Connect with us

Malappuram

മണല്‍ കടത്തുകാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; നാല് പേര്‍ അറസ്റ്റില്‍

Published

|

Last Updated

പെരിന്തല്‍മണ്ണ: ഏലംകുളം പുഴക്കടവില്‍ മണലെടുക്കുന്നതുമായി ബന്ധപ്പെട്ട് അനധികൃത മണല്‍കടത്തുകാരും സമീപവാസികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ നാല് പേരെ പെരിന്തല്‍മണ്ണ സി ഐ ജലീല്‍ തോട്ടത്തില്‍, എസ് ഐ ഗിരീഷ്‌കുമാര്‍ എന്നിവര്‍ അറസ്റ്റ് ചെയ്തു.
പൂമംഗലത്ത് പത്മരാജ് (32), വാസുദേവന്റെ മകന്‍ പ്രസാദ് (28), മാക്കുവിന്റെ മകന്‍ ഉണ്ണികൃഷ്ണന്‍ (40), ശങ്കരന്റെ മകന്‍ ജയചന്ദ്രന്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ പോലീസ് കഴിഞ്ഞ ദിവസം പാലൂര്‍ പുലാമന്തോള്‍ ഭാഗങ്ങളില്‍ അനധികൃതമായി മണലെടുത്തിരുന്ന 13 തോണികള്‍ പിടികൂടി നശിപ്പിച്ചിരുന്നു.
ആ ഭാഗങ്ങളില്‍ മണല്‍ ലഭിക്കാത്തതു മൂലം ഏലംകുളം പുഴക്കടവിലേക്ക് മണലെടുക്കാനായി ശ്രമിച്ചതിലാണ് നാട്ടുകാരും മണല്‍കടത്തുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
മണല്‍കടത്തിനെതിരെ തുടര്‍ന്നും ശക്തമായ നടപടിയുണ്ടാകുമെന്ന് സി ഐ ജലീല്‍ തോട്ടത്തില്‍ അറിയിച്ചു. മണല്‍കടത്തിനെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ യോഗം ചേരുകയും അനധികൃത മണല്‍കടത്ത് ഏതു വിധേനയും തടയാനുള്ള തീരുമാനമെടുക്കുകയുമായിരുന്നു.
എല്ലാ ഭാഗങ്ങളിലെ നാട്ടുകാരും ഇത്തരത്തില്‍ നടപടി സ്വീകരിക്കാന്‍ മുന്നോട്ടു വരണമെന്നും സി ഐ അറിയിച്ചു.