോളം പേര്‍ക്ക് 29 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ഭയവും അഭിമാനപ്രശ്‌നവും കാരണം പലരും പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. തട്ടിപ്പിനിരയായവര്‍ നിയമ നടപടികളുമായി പങ്കുചേരാന്‍ കടം കടക്കെണി പീഡിത സംഘടന, സംസ്ഥാന കമ്മിറ്റി, എ ടി ബില്‍ഡിംഗ്, കൊടിനാട്ടുമുക്ക്, ഒളവണ്ണ, കോഴിക്കോട് 673019′ എന്ന വിലാസത്തില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ലീ ക്യാപ്പിറ്റല്‍ പോലുള്ള നിക്ഷേപ തട്ടിപ്പുകള്‍ സംസ്ഥാനത്ത് തഴച്ച് വളരാതിരിക്കാനും കേസിന് ഒത്താശ ചെയ്യുന്ന ഒരു വിഭാഗം പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാനും ആഭ്യന്തരമന്ത്രി തയ്യാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.