പോരൂര്‍ പഞ്ചായത്തില്‍ ട്രാക്ടര്‍ തുരുമ്പെടുത്ത് നശിക്കുന്നു

Posted on: January 8, 2014 8:49 am | Last updated: January 8, 2014 at 10:49 am

വണ്ടൂര്‍: പോരൂര്‍ പഞ്ചായത്തിന് മുമ്പില്‍ ട്രാക്ടര്‍ തുരുമ്പെടുക്കാന്‍ തുടങ്ങിയിട്ട് അഞ്ചു വര്‍ഷം. വര്‍ഷങ്ങള്‍ പഴക്കമുള്ള ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊന്നിനും പരിഹാരമില്ല. പൂര്‍ണ്ണമായും തുരുമ്പെടുക്കും മുമ്പ് ഇനി ലേലം വിളിക്കുമോ എന്ന് മാത്രമാണ് അറിയാനുള്ളത്.
പഞ്ചായത്തില്‍ ചുരുക്കം ചിലരാണ് ഇപ്പോഴും കൃഷി ചെയ്യുന്നത്. എന്നാല്‍ വയലുകള്‍ ഉഴുതുമറിക്കാന്‍ ട്രാക്ടറില്ലാത്തതിനാല്‍ കര്‍ഷകര്‍ വലയുകയാണ്. അതെസമയം നെല്ല് കര്‍ഷകരെ സഹായിക്കാനായി പോരൂര്‍ പഞ്ചായത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് വാങ്ങിയ ട്രാക്ടര്‍ പഞ്ചായത്ത് ഓഫീസിന്റെ മുന്‍വശം കട്ടപ്പുറത്ത് കിടപ്പാണ്.
നാല് വര്‍ഷത്തിലേറെയായി പഞ്ചായത്ത് ഓഫീസിന്റെ മുമ്പില്‍ തുരുമ്പുപിടിച്ചു കൊണ്ടിരിക്കുകയാണ് ഈ ട്രാക്ടര്‍. പഞ്ചായത്തിലെ ഓഫീസിലെയും പരിസരങ്ങളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങളുള്‍പ്പടെയുള്ളവ നിക്ഷേപിക്കാനാണ് ഇപ്പോള്‍ ഇത് ഉപയോഗിക്കുന്നത്.
ആദ്യകാലങ്ങളില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കിലും പിന്നീട് തകരാര്‍ സംഭവിച്ചതോടെ പ്രവര്‍ത്തനം നിലക്കുകയായിരുന്നു. വരവിനേക്കാള്‍ ട്രാക്ടറിന്റെ അറ്റകുറ്റപണികള്‍ക്ക് തുക ചെലവായതോടെയാണ് ട്രാക്ടര്‍ കട്ടപ്പുറത്തേറിയത്.
തല്‍ഫലമായി സ്വകാര്യ വ്യക്തികളുടെ ട്രാക്ടറുകളാണ് കര്‍ഷകര്‍ ഉപയോഗിക്കുന്നത്. എന്നാല്‍ മണിക്കൂറിന് 600 മുതല്‍ 800 രൂപവരെയാണ് സ്വകാര്യ വ്യക്തികള്‍ പ്രവര്‍ത്തികള്‍ക്ക് വാങ്ങുന്നത്. ഇത് പലപ്പോഴും നെല്ല് കൃഷിയുടെ ഉത്പാദന ചെലവ് വര്‍ധിക്കാന്‍ കാരണമാകുകയാണെന്ന് കര്‍ഷകര്‍ പറയുന്നു. പഞ്ചായത്തില്‍ ട്രാക്ടറുള്ള വ്യക്തികള്‍ കുറവായതിനാല്‍ സ്വകാര്യ ട്രാക്ടറുകളും നിലം ഉഴുതുമറിക്കാന്‍ ലഭിക്കാത്ത സ്ഥിതിയാണിപ്പോള്‍.