സംസ്ഥാന പ്ലീനത്തിലെടുത്ത തീരുമാനം പാലക്കാട്ട് നടപ്പിലാക്കി തുടങ്ങി

Posted on: January 8, 2014 10:58 am | Last updated: January 8, 2014 at 10:58 am

പാലക്കാട്:പാര്‍ട്ടിയിലെ വിഭാഗീയതയും അഴിമതിയും തടയാന്‍ സംസ്ഥാന പ്ലീനത്തിലെടുത്ത തീരുമാനം പാലക്കാട്ട് നടപ്പിലാക്കി തുടങ്ങി. കഴിഞ്ഞ രണ്ടുദിവസത്തിനുള്ളില്‍ മാത്രം അഞ്ചു പാര്ട്ടി ഭാരവാഹികള്‍ക്കെതിരെയാണ് സി പി എം നടപടി സ്വീകരിച്ചത്. എന്നാല്‍ നടപടികള്‍ ഏകപക്ഷീയമാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ശുദ്ധീകരണത്തിന്റെ ഭാഗമായി ഭൂമാഫിയയുമായി ബന്ധമുണ്ടെന്നാരോപിച്ച് വടക്കഞ്ചേരി, കൊല്ലങ്കോട്, പുതുശ്ശേരി എന്നിവിടങ്ങളിലെ അഞ്ചുപേര്‍ക്കെതിരെ നടപടിയെടുക്കുകയും വിഭാഗീയതയുടെ പേരില്‍ പുതുശ്ശേരി ഏരിയാ കമ്മറ്റിയംഗത്തെ തരം താഴ്ത്തുകയും ചെയ്തു. ഭൂമാഫിയയുമായി ബന്ധമുണ്ടെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് വടക്കഞ്ചേരി ഏരിയാകമ്മറ്റിയ്ക്ക് കീഴിലുള്ള മുടപ്പല്ലൂര്‍ ലോക്കല്‍ കമ്മറ്റിയംഗങ്ങളായ എം മാഹനന്‍, ഇബ്രാഹിം എന്നിവരെ സസ്‌പെന്റ് ചെയ്തത്. വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് വി എസ് പക്ഷക്കാരനായ ഏരിയാക്കമ്മറ്റിയംഗം പി സി ശിവശങ്കരനെ ലോക്കല്‍ കമ്മറ്റിയിലേക്ക് തരം താഴ്ത്തി. റിയല്‍ എസ്‌റ്റേറ്റ് ബന്ധം ആരോപിച്ചാണ് കൊടുവായൂര്‍ ലോക്കല്‍ കമ്മറ്റി ജി കൃഷ്ണപ്രസാദ്, സി കെ മോഹന്‍ദാസ് എന്നിവര്‍ക്കെതിരെ നടപടിയെടുത്തത്. ഇവരെ ബ്രാഞ്ചിലേക്കാണ് തരം താഴ്ത്തിയത്. നടപടി ഏകപക്ഷീയമാണെന്ന് ആരോപണണം ഉയര്‍ന്നതോടെ കമ്മറ്റികളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ല. വേണ്ടത്ര തെളിവില്ലാതെ തങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചാല്‍ അംഗീകരിക്കില്ലെന്നാണ് ഇവരുടെ നിലപാട്.ഔദ്യോഗികപക്ഷത്തിന് പൂര്‍ണനിയന്ത്രണമുള്ള മൂന്നംഗ സമിതിയാണ് ഭൂമിയിടപാട് സംബന്ധിച്ച പാര്‍ട്ടി അംഗങ്ങളുടെ ബന്ധം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുന്നത്. പി വി രാമകൃഷ്ണനാണ് അച്ചടക്കസമിതിക്ക് നേതൃത്വം നല്‍കുന്നത്.