ഡെറാഡൂണ്‍ എക്‌സ്പ്രസിന് തീപിടിച്ചു; ഒമ്പത്‌ മരണം

Posted on: January 8, 2014 8:03 am | Last updated: January 8, 2014 at 7:27 pm

dehradun_fire2_338x225

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ട്രെയിനിന് തീപിടിച്ച് 9പേര്‍ മരിച്ചു. ബാന്ദ്ര ടെര്‍മിനലില്‍ നിന്നും ഡെറാഡൂണ്‍ സ്‌റ്റേഷനിലേക്ക് പോകുകയായിരുന്ന ഡെറാഡൂണ്‍ എക്‌സ്പ്രസാണ് അപകടത്തില്‍ പെട്ടത്. താനെയിലെ ധനു റെയില്‍വേ സ്‌റ്റേഷനടുത്താണ് അപകടമുണ്ടായത്. ഗേറ്റ്മാന്റെ അവസരോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി.

മൂന്ന് ബോഗികളിലാണ് തീ പടര്‍ന്നത്. ട്രെയിനിലെ സ്ലീപ്പര്‍ കോച്ചുകളാണ് അപകടത്തില്‍ പെട്ടത്.

പുലര്‍ച്ചെ 2.30നായിരുന്നു അപകടം. എസ്3,എസ്4,എസ്5 എന്നീ ബോഗികളിലാണ് തീപടര്‍ന്നത്.

ഒരു സ്ത്രീ ഉള്‍പ്പടെ 9 പേര്‍ മരിച്ചതയാണ് പ്രാഥമിക വിവരം. മരിച്ചവരെല്ലാം തന്നെ ശ്വാസംമുട്ടിയാണ് മരിച്ചത്. പുലര്‍ച്ചെ ആയതിനാല്‍ യാത്രക്കാരല്ലാം ഉറക്കത്തിലായിരുന്നു. അപകടകാരണം വ്യക്തമായിട്ടില്ല. ഷോര്‍ട്ട് സെര്‍ക്യൂട്ടാകാം അപകടത്തിന് പിന്നിലെന്നാണ് യാത്രക്കാരുടെ നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ റെയില്‍വേയുടെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ട്രെയിനിന് തീപ്പിടിക്കുന്നത്. ഡിസംബര്‍ 26ന് ആന്ധ്രയില്‍ ട്രെയിനിന് തീപിടിച്ച് 26 പേര്‍ മരിച്ചിരുന്നു.

ഹെല്‍പ് ലൈന്‍ നമ്പറുകള്‍: 022-23011853, 022-23007388