Connect with us

Kozhikode

അറവുശാലകളുടെ പട്ടിക തയ്യാറാക്കും; ഗുണ നിലവാരമില്ലെങ്കില്‍ നടപടി

Published

|

Last Updated

കോഴിക്കോട്: ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അറവുശാലകളുടെയും മാംസ വിപണന കേന്ദ്രങ്ങളുടെയും വിശദമായ പട്ടിക തയ്യാറാക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ഇതു സംബന്ധിച്ച ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുള്ള ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റിയില്‍ ധാരണ.
സുപ്രീം കോടതിയുടെ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ചുള്ള മാംസ സംസ്‌കരണ സംവിധാനങ്ങളാണുള്ളതെന്ന് ഉറപ്പാക്കുന്നതിനും നടപടിയുണ്ടാകും. കശാപ്പ് ചെയ്യുന്ന ജന്തുക്കളെ ക്രൂരമായ രീതികള്‍ക്കു പകരം പ്രത്യേകതരം പിസ്റ്റള്‍ (കാപ്ടീവ് ബോള്‍ട്ട് പിസ്റ്റള്‍) ഉപയോഗിച്ച് വെടിവെച്ച് കൊല്ലുന്ന രീതിയുണ്ടാകണം. പൊതുസ്ഥലം മലിനപ്പെടുത്തുന്ന തരത്തിലോ പരിസ്ഥിതിക്ക് ഹാനികരമായ വിധത്തിലോ അറവ് ശാലകളില്‍ നിന്നുള്ള മാലിന്യം നിക്ഷേപിച്ചാല്‍ നിയമ നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ സി എ ലത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ജില്ലയില്‍ നിലവില്‍ 138 അറവുശാലകളും 40 മാംസ വിപണന കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ ചന്ദ്രപ്രസാദ് പറഞ്ഞു. പ്രതിദിനം ഇരുപതിനായിരത്തിലധികം പക്ഷികളെയും 160 മൃഗങ്ങളെയും മാംസത്തിനായി കശാപ്പ് ചെയ്യുന്നുണ്ട്. ഇവയില്‍ നിന്നുള്ള 20 ടണ്ണിലധികമുള്ള മാലിന്യം പാരിസ്ഥിതിക- ആരോഗ്യ ദോഷഫലങ്ങളില്ലാതെ നിര്‍മാര്‍ജ്ജനം ചെയ്യുകയെന്നത് കനത്ത വെല്ലുവിളിയാണ്. ബ്ലോക്ക് തലത്തില്‍ ഗ്രാമ പഞ്ചായത്തുകളുടെ കൂടി സാമ്പത്തിക സഹകരണത്തോടെ മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനായാല്‍ ഇക്കാര്യത്തില്‍ ഒരു പരിധിവരെ മാറ്റമുണ്ടാകുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പറഞ്ഞു.
നിയമപരമായ രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കി മാംസ സംസ്‌കരണശാലകളുടെ ഗുണനിലവാരം ഉറപ്പാക്കാനും യോഗം തീരുമാനിച്ചു. ക്രൈം റിക്കോര്‍ഡ്‌സ് ബ്യൂറോ ഡി വൈ എസ് പി സി ഡി ശീനിവാസന്‍, ഫുഡ്‌സേഫ്റ്റി ഓഫീസര്‍ പി കെ ഏലിയാമ്മ പങ്കെടുത്തു.