Connect with us

Malappuram

പന്തുരുളുന്നത് കാണാന്‍ കാണികള്‍ ഒഴുകും

Published

|

Last Updated

മഞ്ചേരി: സ്റ്റേഡിയത്തിലേക്കുള്ള ഗതാഗതം, വിശിഷ്ടാതിഥികളുടെയും ടീമുകളുടെയും സുരക്ഷ എന്നിവ വിലയിരുത്താനുള്ള യോഗം ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്നു. ജില്ലാകലക്ടര്‍, ജില്ലാ പോലീസ് മേധാവി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികള്‍, വിവിധ സബ്കമ്മിറ്റി കണ്‍വീനര്‍മാര്‍ പങ്കെടുത്തു.
മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് കാണികളുടെ ഭാഗത്തു നിന്നുള്ള പിന്തുണയും പ്രോത്സാഹനവും എത്ര മാത്രമായിരിക്കുമെന്ന ആകാംക്ഷ വിവരണാതീതമാണ്. ഉദ്ഘാടന ദിവസം സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു ടച്ച് ലൈനില്‍ കാണികള്‍ നിലയുറപ്പിക്കുന്ന പ്രവണതയാണ് അനുഭവങ്ങള്‍. 2005ല്‍ നടന്ന ദേശീയ ലീഗില്‍ കാണികളുടെ അനിയന്ത്രിതമായ പ്രവാഹം കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയം അനുഭവിച്ചറിഞ്ഞതാണ്.
എസ് ബി ടി തിരുവനന്തപുരത്തിന്റെ ഹോം മാച്ചിന് അര ലക്ഷം കാണികളെത്തിയിരുന്നു. കോഴിക്കോട് നടന്ന സേട്ട് നാഗ്ജി ട്രോഫിയിലും തൃശൂര്‍, കണ്ണൂര്‍ ഫെഡറേഷന്‍ കപ്പിലും മലപ്പുറത്ത് നിന്ന് ഒഴുകിയെത്തിയ ആയിരക്കണക്കിന് കാണികളുടെ സാന്നിധ്യവും പങ്കാളിത്തവും സംഘാടകരെ ഞെട്ടിച്ചിരുന്നു. ബി, ഡി ഗ്രൂപ്പിലെ മത്സരങ്ങളാണ് മഞ്ചേരി സ്റ്റേഡിയത്തില്‍ നടക്കുക.
സ്‌പോര്‍ട്ടിംഗ് ക്ലബ്ബ് ഗോവ, ബാംഗ്ലൂര്‍ എഫ് സി, ഈസ്റ്റ്ബംഗാള്‍, രഞ്ജിത് എഫ് സി, ഡെംപോ ഗോവ, മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ്, ഭവാനിപൂര്‍ എഫ് സി, യുണൈറ്റഡ് സിക്കിം ടീമുകളാണ് മഞ്ചേരി സ്റ്റേഡിയത്തില്‍ കാല്‍പന്ത് തട്ടികളിക്കാനെത്തുന്നത്. ഐ ലീഗില്‍ മുന്നില്‍ നില്‍ക്കുന്ന സുനില്‍ ഛേത്രിയുടെ ബാംഗ്ലൂര്‍ എഫ് സിയെ പോലുള്ള പ്രമുഖ ടീമുകളുടെ മിന്നല്‍പിണര്‍ പോലുള്ള മാസ്മരിക കളി കാണാന്‍ കളികമ്പക്കാര്‍ ഒഴുകിയെത്തുമെന്നതില്‍ സംശയമില്ല.
ഇനി ആറ് നാള്‍
മഞ്ചേരി: ഫെഡറേഷന്‍ കപ്പിന്റെ പന്തുരുളാന്‍ ഇനി ആറ് ദിവസം മാത്രം. ഫുട്‌ബോളിനെ നെഞ്ചേറ്റുന്ന മഞ്ചേരിയില്‍ ഇദംപ്രഥമായി വിരുന്നെത്തുന്ന ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്ന സ്റ്റേഡിയം പൂര്‍ണ സജ്ജമാകാന്‍ ഇനി ഏതാനും നാളുകള്‍മാത്രം. സ്റ്റേഡിയത്തില്‍ ഫഌഡ്‌ലൈറ്റ് സ്ഥാപിക്കാനുള്ള ടവറുകള്‍ ഉയര്‍ന്നു തുടങ്ങി.
