Connect with us

Thrissur

കിലയില്‍ ഇ- പഞ്ചായത്ത് ശില്‍പ്പശാല തുടങ്ങി

Published

|

Last Updated

മുളംകുന്നത്തുകാവ്: സംസ്ഥാനങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഇലക്‌ട്രോണിക് ഭരണ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള നാല് ദിവസത്തെ ഇ- പഞ്ചായത്ത് മേഖലാ ശില്‍പ്പശാല കിലയില്‍ തുടങ്ങി. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയവും കിലയും സംയുക്തമായാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.
കില ഡയറക്ടര്‍ ഡോ. പി പി ബാലന്‍ അധ്യക്ഷത വഹിച്ചു. നാഷനല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ (എന്‍ ഐ സി) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡി സി മിശ്രയുടെ ആമുഖ പ്രഭാഷണത്തോടെയാണ് ശില്‍പ്പശാല ആരംഭിച്ചത്. 2012 ല്‍ ഇ-പഞ്ചായത്ത് പരിപാടി ആരംഭിച്ച കാലത്ത് 135 ഗ്രാമപഞ്ചായത്തുകളില്‍ നടത്തിയ പഠനത്തെ തുടര്‍ന്നാണ് പഞ്ചായത്തകള്‍ക്കാവശ്യമായ സോഫ്റ്റ് വെയറുകള്‍ വികസിപ്പിച്ചെടുത്തതെന്ന് മിശ്ര പറഞ്ഞു. അക്കൗണ്ടിംഗ്, പ്ലാനിംഗ്, പരിശീലനം എന്നിവയുമായി ബന്ധപ്പെട്ട് 10 സോഫ്റ്റ് വെയറുകളാണ് എന്‍ ഐ സി വികസിപ്പിച്ചെടുത്തത്. പഞ്ചായത്തുകള്‍ക്കു മാത്രമല്ല നഗരസഭകള്‍ക്കും വിവിധ വകുപ്പുകള്‍കും കൂടി ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇവ തയ്യാറാക്കിയിട്ടുള്ളത്. ഇവയെല്ലാം സൗജന്യമായി ലഭിക്കുമെന്നതും ഏതു ഭാഷയിലേക്കും മാറ്റാമെന്നതും ഇതിന്റെ പ്രത്യേകതയാണ്.
കേരളത്തിനു പുറമെ ആന്ധ്രാപ്രദേശ്, ഗോവ, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേയും ഡിയു ദാമന്‍, ദാദ്ര നാഗര്‍ ഹവേലി, പോണ്ടിച്ചേരി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും പഞ്ചായത്ത് രാജ്-തദ്ദേശഭരണവകുപ്പിലെ ഉദ്യോഗസ്ഥരും, നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്ക് സെന്റര്‍, ദേശീയഗ്രാമവികസന ഇന്‍സ്റ്റിറ്റിയൂട്ട്, സംസ്ഥാനങ്ങളിലെ ഗ്രാമവികസന ഇന്‍സ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരുമാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നത്. എന്‍ ഐ സി സീനിയര്‍ ടെക്‌നിക്കല്‍ ഡയറക്ടര്‍ രമാഹരിഹരന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജുനകൈലേ, കേന്ദ്രപഞ്ചായത്ത് രാജ് വകുപ്പു അസി. ഡയറക്ടര്‍ മനോജ് കുമാര്‍, കണ്‍സല്‍ട്ടന്റെ് അനൂപ് അരവിന്ദ് തുടങ്ങിയവരാണ് ശില്‍പ്പശാലക്ക് നേതൃത്വം നല്‍കുന്നത്.

 

---- facebook comment plugin here -----

Latest