Connect with us

Gulf

രാജ്യത്ത് പ്രതിദിനം 13 വിവാഹമോചനങ്ങള്‍ നടക്കുന്നുവെന്ന് പഠനം

Published

|

Last Updated

ദുബൈ: രാജ്യത്ത് പ്രതിദിനം 13 വിവാഹ മോചനങ്ങള്‍ നടക്കുന്നതായി പഠനം. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കോടതികളുമായി സഹകരിച്ച് പ്രമുഖ അറബി പത്രം നടത്തിയ പഠനത്തിലാണ് ഈ കണക്ക് പറയുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തു നടന്ന വിവാഹ മോചന കേസുകളാണ് പഠനവിധേയമാക്കിയത്. മേല്‍കാലയളവില്‍ ഏറ്റവും കൂടുതല്‍ വിവാഹ മോചനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് അജ്മാനിലാണ്. 1,174 കേസുകള്‍. 71 കേസുകളുമായി ഉമ്മുല്‍ ഖുവൈനാണ് ഏറ്റവും പിന്നില്‍.

യുവ ദമ്പതികളില്‍ മാത്രമല്ല, വൃദ്ധ ദമ്പതികളിലും വിവാഹ മോചന സംഭവങ്ങള്‍ ധാരാളം സംഭവിക്കുന്നുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു.
ആധുനിക ജീവിത രീതിയും സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും പുറംലോകവുമായുള്ള പരന്ന ബന്ധങ്ങളും ഒരേ ജീവിത രീതിയില്‍ സ്ഥിരമായി നില്‍ക്കുന്നതും യുവ ദമ്പതികളിലെ വിവാഹ മോചനങ്ങള്‍ക്ക് കാരണമാകുന്നു. എല്ലാത്തിലുപരി കുടുംബത്തിലെ മുതിര്‍ന്നവരുടെ നിരീക്ഷണമില്ലായ്മയും വിവാഹ മോചനങ്ങളിലേക്കെത്തിക്കുന്ന മുഖ്യകാരണമായി പഠനം വെളിപ്പെടുത്തുന്നു.
ആവശ്യമായ ബോധവത്കരണങ്ങളോ ഉപദേശങ്ങളോ ലഭിക്കാതെയാണ് പലരും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. അതുകൊണ്ടു തന്നെ ചെറിയൊരു പ്രശ്‌നമുണ്ടാകുമ്പോള്‍ അത് മറികടക്കാന്‍ കഴിയാതെ ഇത്തരക്കാര്‍ പിരിയുന്നതിനെക്കുറിച്ചാണ് ആദ്യം ചിന്തിക്കുന്നത്. വിവാഹത്തിനു മുമ്പ് തുടര്‍ന്നു പോന്ന ജീവിത രീതി വിവാഹത്തിനു ശേഷവും അതേപടി തുടരാന്‍ പുതിയ തലമുറയില്‍ പലരും ശ്രമിക്കുന്നതും വിവാഹ മോചനങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് പഠനം. സ്മാര്‍ട്ട് ഫോണുകളിലൂടെയും മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും മറ്റും സമയം പാഴാക്കി കളയുന്നവരാണ് പല ദമ്പതികളും. അതിനാല്‍ പരസ്പരം സംസാരിക്കാനോ കാര്യങ്ങള്‍ മനസിലാക്കാനോ സാധിക്കാതെ വരികയും അകല്‍ച്ച കൂടുകയും ചെയ്യുന്നു.
മതപരമായ അറിവില്ലായ്മയും വിവാഹത്തിന്റെയും ദാമ്പത്യ ജീവിതത്തിന്റെയും യഥാര്‍ഥ ലക്ഷ്യങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മയും രാജ്യത്ത് വിവാഹ മോചന കേസുകള്‍ അപകടകരമാംവിധം കൂടിവരാന്‍ കാരണമാക്കുന്നതായും പഠനം വ്യക്തമാക്കുന്നു.

Latest