വേദിയിലും വി ഐ പി ലോഞ്ചിലും ആവശ്യമായ കസേരകള്‍ എത്തിതുടങ്ങി. കണ്ണൂരില്‍ നിന്നെത്തിയ വിദഗ്ധ സംഘമാണ് ആറ് ടവറുകള്‍ സ്ഥാപിക്കുന്നത്. പത്തിന് ടവറുകള്‍ പൂര്‍ത്തിയാകും.
11ന് ഫഌഡ്‌ലിറ്റ് പ്രകാശം പരത്തുന്നതിന്റെ ട്രയല്‍ റണ്‍ നടക്കും. വേദിയില്‍ 60 വി ഐ പി ചെയറുകളാണ് വിശിഷ്ടാതിഥികളെ കാത്ത് വിന്യസിച്ചത്. വേദിക്ക് സമീപം ടീം ഒഫീഷ്യല്‍സ്, മാനേജര്‍മാര്‍, കോച്ചുമാര്‍ എന്നിവര്‍ക്കായി വി ഐ പി ലോഞ്ചും പണിയുന്നുണ്ട്.
കൊല്‍ക്കത്ത ടീമുകള്‍ 11ന് എത്തും
മഞ്ചേരി: ഇന്ത്യയുടെ എക്കാലത്തെയും ഫുട്‌ബോള്‍ താരരാജാക്കന്‍മാരായ കൊല്‍ക്കത്തന്‍ ടീമുകള്‍ 11ന് ഉച്ചക്ക് രണ്ടിന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തും. കൊല്‍ക്കത്തന്‍ ക്ലബ്ബായ ഭവാനി പൂര്‍ എഫ് സി തുടക്കക്കാരാണെങ്കിലും ബ്രസീലിയന്‍ ശൈലിയില്‍ സ്റ്റേഡിയത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച വെക്കും.
നൈജീരിയന്‍ താരം ഡാനിയേല്‍ ബ്രസീല്‍ സ്റ്റോപ്പര്‍ അലക്‌സ്, ഫ്രാന്‍സിസ് തുടങ്ങിയ വിദേശതാരങ്ങള്‍ക്കൊപ്പം മലയാളികള്‍ക്ക് പ്രിയങ്കരനായ നൗഷാദ് ബാപ്പുവും ടീമിലെ ശ്രദ്ധേയ താരമാണ്.
മോഹന്‍ ബഗാന് വേണ്ടി ഒന്‍പതു വര്‍ഷം ജഴ്‌സിയണിഞ്ഞ ബ്രസീലിയന്‍ താരം ബരറ്റോയാണ് ടീമിന്റെ ഭാഗ്യതാരം. ബ്രസീലിയന്‍ കോച്ച് ജൂയിലാനോയുടെ തന്ത്രങ്ങളാണ് ഭവാനിപൂര്‍ എഫ് സി മഞ്ചേരി സ്റ്റേഡിയത്തില്‍ പയറ്റുക.
മുഹമ്മദിന്‍സ് ടീമില്‍ കളിച്ച കോഴിക്കോട് അരക്കിണര്‍ സ്വദേശി നൗഷാദ് ബാപ്പു വിവ കേരളക്ക് വേണ്ടിയും ജഴ്‌സിയണിഞ്ഞിട്ടുണ്ട്. 11ന് രാവിലെ ആറിന് കൊല്‍ക്കത്തയില്‍ നിന്ന് പുറപ്പെടുന്ന ടീം ഉച്ചക്ക് രണ്ടിന് കരിപ്പൂരിലെത്തും.
കോച്ചും മാനേജറും ടീമംഗങ്ങള്‍ക്കൊപ്പമുണ്ട്. 14ന് നടക്കുന്ന കിക്കോഫില്‍ ഡെംപോ ഗോവയുമായും 17ന് മുഹമ്മദന്‍സ് കൊല്‍ക്കത്തയുമായും 20ന് സിക്കിം യുണൈറ്റഡുമായുമാണ് ഭവാനിപൂര്‍ എഫ് സി മാറ്റുരക്കുന്നത്. മറ്റു കൊല്‍ക്കത്തന്‍ ടീമുകളും 11ന് മലപ്പുറത്തെത്തുമെന്നാണ് ഒടുവില്‍ കിട്ടിയ വിവരം. വമ്പന്മാരെ വിറപ്പിക്കാനുള്ള സര്‍വതന്ത്രകുതന്ത്രങ്ങളുമായാണ് കൊല്‍ക്കത്ത ടീമുകളുടെ അധിനിവേശം.

 

Latest